കണ്ണൂര്‍- കോവിഡ് പ്രതിസന്ധിക്കിടയില്‍ സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. കണ്ണൂര്‍ വളപട്ടണം പ്രതികരണ വേദി നല്‍കിയ പരാതിയില്‍ കമ്മീഷന്‍ കേസെടുത്തതായി പ്രതികരണവേദി പ്രസിഡന്റ് ടി.പി. മുജീബ് റഹ്്മാന്‍ അറിയിച്ചു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താനാകുമെന്നറിയാത്ത സാഹചര്യത്തിലാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. രണ്ടാം ക്ലാസ് മുതലുള്ള ക്ലാസുകളില്‍ വാര്‍ഷിക ഫീസ് രണ്ടായിരം മുതല്‍ നാലായിരം രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടാം തരത്തില്‍ 2000 രൂപയാണ് വര്‍ധന. 50000 രുപയെന്നത് 52,000യായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രക്ഷിതാക്കള്‍ക്ക് ഇത് ഇരുട്ടടിയാണെന്ന് പരാതിയില്‍ പറഞ്ഞു.