തളിപ്പറമ്പ്- വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടിറങ്ങിപ്പോയ ഗൃഹനാഥനെ കണ്ടെത്തുന്നതിന് സമൂഹ മാധ്യമങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കുടുംബം. പതിമൂന്ന് വർഷം മുമ്പ് കാണാതായ മാഹി അഴിയൂർ സ്വദേശിയായ ഉസ്മാൻ കസ്തൂരിപ്പറമ്പിലിനെ കണ്ടെത്തുന്നതിനാണ് സോഷ്യൽ മീഡിയയിൽ വിവരങ്ങൾ നൽകി കുടുംബം കാത്തിരിക്കുന്നത്.
മാഹി സ്വദേശിയായ ഉസ്മാൻ വിവാഹം ചെയ്തിരിക്കുന്നത് തളിപ്പറമ്പിലാണ്. മൂന്ന് ആൺമക്കളും ഒരു മകളുമുള്ള ഇയാൾ നരിക്കോട് താമസിക്കുമ്പോഴാണ് വീട് വിട്ടിറങ്ങിയത്. ഒരു മകൻ ഒഴികെ ബാക്കിയുള്ള മക്കൾ വിവാഹിതരാണ്. ഇദ്ദേഹത്തിന്റെ ഭാര്യ സുഖമില്ലാതെ കിടപ്പിലാണ്. മക്കളും മരുമക്കളും പേരക്കുട്ടികളും ഇയാൾക്ക് വേണ്ടി പ്രാർഥനയോടെ കാത്തിരിക്കുന്നു. വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഒരു ദിനം ഞങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇന്നും ഉസ്മാന്റെ കുടുംബം.
ഉസ്മാനു വേണ്ടി കുടുംബാംഗങ്ങൾ പല സ്ഥലങ്ങളിലും അന്വേഷിച്ചിരുന്നു. ഇനി ഏക പ്രതീക്ഷ നവ മാധ്യമങ്ങളാണ്.
'പ്രിയരേ നിങ്ങളുടെ ഒരു ശ്രദ്ധ ചിലപ്പോൾ ഈ കുടുംബത്തിന് പതിമൂന്ന് വർഷം മുമ്പ് വീട് വിട്ടിറങ്ങിയ ബാപ്പാനെ തിരികെ എത്തിക്കാൻ സഹായിച്ചേക്കാം. നിങ്ങൾ എവിടെയെങ്കിലും ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെങ്കിൽ ദയവായി അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടുക' എന്ന കുറിപ്പോടെ ബന്ധുക്കളുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെ നൽകിയാണ് കുടുംബം അപേക്ഷകളോടെ കാത്തിരിക്കുന്നത്. ഓരോരുത്തരും ഈ വാർത്ത നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്ത് ഇന്നും ഉസ്മാനെ ഓർത്ത് വേദനയിൽ കഴിയുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർഥിക്കുന്നുവെന്നും കുടുംബം പറയുന്നു.