ജിദ്ദ -ആവശ്യക്കാരേറിയതോടെ ജിദ്ദ നഗരത്തിന്റെ പല ഭാഗത്തും മാസ്‌ക് ക്ഷാമം രൂക്ഷമായി. മുമ്പൊക്കെ രണ്ട് റിയാലിന് ഒരു പായ്ക്കറ്റ് വരെ ലഭിച്ചിരുന്ന മുഖാവരണങ്ങള്‍ ഇപ്പോള്‍ പൊടിപൊലും കണ്ടു പിടിക്കാനില്ലെന്നായി. ഫൈസലിയ ഇമാം അബ്ദുല്‍ അസീസ് സ്ട്രീറ്റിലെ മെഡിക്കല്‍ ഷോപ്പുകളില്‍ മൂന്നാഴ്ചയിലേറെയായി മാസ്‌ക് ലഭ്യമായിട്ട്. പ്രമുഖ ഫാര്‍മസി ശൃംഖലയുടെ ശാഖകളിലെല്ലാം അവശ്യ വസ്തു ഔട്ട് ഓഫ് സ്‌റ്റോക്കാണ്. ലോക്ക് ഡൗണ്‍ ആരംഭിച്ച കാലത്ത് സവാളയ്ക്ക് അനുഭവപ്പെട്ടത് പോലുള്ള വിലക്കയറ്റമുണ്ടാക്കാനുള്ള പരിപാടിയാണോ ഇതിന് പിന്നലെന്നും സംശയമുണ്ട്. അത്യാവശ്യക്കാര്‍ക്ക് പായ്ക്കറ്റിന് 85 റിയാല്‍ നിരക്കില്‍ ലഭിക്കുന്ന സ്ഥലമുണ്ടെന്ന് ഒരു ഗ്രോസറിക്കാരന്‍ സൂചിപ്പിച്ചു. അതിനിടെ കഴിഞ്ഞ ദിവസം നിയമവിരുദ്ധമായി വില്‍ക്കാന്‍ സൂക്ഷിച്ച 18 ലക്ഷം മാസ്‌കുകള്‍ വാണിജ്യ മന്ത്രാലയവും ജിദ്ദ പോലീസും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോററിറ്റിയും ചേര്‍ന്ന് പിടിച്ചെടുത്തു. രണ്ടു ട്രെയിലറുകളില്‍ കൊണ്ടുനടന്നാണ് മാസ്‌കുകള്‍ നിയമലംഘകര്‍ വിറ്റിരുന്നത്. മാസ്‌കുകള്‍ വഹിച്ച ട്രെയിലറുകള്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പ്രത്യേകം കെണിയൊരുക്കിയാണ് മാസ്‌ക് ശേഖരവും ഇവ വഹിച്ച ട്രെയിലറുകളും വാണിജ്യ മന്ത്രാലയം പിടികൂടിയത്. മാസ്‌കുകളുടെ ഉറവിടം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണ്. നീതിപൂര്‍വവും മിതവുമായ വിലയില്‍ മാസ്‌ക് ശേഖരം പ്രാദേശിക വിപണിയില്‍ വില്‍ക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു.