തിരുവനന്തപുരം- കേരളത്തിനകത്ത് പൊതുഗതാഗതത്തിന് അനുമതി. ലോക്ഡൗണിന്റെ അഞ്ചാം ഘട്ടത്തിലാണ് സംസ്ഥാനം കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളോടെ ജില്ലയ്ക്കു പുറത്തേയ്ക്കുള്ള യാത്രയ്ക്ക് അനുമതി നല്കാന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ചൊവ്വാഴ്ച മുതൽ കെഎസ്ആർടിസി അന്തർജില്ലാ സർവീസുകൾ ആരംഭിക്കും. പകുതി സീറ്റിൽ മാത്രമേ യാത്രക്കാരെ അനുവദിക്കു. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. യാത്രനിരക്ക് 50 ശതമാനം കൂടും.അതേസമയം അന്തർ സംസ്ഥാന യാത്രയ്ക്ക് തത്ക്കാലം അനുമതിയില്ല.
നിയന്ത്രണങ്ങളോടെ ഹോട്ടലുകളും തുറക്കാം. ഹോട്ടലുകളിൽ നേരത്തെ ബുക്ക് ചെയ്യണം. പകുതി സീറ്റ് ഒഴിച്ചിടണം, തുടങ്ങിയ നിയന്ത്രണങ്ങളോടെയായിരിക്കും സംസ്ഥാനത്ത് ഹോട്ടലുകൾ തുറക്കുക.