റിയാദ് - വിവിധ ഗൾഫ് രാഷ്ട്രങ്ങളിലെ പ്രവാസി ഈരാറ്റുപേട്ടക്കാരുടെ കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ (ഇ.ജി.എ) വീഡിയോ കോൺഫറൻസിലൂടെ വിവിധ യൂണിറ്റുകളെ സംഘടിപ്പിച്ചു ഈദ് സംഗമം നടത്തി. പ്രവാസികളുടെ വിഷയങ്ങളിൽ അനുഭാവപൂർവമുള്ള ഇടപെടലുകൾ ഗവൺമെന്റുകളുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. കോവിഡ് 19 വ്യാപനം മൂലം പ്രതിസന്ധിയിലായ അംഗങ്ങളുടെ ക്ഷേമവും സേവനപ്രവർത്തനങ്ങളുടെ പുരോഗതിയും പങ്കുവെക്കാനും ലോക് ഡൗണിൽ കഴിയുന്ന അംഗങ്ങൾക്ക് ആത്മവിശ്വാസം പകരാനുമാണ് പ്രധാനമായും ഈദ് സംഗമം നടത്തിയത്. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു സലിം തലനാട് (റിയാദ്), ഷബീസ് പാലയംപറമ്പിൽ (ജിദ്ദ), ഷിഹാബ് കുന്നപ്പള്ളിൽ (ദമാം), മുഹമ്മദ് ഹുസൈൻ (യു.എ.ഇ), ഷാഹിദ് ചാലിപറമ്പ് (കുവൈത്ത്), ഹബീബ് മുഹമ്മദ് (ഖത്തർ), മനാഫ് (ഒമാൻ) എന്നിവർ സംസാരിച്ചു.
ഈരാറ്റുപേട്ട മസ്ജിദുൽ അമാൻ ഇമാം ഹാഷിർ നദ്‌വി പെരുന്നാൾ സന്ദേശം കൈമാറി. ഏത് പ്രതിസന്ധി ഘട്ടത്തിലും സഹായഹസ്തം നീട്ടുന്നതിൽ പ്രവാസികൾ എന്നും മുന്നിൽ തന്നെയാണുള്ളതെന്ന് അധ്യക്ഷത വഹിച്ച പ്രസിഡന്റ് താഹ ഖത്തർ പറഞ്ഞു. അംഗങ്ങളുടെ മാനസികാരോഗ്യം ഉയർത്തുന്നതിന് കൗൺസലർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
രോഗബാധ വ്യാപിച്ച ആദ്യ ഘട്ടത്തിൽ തന്നെ ഇ.ജി.എ ഹെൽപ് ലൈൻ ഏർപ്പെടുത്തുകയും നാട്ടിലും വിദേശത്തും അംഗങ്ങൾക്ക് സഹായം എത്തിക്കുകയും ചെയ്തതായി റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ജനറൽ സെക്രട്ടറി അറിയിച്ചു. ജോലി നഷ്ടവും ശമ്പളമില്ലാത്തതും കാരണം പ്രതിസന്ധിയിലായ അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു. സമൃദ്ധമായ ഭക്ഷ്യ വിഭവ കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് ഇ.ജി.എ സേവനം തുടരുന്നു. കൂടാതെ ഇ.ജി.എയുടെ വിവിധ യൂണിറ്റുകൾ മുഖേന 150 ഓളം റമദാൻ കിറ്റുകൾ വിതരണം ചെയ്തു. ഒരു മുൻ പ്രവാസി സഹോദരന്റെ ചികിത്സക്കായി ഒരുലക്ഷത്തിലേറെ രൂപ സംഘടിപ്പിച്ചു ആദ്യ ഘട്ടം കൈമാറിയതായും വിധവയായ ഒരു സഹോദരിയുടെ വീട് നിർമ്മാണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു മുന്നോട്ടു പോകുന്നതായും അദ്ദേഹം പറഞ്ഞു.
ചർച്ചയിൽ ഫഹദ് മേത്തർ യു.എ.ഇ, സിയാദ് സൗദി അറേബ്യ, അനീസ് യു.എ.ഇ,, സാദിഖ് പാറയിൽ ഖത്തർ, റഫീഷ് അലിയാർ റിയാദ്, സാജിദ് ജിദ്ദ എന്നിവർ പങ്കെടുത്തു സംസാരിച്ചു. നാട്ടിൽനിന്നും ഇ.ജി.എ സ്ഥാപകാംഗങ്ങളും മുൻ പ്രവാസികളുമായ യൂസഫ് മുഹമ്മദ്, ഹക്കീം പുതുപ്പറമ്പിൽ, ഇബ്രാഹിം ക്യാമ്പസ് എന്നിവർ പങ്കടുത്തു. നാട്ടിലെ ഹെൽപ്‌ഡെസ്‌കിന്റെ പ്രവർത്തനം കൺവീനർ സഹിൽ സലിം യു.എ.ഇ വിശദീകരിച്ചു. നൗഫൽ വി എം, സഹിൽ സലിം, ഷിഹാബ് കുഴിവേലിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സെക്രട്ടറി മുഹമ്മദ് ഷിബിലി കുവൈത്ത് യോഗം നിയന്ത്രിക്കുകയും ട്രഷറർ നിസ്സായി ഒമാൻ നന്ദി പറയുകയും ചെയ്തു.