ജിദ്ദ- കോവിഡ് പ്രതിസന്ധി ഉടലെടുത്തശേഷം സൗദി അറേബ്യയില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ഉച്ചക്കു ശേഷം 3.10ന് ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചു. നേരത്തെ നിശ്ചയിച്ചിരുന്നതിലും രണ്ടേകാല്‍ മണിക്കൂറോളം വൈകി 3.10നാണ് 177 യാത്രക്കാരുമായി സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനം കോഴിക്കോട്ടേക്ക് യാത്രയായത്. ഇതില്‍ 136 പുരുഷന്‍മാരും 21 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടും.
യാത്രക്കാര്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനും സഹായത്തിനുമായി കോണ്‍സുലേറ്റ് പ്രതിനിധികളും സ്‌പൈസ്‌ജെറ്റ് വെസ്റ്റേണ്‍ റീജനല്‍ മാനേജര്‍ മുഹമ്മദ് സുഹൈല്‍ അഹമ്മദും വിമാനത്താവളത്തിലെത്തിയിരുന്നു. സ്‌പൈസ്‌ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് ഓപ്പറേറ്റ് ചെയ്യാന്‍ സഹായിച്ച സൗദി അധികൃതര്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും എംബസി-കോണ്‍സുലേറ്റ് അധികൃതര്‍ക്കും മുഹമ്മദ് സുഹൈല്‍ നന്ദി അറിയിച്ചു.
ചാര്‍ട്ടേഡ് വിമാന സര്‍വീസ് ഉണ്ടാകുമോ ഇല്ലയോ എന്ന ആശങ്ക ശക്തമായിരുന്നു. എന്നാല്‍ എല്ലാവിധ തടസങ്ങളും നീങ്ങി വിമാനം പറന്നുയര്‍ന്നതോടെ തുടര്‍ന്നും ചാര്‍ട്ടേഡ് വിമാനത്തിനുള്ള സാധ്യതകള്‍ തുറന്നിരിക്കുകയാണ്. ഇത് ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയുമാണ്. അതിനിടെ വന്ദേഭാരത് പദ്ധതിപ്രകാരം മൂന്നാം ഘട്ടത്തില്‍ ജിദ്ദയില്‍നിന്ന് കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലേക്കും സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത് ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. ജൂണ്‍ 10ന് കൊച്ചിയിലേക്കും 11ന് കോഴിക്കോട്ടേക്കും 12ന് തിരുവനന്തപുരത്തേക്കും ജിദ്ദയില്‍നിന്ന് സര്‍വീസുണ്ടാകും. കൂടാതെ 13 മുതല്‍ 15 വരെ ദിവസങ്ങളില്‍ ബംഗളൂരു, ഹൈദരാബാദ്, ദല്‍ഹി എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട്.