തിരുവവന്തപുരം - ഇന്ത്യന്‍ കുപ്പായമിട്ട ആദ്യ മലയാളി ക്രിക്കറ്റര്‍ ടിനു യോഹന്നാന്‍ കേരളാ ടീമിന്റെ കോച്ചാവും. രാജ്യാന്തര, ലോകകപ്പ് പരിചയമുള്ള ഡേവ് വാറ്റ്മൂറിന്റെ പിന്‍ഗാമിയായാണ് കോച്ചിംഗ് പരിചയം വലുതായില്ലാത്ത നാല്‍പത്തൊന്നുകാരന്‍ ചുമതലയേല്‍ക്കുന്നത്. മുന്‍ പെയ്‌സ്ബൗളറെ കോച്ചായി നിയമിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ഓണ്‍ലൈന്‍ യോഗമാണ് തീരുമാനിച്ചത്. ടിനു നേരത്തെ കേരളാ ടീമിന്റെ ബൗളിംഗ് കോച്ചായിരുന്നു.
മുന്‍ ഒളിംപിക് ലോംഗ്ജമ്പ് താരവും ഏഷ്യന്‍ റെക്കോര്‍ഡുകാരനുമായ ടി.സി യോഹന്നാന്റെ മകനായ ടിനു 2001 ലാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറിയത്.