ദുബായ്- കേരളത്തിലേക്കുള്ള ചാർട്ടർ വിമാനങ്ങളിൽ അമിത ടിക്കറ്റ് നിരക്ക് ഈടാക്കരുതെന്ന് കേരളം ആവശ്യപ്പെട്ടെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കുമാർ. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വന്ദേഭാരത് മിഷനിലെ യാത്രക്ക് ഈടാക്കുന്ന അതേ തുക മാത്രമേ ചാർട്ടർ വിമാനങ്ങളിലും ഈടാക്കാവൂ എന്നാവശ്യപ്പെട്ട് കേരളം വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചുവെന്ന് പവൻ കുമാർ ഗൾഫ് ന്യൂസിനോട് പറഞ്ഞു. ഇതോടെ ഇനി കേരളത്തിലേക്കുള്ള ചാർട്ടർ വിമാനങ്ങൾക്ക് ഈ നിരക്ക് മാത്രമേ ഇടാക്കാൻ അനുവദിക്കൂവെന്ന് പവൻ കുമാർ പറഞ്ഞു. കേരളത്തിലേക്ക് ചാർട്ടർ വിമാനങ്ങൾ ഒരുക്കാൻ ഉദ്ദേശിക്കുന്നവർ കേരളം മുന്നോട്ടുവെച്ച ടിക്കറ്റ് നിരക്ക് മാത്രമേ ഈടാക്കാവൂ. അത് അംഗീകരിക്കുന്നവർക്ക് മാത്രമേ വിമാന സർവീസിന് അനുമതി നൽകൂവെന്നും പവൻ കുമാർ പറഞ്ഞു. ഇന്നും നാളെയുമായി രണ്ടു വിമാനങ്ങളാണ് കെ.എം.സി.സി കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. 1250 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 900 ദിർഹമിന് സർവീസ് നടത്താൻ ഗോ എയർ തയ്യാറായിരുന്നെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല. സ്‌പൈസ് ജെറ്റാണ് കേന്ദ്രം നൽകിയത്. 160 വീതം യാത്രക്കാരെയുമായാണ് രണ്ടു വിമാനങ്ങളും കേരളത്തിലേക്ക് യാത്ര തിരിക്കുന്നത്.