റിയാദ് - വൈദ്യുതി നിരക്കുകൾ അനുയോജ്യമായ നിലക്ക് ഉയർത്തണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി ആവശ്യപ്പെട്ടു. ഉൽപാദന, പ്രസരണ, വിതരണ മേഖലകളിലെ പ്രവർത്തന ചെലവുകൾക്കും മൂലധന നിക്ഷേപങ്ങൾക്കും മതിയായ നിലക്കും യഥാർഥ ചെലവുകൾക്ക് അനുസൃതമായും നിരക്കുകൾ ഉയർത്തണം. മൂലധന നിക്ഷേപങ്ങൾക്ക് ലാഭം ലഭിക്കുന്ന നിലക്ക് നിരക്കുകൾ പുനർനിർണയിക്കണം. മൂലധന നിക്ഷേപങ്ങൾക്ക് ലാഭം ലഭിക്കാത്തത് നിലവിൽ വൈദ്യുതി മേഖല നേരിടുന്ന വെല്ലുവിളിയാണ്.
പീക് ടൈമിലെ വൈദ്യുതി ഉപയോഗത്തിന്റെ പത്തു മുതൽ പതിനഞ്ചു ശതമാനം വരെ കരുതൽ ഉൽപാദന ശേഷി ആർജിക്കേണ്ടത് പ്രധാനമാണ്. വൈദ്യുതി സ്തംഭനം ഒഴിവാക്കാനും ചില ഉൽപാദന യൂനിറ്റുകൾ അപ്രതീക്ഷിതമായി പ്രവർത്തന രഹിതമാകുന്നതിന്റെ ഫലമായി ചില ലൈനുകളിൽ വൈദ്യുതി വിഛേദിക്കേണ്ടിവരുന്ന സാഹചര്യം അകറ്റിനിർത്താനും പീക് ടൈമിലെ വൈദ്യുതി ഉപയോഗത്തിന്റെ പത്തു മുതൽ പതിനഞ്ചു ശതമാനം വരെ കരുതൽ ഉൽപാദന ശേഷി ആർജിക്കേണ്ടത് ആവശ്യമാണ്. പഴയ വൈദ്യുതി വിതരണ ശൃംഖലകളിലെ തിരക്ക്, അറ്റകുറ്റപ്പണികൾ, ഉപയോക്താക്കൾക്ക് കണക്ഷൻ നൽകൽ, കാലാവസ്ഥാ ഘടകങ്ങൾ അടക്കമുള്ള കാരണങ്ങളാലും വൈദ്യുതി വിതരണം സ്തംഭിച്ചേക്കും. കരുതൽ ഉൽപാദന ശേഷി ആർജിക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ സാധിക്കും. രാജ്യത്ത് ദൃശ്യമായ സാമ്പത്തിക, വ്യവസായ പദ്ധതികളുടെ പശ്ചാത്തലത്തിൽ വൈദ്യുതി മേഖല തുടർച്ചയായ വളർച്ചക്ക് സാക്ഷ്യം വഹിക്കുന്നു. സാമ്പത്തിക, വ്യവസായ വികസനങ്ങൾ വൈദ്യുതി ആവശ്യം വർധിപ്പിക്കുന്നതായും സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു.