കണ്ണൂര്‍- ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ സ്മാര്‍ട്ട് ഫോണ്‍ വിപണിക്ക് പുതുജീവന്‍ നല്‍കി സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ക്ലാസ്. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ പതിവുപോലെ ജൂണ്‍ ഒന്നിന് ക്ലാസ് ആരംഭിച്ചതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരക്കം പായുന്നത് പുസ്തകങ്ങള്‍ക്കും ബാഗുകള്‍ക്കുമായല്ല, പകരം സ്മാര്‍ട്ട് ഫോണിനുവേണ്ടിയാണ്. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇതുവരെ ദൗര്‍ലഭ്യം നേരിട്ട് തുടങ്ങിയിട്ടില്ല.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ ടി.വിയിലൂടെയാണ് ക്ലാസുകളില്‍ പങ്കാളികളാവുന്നത്. എന്നാല്‍ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയാണ് ക്ലാസ് നല്‍കുന്നത്. പല സ്വകാര്യ വിദ്യാലയങ്ങളും പത്തു ദിവസം മുമ്പുതന്നെ ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. നിശ്ചിത സമയം നല്‍കിയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതെങ്കിലും, ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ വ്യത്യസ്ത സ്‌കൂളുകളില്‍ പഠിക്കുന്നവരുള്ള വീടുകളിലാണ് സ്മാര്‍ട് ഫോണിന് ആവശ്യം വര്‍ദ്ധിച്ചത്. താരതമ്യേന ചെറിയ വിലയുള്ള സ്മാര്‍ട്ട് ഫോണിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. ഇവ ആവശ്യത്തിന് ലഭ്യമാണ്. എന്നാല്‍ പഴയ ഫോണുകള്‍ റിപ്പയര്‍ ചെയ്യാനുള്ള ചില രക്ഷിതാക്കളുടെ നീക്കം നടക്കുന്നില്ല. കാരണം പല ഫോണുകളുടെയും സ്‌പെയര്‍ പാര്‍ട്‌സുകള്‍ കിട്ടാനില്ല. ലോക് ഡൗണ്‍ മൂലം സാധനങ്ങള്‍ എത്താത്തതാണ് കാരണം. കൂടാതെ ഒന്നില്‍ കൂടുതല്‍ ഫോണുകളില്‍ കണക്്ഷന്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് റൂട്ടറും കിട്ടാനില്ല. ഏറ്റവും കൂടുതല്‍ വിപണി കീഴടക്കിയ ജിയോയുടെ റൂട്ടറടക്കം ലഭ്യമല്ല. 2500 രൂപയോളം വിലയുള്ള ഇവ അന്വേഷിച്ച് നിരവധി പേര്‍ ഷോറൂമുകളില്‍ എത്തുന്നുണ്ട്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ സിലബസ് അനുസരിച്ച് വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് അധ്യയനം. ടി.വി.യില്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് വായനശാലകളിലും അയല്‍ വീടുകളിലുമടക്കം സൗകര്യങ്ങള്‍ പ്രാദേശിക തലത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇവിടെ പലയിടത്തും വില്ലനാവുന്നത് വൈദ്യുതിയാണ്. കാലവര്‍ഷം ആരംഭിച്ചതോടെ മലബാര്‍ മേഖലയില്‍ വൈദ്യുതി മുടക്കം പതിവാണ്.
സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പുതിയ അധ്യയന രീതി വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, രക്ഷിതാക്കള്‍ക്കും കൗതുകമാവുകയാണ്. രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഈ അധ്യയന രീതിയില്‍ ഉള്ളതിനാല്‍
അധ്യാപകര്‍ക്കും, രക്ഷിതാകള്‍ക്കും ഇത് ഒരു പോലെ പ്രയോജനപ്പെടുന്നുവെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
ആറളം പുനരധിവാസ മേഖലയിലടക്കം പലയിടത്തും പുതിയ അധ്യയന ശൈലി എത്രത്തോളം ഗുണം ചെയ്യുമെന്ന് വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാവൂ. പല കുട്ടികളും ക്ലാസ് ആരംഭിച്ചതു പോലും അറിഞ്ഞിട്ടില്ല.
ഡിജിറ്റല്‍ അധ്യയന വര്‍ഷത്തിന് മുന്നോടിയായി അധ്യാപകര്‍ക്കുള്ള ഹലോ ഇംഗ്ലീഷ് പരിശീലനം നേരത്തെ തന്നെ യൂട്യൂബിലും വാട്‌സ്ആപ്പിലുമാ
യി പൂര്‍ത്തിയാക്കിയിരുന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ താത്പര്യത്തോടെ കഴിഞ്ഞ വര്‍ഷം സ്വീകരിച്ച ഇംഗ്ലീഷ് പഠന പരിപാടിയായ ഹലോ ഇംഗ്ലീഷിന്റെ അധ്യാപന പരിശീലനമാണ് വീഡിയോ ട്യൂട്ടോറിയലുകളായി യൂട്യൂബിലെ എട്ട് ലിങ്കുകളിലുടെ നല്‍കിയത്. കൂടാതെ സമഗ്ര ശിക്ഷാ കേരളയുടെ വെബ് പോര്‍ട്ടലിലും വീഡിയോ ലഭ്യമാക്കിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമാണ്. തിങ്കളാഴ്ചത്തെ ക്‌ളാസുകള്‍ അതേ ക്രമത്തില്‍ ജൂണ്‍ എട്ടിന് പുനഃസംപ്രേഷണം ചെയ്യും. ടി.വി.യോ സ്മാര്‍ട്‌ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത കുട്ടികള്‍ക്ക് പ്രഥമാധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പി.ടി.എ.കളുടെയും സഹായത്തോടെ അത് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.
കൈറ്റ്, സ്‌കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങളില്ലാത്ത ഇടങ്ങളിലെത്തിച്ച് ഉപയോഗിക്കാന്‍ അനുവാദം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു