കോവിഡ് കൊടുങ്കാറ്റിൽ ആടിയുലഞ്ഞ ഗൾഫ് പ്രവാസ ലോകത്തിൽ മാസങ്ങൾക്കു ശേഷം ആശ്വാസത്തിന്റെ പുതുനാമ്പുകൾ. എയർ ഇന്ത്യയുടെ ചിറകേറി അടിയന്തരമായി നാട്ടിലെത്തേണ്ട പ്രവാസികളും സന്ദർശക വിസക്കാരും മറ്റും മടക്കയാത്ര ആരംഭിച്ചു കഴിഞ്ഞു. പതിവ് യാത്രാമംഗളങ്ങളുടെ അകമ്പടിയില്ലാതെ, നടുവൊടിക്കുന്ന ടിക്കറ്റ് നിരക്കുമായി. പ്രയാണം തുടങ്ങിയിട്ടേയുള്ളൂ. ഊഴം കാത്ത് നിൽപുണ്ട് പതിനായിരങ്ങളുടെ നിര.
ഏകദേശം 17.5 ദശലക്ഷം ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിലായിട്ടുണ്ടെന്നാണ് 2019 ലെ ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പട്ടികയിൽ ഒന്നാം സ്ഥാനം ഇന്ത്യക്ക് തന്നെ. ലോകത്താകെയുള്ള 272 മില്യൺ പ്രവാസത്തിന്റെ 6.5% വരുമിത്. കൂടുതലും ഗൾഫ് അടങ്ങുന്ന മധ്യേഷ്യൻ മേഖലയിൽ. വിദേശത്തുനിന്നുള്ള വരുമാനത്തിലും ഒന്നാം സ്ഥാനം ഇന്ത്യക്ക് തന്നെ.
ഏകദേശം 83 ബില്യൺ യു.എസ് ഡോളറാണ് 2019 ൽ മാത്രം രാജ്യത്തേക്ക് ഒഴുകിയത്. ഇതിൽ പകുതിയിലധികം പ്രവാസികളുടെ സംഭാവനയാണ്, ബാക്കി വരുന്നത് കയറ്റുമതി ഇനത്തിലും. ഇന്ത്യയിലേക്ക് പണം അയക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ - യു.എ.ഇ, യു.എസ്, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ എന്നിവയിൽ നാലും ഗൾഫിൽ നിന്നാണ്. ഗൾഫിൽനിന്ന് പുറത്തേക്കൊഴുകുന്നതിലും പാക്കിസ്ഥാനെയും ഫിലിപ്പൈൻസിനെയും ഈജിപ്തിനെയും ബഹുദൂരം പിറകിലാക്കി ഇന്ത്യ തന്നെയാണ് ഒന്നാമത്.
അങ്ങനെയിരിക്കേയാണ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കാൻ നീണ്ട മുറവിളികൾക്ക് ശേഷം ഇന്ത്യയിൽ നിന്നും ദൗത്യമൊരുങ്ങുന്നത്. എന്നാൽ ടിക്കറ്റ് സ്വയം വഹിക്കണമെന്നും അതിന്റെ ഉയർന്ന നിരക്കും പലരുടെയും പ്രതീക്ഷകളിൽ പ്രഹരമേൽപിച്ചു. വിമാനം കാലിയായാണ് പുറപ്പെടുന്നത്, ആകെ സീറ്റിന്റെ പകുതിയെണ്ണം മാത്രമേ ഉപയോഗ യോഗ്യമാക്കാനാവൂ തുടങ്ങിയ വാദങ്ങളെയൊക്കെ അതിശയോക്തിയോടെ മാത്രമേ നോക്കിക്കാണാൻ ഏവർക്കും കഴിയൂ. ഈ കാലമത്രയും വിദേശ തൊഴിലാളികളുടെ അധ്വാനത്തിന്റെ പ്രതിഫലത്തിൽ മുഴുവനും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ സഹായിച്ച ഗൾഫ് ഭരണാധികാരികൾ ഈ വാർത്തകളൊക്കെ കേട്ട് മൂക്കത്ത് വിരൽ വെച്ചുപോയി.
പ്രതിസന്ധിയിൽ പ്രവാസികൾക്ക് തങ്ങാൻ സുരക്ഷിതമായി ഒരിടവും ഭക്ഷണത്തിനും മരുന്നിനും വല്ല വകയും ഉണ്ടെങ്കിൽ ഈ അടിയന്തര സാഹചര്യത്തിൽ പ്രവാസികൾ നിൽക്കുന്നിടത്ത് തന്നെ തുടർന്നേനേ. കാര്യങ്ങൾ അത്ര കണ്ട് കൈവിട്ട് പോയതിനാലാണ് അവരുടെ ഇടറുന്ന ശബ്ദങ്ങൾ കടൽ കടന്നത്. ഉയർന്ന നിരക്കിൽ ടിക്കറ്റ് വാങ്ങി യാത്ര ചെയ്യാൻ കൈയിൽ മിച്ചമുള്ളവന് ഒരു മടിയുമില്ല. അല്ലെങ്കിലും സീസണൽ ടിക്കറ്റ്‌കൊള്ള പ്രവാസിക്ക് പുതിയതല്ല. പെരുന്നാൾ, വേനലവധി, ഓണം, ക്രിസ്മസ് തുടങ്ങിയ സീസണുകളിലേക്ക് കോവിഡ് കാലവും കൂടി ഉൾപ്പെടുത്തുകയേ വേണ്ടുള്ളൂ.
മടക്കയാത്രക്ക് തയാറായി നിൽക്കുന്ന അഞ്ചു ലക്ഷത്തിലധികം വരുന്നവരിൽ വലിയൊരു ശതമാനവും മാസങ്ങളായി വരുമാനമൊന്നുമില്ലാത്ത ചെറിയ ശമ്പളക്കാരും അവരുടെ ആശ്രിതരുമാണ്. ഗുരുതര രോഗമുള്ളവരും ഗർഭിണികളും പ്രായമായവരും ജോലി നഷ്ടപ്പെട്ടവരും ഇതിലുൾപ്പെടും. യാത്ര നീളുന്തോറും ചെലവിനും മറ്റും എന്തു ചെയ്യുമെന്നറിയാതെ പകർച്ചവ്യാധിക്ക് മുമ്പിൽ പകച്ചുനിൽക്കുന്നവർ.
ആശ്രിതരെ കൊണ്ടുവരുന്നവർ അവരുടെ റിട്ടേൺ ടിക്കറ്റിനുള്ള വകയൊന്നും കാണാതെയാണോ കൊണ്ടുവരുന്നതെന്ന സ്വാഭാവിക ചോദ്യം ആരിലുമുണ്ടാവാം. ഒരിക്കലെങ്കിലുമൊന്ന് ഗൾഫ് കാണിക്കാമെന്നും ചുരുങ്ങിയ മാസങ്ങളെങ്കിലും ഒരുമിച്ചിവിടെ കഴിയാമെന്നുമുള്ള ചിരകാല മോഹത്തിന്റെ ചിറകേറിയാണ് ചെറിയ വരുമാനമുള്ള പ്രവാസികൾ കുടുംബത്തെ കൊണ്ടുവരുന്നത്. അടുത്ത കുറച്ച് വർഷത്തേക്ക് അവധിക്ക് പോകാനുള്ള പണം കൂടി മാറ്റിവെച്ച്, കൈയിലുള്ളതും ബാക്കിയുള്ളത് കടം വാങ്ങിയുമൊക്കെയാണ് ഈ സ്വപ്‌ന സാക്ഷാൽക്കരണത്തിനവർ തുനിയുന്നത്. ഈ കണക്കുകൂട്ടലുകൾക്കെല്ലാം മീതെയാണ് മഹാമാരിയും തൊഴിൽ നഷ്ടവുമെല്ലാം ഇടിത്തീയായി പെയ്തിറങ്ങിയത്.
കീശ കാലിയായ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കടം ചോദിക്കാൻ പോലും കെൽപുള്ളവർ ചുറ്റിലുമില്ലായെന്നതാണ് വാസ്തവം. ഇനിയുള്ള പ്രതീക്ഷയും ആശ്രയവും എക്കാലത്തെയും പോലെ പന്തലിച്ചുനിൽക്കുന്ന പ്രവാസി കൂട്ടായ്മകൾ തന്നെ. പക്ഷേ അവർക്കെല്ലാം താങ്ങാവുന്നതിനുമപ്പുറമാണ് ദിവസന്തോറും വഷളായിക്കൊണ്ടിരിക്കുന്ന യഥാർത്ഥ ചിത്രം.
കൊച്ചുകേരളം എന്ന് വിശേഷിക്കപ്പെടുമ്പോഴും അതിന്റെ പ്രവാസ ലോകത്തിന്റെ അതിര് ഭൂമിയുടേതിന് തുല്യമാണ്. അത്ര കണ്ട് വിശാലം. രാജ്യത്തെ വിദേശ വരുമാനത്തിന്റെ 19 ശതമാനവുമായി ഒന്നാം സ്ഥാനത്തുണ്ട് കേരള സംസ്ഥാനം. എണ്ണ ഖനനം സജീവമായ 1970 ന് ശേഷമാണ് വലിയ തോതിൽ മലയാളികൾ ഗൾഫിലേക്ക് ചേക്കേറുന്നത്.
മണ്ണിനെയും മഴയെയും പച്ചപ്പിനെയും നെഞ്ചോടു ചേർത്ത മലയാളിക്ക് മരുഭൂമിയിലേക്കുള്ള പ്രവാസം ഒരു പറിച്ചുനടൽ തന്നെയാണ്. വേരും മുരടും പിറന്ന മണ്ണിൽ ബാക്കിവെച്ച് ജീവനോടെ തണ്ടു മുറിച്ചുള്ള ഒരു പറിച്ചുനടൽ. ശേഷം മരുഭൂമിയിൽ പച്ചപിടിച്ചവർ, ഹോമിക്കപ്പെട്ടവർ, അപ്രത്യക്ഷമായവർ -അങ്ങനെ നിരവധി പേർ. പിന്നീടങ്ങോട്ട് പ്രവാസിയുടെ അത്തർ പൂശിയ അവധിക്കാലവും കുത്തിനിറച്ച് കൊണ്ടഴവരുന്ന ഗൾഫ് ഉൽപന്നങ്ങളും നാട്ടിലുള്ളവരുടെ മനസ്സിൽ ഗൾഫിന്റെ സുഖലോലുപതയുടെ ഒരു മനക്കോട്ട തീർത്തു. പ്രയാസങ്ങൾ തന്നിലൊതുക്കി ശീലിച്ച പ്രവാസിക്കതൊരു ശക്തമായ മറയായി ഉപകരിച്ചു. അറബിക്കടലിനക്കരെ ആ മനക്കോട്ടകൾ കാലങ്ങളോളം പൊളിയാതെ നിന്നു.
2003 നു ശേഷം നിരവധി വാർത്താചാനലുകൾ പിറവിയെടുത്തതോടെ ഗൾഫിലേക്ക് ഒരു ജാലകം തന്നെ തുറന്നുവെച്ചു ദൃശ്യമാധ്യമങ്ങൾ. അതോടെ മനക്കോട്ടകളിൽ അനിവാര്യമായ വിള്ളലുകൾ വീഴാൻ തുടങ്ങി. വിജയ ഗാഥകൾക്ക് പുറമെ ആരുമറിയാതെ പോയ പീഡിതരുടെ ഞെട്ടിക്കുന്ന കഥകളും ഇക്കരെയത്തി.
പിന്നീട് പ്രവാസത്തെ ആസ്പദമാക്കി ഇറങ്ങിയ നോവലുകളും സിനിമകളും പ്രവാസത്തിന്റെ നേർച്ചിത്രങ്ങൾ മലയാളിയുടെ മുന്നിൽ വരച്ചുകാട്ടി. 2007 ൽ പുറത്തിറങ്ങിയ അറബിക്കഥ, 2011 ലെ ഗദ്ദാമ, 2015 ലെ പത്തേമാരി തുടങ്ങിയ സിനിമകളും 2008 ലെ ബെന്യാമിന്റെ ആടുജീവിതം, എം. മുകുന്ദന്റെ പ്രവാസം തുടങ്ങിയ നോവലുകളും ഇതിലെ മികച്ച ഉദാഹരണങ്ങൾ.
പരിഷ്‌കാരങ്ങളുടെ വേലിയേറ്റത്തിനൊടുവിൽ കൊച്ചുകേരളം ഉത്തരേന്ത്യൻ തൊഴിലാളികളുടെ കൊച്ചു ഗൾഫ് ആയി മാറി. പക്ഷേ അപ്പോഴും കേരളക്കര യഥാർത്ഥ ഗൾഫിന്റെ ഒരു നിഴൽ മാത്രമായിരുന്നു. നിഴലിന് അതിന്റെ ഉടമയുടെ ആയുസ്സേയുള്ളൂവെന്ന് ഈ വൈകിയ വേളയിൽ പ്രവാസികളും ആശ്രിതരും തിരിച്ചറിയുന്നു.
മടങ്ങാനൊരുങ്ങുന്ന ലക്ഷക്കണക്കിന് പ്രവാസികളെ പൂർണ മനസ്സോടെ സ്വാഗതം ചെയ്യാൻ നാട് ഇനിയും ഒരുങ്ങാനുണ്ടെന്ന് അടക്കംപറച്ചിൽ. വരുന്നത് കൂടപ്പിറപ്പുകളാണ്, കൊറോണയുടെ കൂട്ടാളികളോ, കറവ വറ്റിയ കാലികളോ അല്ലെന്ന് പ്രബുദ്ധ മലയാളിക്ക് നന്നായറിയാം.
പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് തണലേകിയ പ്രവാസമെന്ന വൻവൃക്ഷത്തെ ഇന്നത്തെ കൊഴിഞ്ഞുപോക്കിൽ ഇല പൊഴിയുന്ന മരത്തോട് ഉപമിക്കുന്നത് സ്വാഭാവികം. ഇല പൊഴിയുകയല്ല, മരം തന്നെ ഇല പൊഴിക്കുകയാണെന്ന് പറയുന്നതാവും ശാസ്ത്രത്തിന്റെ ഭാഷയിൽ കൂടുതൽ ശരി. കൊടുംവേനലും അതിശൈത്യവും ആഗതമാകുന്നതിന് മുന്നോടിയായി താരതമ്യേന ജലാംശം കൂടുതലടങ്ങിയ ഇലകൾ പൊഴിച്ചുകൊണ്ടു കൂടുതൽ ജലാംശം ചില്ലകളിലേക്ക് ശേഖരിച്ച് മരങ്ങൾ സ്വയം അതിജീവനത്തിലേക്ക് ഉൾവലിയുന്നു. ഇവിടെ മരങ്ങൾ ഇലകളെ ഉപേക്ഷിക്കുകയല്ല, മറിച്ച് വരാനിരിക്കുന്ന അനുകൂല കാലാവസ്ഥയിൽ തഴച്ചുവളരുന്നതിനായി മണ്ണിനെ ഫലഭൂയിഷ്ടമാക്കാൻ ഇലകളെ അതിന്റെ അടുത്ത നിയോഗത്തിലേക്ക് നയിക്കുന്നു.
തൊഴിൽ നഷ്ടവും ചുറ്റിലും നിറയുന്ന ശൂന്യതയും മാനസിക സമ്മർദങ്ങളും പ്രവാസ ലോകത്ത് ആത്മഹത്യകൾ തലപൊക്കാനിടയാക്കുമെന്ന് നിരീക്ഷകരുടെ ആശങ്ക. ആ നിരീക്ഷണങ്ങളെല്ലാം വെളിച്ചം കാണാതെ സുഖനിദ്രയിലാഴട്ടെ. ഒന്നുമിവിടെ ഒടുങ്ങുന്നില്ല, ആരും ഉപേക്ഷിക്കപ്പെടുന്നുമില്ല. പറിച്ചുനടലിനേക്കാളെത്രയോ ഭേദം ഈ തിരിച്ചുനടൽ. പ്രവാസം ഇലകൾ പൊഴിച്ചോട്ടെ, അതിജീവിക്കട്ടെ, നന്ദിയോടെ സ്മരിച്ച് തൽക്കാലം മടങ്ങാം, പുതിയ നിയോഗങ്ങളിലേക്ക്.
ഉറവ വറ്റുന്ന സാമ്പത്തിക സ്രോതസ്സുകളും നിർജീവമായ തരിശുനിലങ്ങളും വെളിച്ചം കാണാത്ത പദ്ധതികളും കേരളക്കരയിൽ ഒരു രക്ഷകനെ കാത്തിരിക്കുന്നു. ഉയിർത്തെഴുന്നേൽപിന് തയാറെടുക്കുന്ന നാടിന് മുതൽക്കൂട്ടായി പ്രവാസിയുടെ അധ്വാന ശീലവും പരിചയ സമ്പത്തും കൂടി ചേരട്ടെ. ഏതു സാഹചര്യത്തിലും അധ്വാനിച്ച് മുന്നേറാൻ പ്രവാസം അവനെയെന്നേ പ്രാപ്തനാക്കിയിരിക്കുന്നു, തീയിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ. അപ്പോഴും അവന്റെയുള്ള് വിങ്ങുന്നത് ആശ്രിതരെ ഓർത്തായിരിക്കും.