ഈരാറ്റുപേട്ട - അടുത്ത അധ്യക്ഷനെക്കുറിച്ചുളള രാഷ്ട്രീയ ചർച്ചകൾ മുറുകുന്നതിനിടെ ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി.എം സിറാജ് രാജി നൽകി. നഗരസഭാ സെക്രട്ടറി ഇൻചാർജ് സജി വിക്രമിനാണ് മുസ്‌ലിം ലീഗിലെ സിറാജ് രാജി കത്ത് കൈമാറിയത്. 10ന് ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെയാണ് രാജി.
യുഡിഎഫിലെ മുൻധാരണ പ്രകാരം മെയ് 15 ന് സ്ഥാനമൊഴിയേണ്ടിയിരുന്ന ചെയർമാന്റെ രാജി നീണ്ടത് ഏറെ അഭ്യൂഹങ്ങൾക്കു വഴിതെളിച്ചു. കോൺഗ്രസിന്റെ കടുത്ത അതൃപ്തിക്കും വഴി വെച്ചു. കോൺഗ്രസ് കൗൺസിലർമാർ പരസ്യമായി ചെയർമാനെ തള്ളിപ്പറയുകയും പിന്തുണ പിൻവലിക്കുകയും ചെയ്ത സാഹചര്യവും ഉണ്ടായി.
കോൺഗ്രസിലെയും ലീഗിലെയും നേതാക്കൾ തമ്മിലുളള പരസ്യവാഗ്വാദവും നടന്നു. ഇരുപാർട്ടികളിലും ഒരു വിഭാഗം രാജി വേണമെന്ന് ആവശ്യപ്പെടുകയും ഒരു ഭാഗം ഇപ്പോൾ രാജിവേണ്ടെന്ന നിലപാട് എടുക്കുകയും ചെയ്തു. ഇതിനിടെയാണ് ഇടതുമുന്നണി നാടകീയമായി അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ മുൻധാരണപ്രകാരം രാജിവെച്ചൊഴിഞ്ഞതോടെ താൽക്കാലിക ചുമതല ഉപാധ്യക്ഷ ബൽക്കീസ് നവാസിനാണ്. 19-ാം വാർഡ് അംഗമാണ് ഇടതുമുന്നണിയുടെ ഭാഗമായ ബൽക്കീസ്.
ആദ്യകാലയളവിൽ വൈസ് ചെയർപേഴ്സണായിരുന്ന കുഞ്ഞുമോൾ സിയാദിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെയാണ് ബൽക്കീസ് വൈസ് ചെയർപേഴ്സണായത്. സിറാജ് ചെയർമാനായതിന് പിന്നാലെ ബൽക്കീസിനെതിരെ ലീഗ് അവിശ്വാസം കൊണ്ടുവന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. അധികാരത്തർക്കവും ഭരണസ്തംഭനവും അഴിമതിയുമാണ് യുഡിഎഫിലെന്ന് ബൽക്കീസ് ആരോപിച്ചു.
സിറാജ് രാജി നൽകിയതിന് പിന്നാലെ നഗരസഭ ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു.
സിറാജിനെതിരെ ജാതിയധിക്ഷേപം ഉന്നയിച്ച് നേരത്തെ പരാതി നൽകിയ വനിത ഓഫീസിലെത്തിയത് സംഘർഷത്തിന് കാരണമായി. ഹരിത കർമ സേനയുടെ കോ-ഓർഡിനേറ്ററായ വനിത രണ്ടു തവണ വി.എം. സിറാജിനെതിരെ പരാജി നൽകിയിരുന്നു. ഇതിലൊന്ന് ഇപ്പോൾ അന്വേഷണ ഘട്ടത്തിലാണ്. രാജിക്കു ശേഷം സിറാജ് പുറത്തിറങ്ങുമ്പോഴാണ് അവർ പരാമർശങ്ങളുമായി റോഡിലെത്തിയത്. തുടർന്ന് തമ്മിൽ സംസാരമായി. പിന്നീട് തർക്കം കോൺഗ്രസ്-ലീഗ് പ്രവർത്തകർ തമ്മിലായി. ഇരുകൂട്ടരും റോഡിൽ തടിച്ചുകൂടി അവസാനം സംഘർഷത്തിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു.