നെടുമ്പാശ്ശേരി-ലോകമെങ്ങും കോവിഡ്19 രോഗവ്യാപിച്ചതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവരെ ഇന്ത്യയിലേക്കെത്തിക്കുന്ന പദ്ധതിയിൽ ഇതുവരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് പതിനായിരത്തോളം പ്രവാസികൾ. കൂടുതൽ വിമാനങ്ങൾ ഇറങ്ങുവാൻ അനുവാദം ലഭിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ മലയാളികൾ അടക്കമുള്ള പ്രവാസികൾ ചാർട്ടേഡ് വിമാനങ്ങളിലായി എത്തിച്ചേരും. ജൂൺ അഞ്ചു മുതൽ ഈജിപ്തിലെ കയ്‌റോ മുതൽ ഫിലിപ്പൈൻസിലെ സെബു വരെയുള്ള രാജ്യങ്ങളിൽ നിന്ന് പ്രവാസികളുമായി വിമാനങ്ങളെത്തും.
മെയ് ഏഴിനാണ് വന്ദേഭാരത് മിഷന് തുടക്കമായത്. ഈ പദ്ധതിയിൽ ഉൾപ്പെട്ട രാജ്യത്തെ ആദ്യ വിമാനം എത്തിയത് കൊച്ചിയിലാണ്. മെയ് 31 വരെ ഗൾഫ്, യുനൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറേപ്യൻ യൂനിയൻ എന്നിവിടങ്ങളിൽ നിന്ന് 8554 പ്രവാസികളെത്തി. എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ എന്നീ എയർലൈനുകൾ മാത്രം 48 സർവീസുകൾ നടത്തി. ഗൾഫ് രാജ്യങ്ങളെ കൂടാതെ സാൻഫ്രാൻസിസ്‌കോ, കീവ്, യെരെവൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ദൽഹി/ മുംബൈ വിമാനത്താവളങ്ങൾ വഴിയും സർവീസുകൾ എയർ ഇന്ത്യ നടത്തിയിരുന്നു. സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ, മാലി, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ കേരളത്തിലുണ്ടായിരുന്ന അവരുടെ പൗരൻമാരെ മടക്കിക്കൊണ്ടുപോയി. ആയിരത്തോളം പേർ ഇപ്രകാരം കൊച്ചിയിലൂടെ മടങ്ങിപ്പോയി. നൈജീരിയിൽ നിന്ന് 312 പേരുമായി എയർപീസ് വിമാനം കൊച്ചിയിലെത്തി. ഇതിൽ 197 മലയാളികളുണ്ടായിരുന്നു.
ജൂൺ ആദ്യയാഴ്ചയിൽ തന്നെ പുതിയ മേഖലകളിൽ നിന്ന് കൊച്ചിയിൽ വിമാനങ്ങളെത്തും. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂത്തിയിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനം ജൂൺ 5 ന് രാത്രി 7.45 ന് കൊച്ചിയിലെത്തും.
വിയറ്റ്നാമിൽ നിന്ന് ജൂൺ ഏഴിനും കയ്റോയിൽ നിന്ന് 16 നും ഉക്രൈനിലെ കീവിൽ നിന്ന് 19 നും ലണ്ടനിൽ നിന്ന് 22 നും ഫിലിപ്പൈൻസിലെ സെബുവിൽ നിന്ന് 23 നും എയർ ഇന്ത്യാ വിമാനങ്ങൾ കൊച്ചിയിലെത്തും. മാൾട്ടയിൽ നിന്ന് എയർ മാൾട്ട ജൂൺ ഒമ്പതിനും ലണ്ടനിൽ നിന്ന് ബ്രിട്ടീഷ് എയർവേയ്സ് 10 നും കൊച്ചിയിലേക്ക് സർവീസ് നടത്തും.
മാർച്ച് മുതൽ സിയാൽ കാർഗോ വിഭാഗവും പ്രവർത്തനനിരതമാണ്. ഇതുവരെ 205 രാജ്യാന്തര കാർഗോ വിമാനങ്ങൾ കൊച്ചിയിലെത്തി. 4644 മെട്രിക് ടൺ കാർഗോ കയറ്റുമതിയും 223.4 മെട്രിക് ടൺ കാർഗോ ഇറക്കുമതിയും ചെയ്തു. ചൊവ്വാഴ്ച 540 പേർ കൊച്ചിയിലെത്തുന്നു. ദുബായ്, കുവൈത്ത്, ദോഹ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആണ് സർവീസ് നടത്തുന്നത്. ബുധനാഴ്ച ബഹ്‌റൈൻ, അബുദാബി, ദമാം, ദുബായ് രാജ്യങ്ങളിൽ നിന്ന് പ്രവാസികളെത്തും. തിങ്കളാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1308 ആഭ്യന്തര യാത്രക്കാരെത്തി. 827 പേർ യാത്ര പുറപ്പെട്ടു. ബുധനാഴ്ച 26 ആഭ്യന്തര സർവീസുകളുണ്ട്.