റിയാദ് - സൗദിയിലെ ചില മസ്ജിദുകളിൽ വൈദ്യുതി മോഷണം നടക്കുന്നതായി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ചിലർ വീടുകളിലേക്കും ഇസ്തിറാഹകളിലേക്കും മസ്ജിദുകളിൽ നിന്ന് വൈദ്യുതി വലിക്കുന്നുണ്ട്. പള്ളികളിൽ വൈദ്യുതി ഉപയോഗം കുറക്കാൻ മന്ത്രാലയം ശ്രമിച്ചുവരികയാണ്.
വൈദ്യുതി മോഷണത്തിനു പുറമെ മസ്ജിദുകളിൽ വലിയ തോതിൽ വൈദ്യുതി പാഴാക്കപ്പെടുന്നുമുണ്ട്. ചില പള്ളികളിൽ ഒരാവശ്യവുമില്ലാതെ ദീർഘനേരം എയർ കണ്ടീഷനറുകളും ലൈറ്റുകളും ഓണാക്കിയിടുകയാണ്. പണം അന്തരീക്ഷത്തിൽ വാരിവിതറുന്നതിന് സമാനമാണിത്. മസ്ജിദുകളിലെ ഭീമമായ വൈദ്യുതി ബിൽ ഗവൺമെന്റിന് ഭാരമാണ്. വൈദ്യുതി ബിൽ കുറക്കാൻ മന്ത്രാലയം ശ്രമിച്ചുവരികയാണ്.
സമീപത്തെ പെട്രോൾ ബങ്കുകളിലേക്കും വീടുകളിലേക്കും ഇസ്തിറാഹകളിലേക്കും ചില മസ്ജിദുകളിൽ നിന്ന് വൈദ്യുതി വലിക്കുന്നുണ്ട്. ഇത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. ഇക്കാര്യത്തിൽ സൗദി ഇലക്ട്രിസിറ്റി കമ്പനിക്കും ഉത്തരവാദിത്തമുണ്ട്. മസ്ജിദുകളിൽ നിന്ന് സമീപത്തെ കെട്ടിടങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും നിയമ വിരുദ്ധമായി മീറ്ററുകളിൽ നിന്ന് വൈദ്യുതി വയറുകൾ വലിച്ചത് മീറ്റർ റീഡിംഗ് എടുക്കുന്ന സൗദി ഇലക്ട്രിസിറ്റി കമ്പനി ഉദ്യോഗസ്ഥർ കാണുന്നുണ്ടെങ്കിലും വൈദ്യുതി മോഷണം അവസാനിപ്പിക്കാൻ കമ്പനി നടപടികളൊന്നും എടുക്കുന്നില്ല.
മസ്ജിദുകളിലെ വൈദ്യുതി മോഷണം അവസാനിപ്പിക്കുന്ന കാര്യത്തിൽ സൗദി ഇലക്ട്രിസിറ്റി കമ്പനി ഇസ്‌ലാമികകാര്യ മന്ത്രലയവുമായി സഹകരിക്കുന്നുമില്ല. മസ്ജിദുകളിലെ വൈദ്യുതി മോഷണത്തിന്റെയും അമിതമായ ഉപയോഗത്തിന്റെയും ഫലമായി പൊതുമുതൽ അന്യായമായി ധൂർത്തടിക്കപ്പെടുകയാണ്. വൈദ്യുതി പാഴാക്കൽ അവസാനിപ്പിക്കാൻ ഇസ്‌ലാമികകാര്യ മന്ത്രാലയം ശ്രമിച്ചുവരികയാണ്.
മസ്ജിദുകളിലെ വൈദ്യുതി വിനിയോഗം കുറക്കാൻ മന്ത്രാലയം ബോധവൽക്കരണം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായി ആശയ വിനിമയവും നടത്തുന്നുണ്ട്. എന്നാൽ മസ്ജിദുകളിൽ വൈദ്യുതി വിനിയോഗം കുറക്കുന്ന കാര്യത്തിൽ കമ്പനി സഹകരിക്കുന്നില്ല. വൈദ്യുതി വിനിയോഗം കുറക്കുന്നതിന് മന്ത്രാലയം സ്വന്തം നിലക്ക് ശ്രമങ്ങൾ നടത്തിവരികയാണെന്നും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.
ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ ബജറ്റിന്റെ നാലിലൊന്നും മസ്ജിദുകളിലെ വൈദ്യുതി ബിൽ ഇനത്തിലാണ് ചെലവാകുന്നതെന്നും വൈദ്യുതി ബിൽ ഇനത്തിൽ 100 കോടിയോളം റിയാൽ മന്ത്രാലയം ചെലവഴിക്കുന്നുണ്ടെന്നും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വൈദ്യുതി ഇനത്തിൽ ചെലവഴിക്കുന്ന ഭീമമായ തുകയിൽ ഒരു ഭാഗം ലാഭിക്കുന്നത് വിശ്വാസികൾക്ക് നിരവധി സേവനങ്ങൾ നൽകാൻ ഇസ്‌ലാമികകാര്യ മന്ത്രാലയത്തെ പ്രാപ്തമാക്കുമെന്നും മന്ത്രി പറഞ്ഞു.