Sorry, you need to enable JavaScript to visit this website.

ബീർ ബഹാദുർ യാത്രയായി; ആരവങ്ങൾ ഇല്ലാത്ത ലോകത്തേക്ക്

ഇളകിമറിയുന്ന ഗാലറിയുടെ ജ്വലിക്കുന്ന ഓർമ്മകൾ എന്നേ കെട്ടടങ്ങിയിരുന്നു ബീർ ബഹദൂറിന്റെ മനസ്സിൽ; കാതടപ്പിക്കുന്ന ആരവങ്ങൾ കാതുകളിലും.

ജീവിക്കാൻ വേണ്ടി സെക്കന്തരാബാദിലെ തിരക്കേറിയ കന്റോൺമെന്റ് ഏരിയയിലൂടെ ഉന്തുവണ്ടിയിൽ പാനിപുരി വിറ്റു നടന്ന ബീർബഹദൂറിനെ കുറിച്ചെഴുതിയത് ഒരു വ്യാഴവട്ടം മുൻപാണ്. ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിലൊരാളുടെ ദുരിത ജീവിതത്തിന് ശനിയാഴ്ച അവസാന വിസിലായി; ആഴ്ചകളോളം അബോധാവസ്ഥയിൽ ആശുപത്രിക്കിടക്കയിൽ ചെലവഴിച്ച ശേഷമായിരുന്നു മരണം..

ഇ എം ഇ സെന്ററിന്റെ മുന്നേറ്റ നിരയിലെ പഴയ പടക്കുതിരയ്ക്ക് ഇന്ത്യയുടെ മുക്കിലും മൂലയിലുമുണ്ടായിരുന്നു ആരാധകർ; കൊച്ചു കേരളത്തിലുൾപ്പെടെ. പന്തുമായി വിംഗിലൂടെ വെടിയേറ്റ പുലിയെ പോലെ കുതികുതിക്കുന്ന ബീറിന്റെ ചിത്രം പട്ടാള ടീമിൽ ദീർഘകാലം അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരമായിരുന്ന മുൻ കേരള പോലീസ് കോച്ച് ശ്രീധരൻ പങ്കുവെച്ചതോർക്കുന്നു: ``തൊട്ടാൽ പൊള്ളുന്ന ആ ഷോട്ടുകൾ ഏത് ഗോൾകീപ്പറുടെയും പേടിസ്വപ്നമായിരുന്നു. ഈസ്റ്റ് ബംഗാളുമായുള്ള ഒരു മത്സരം ഓർമ്മയുണ്ട്. അന്ന് സതേൺ കമാൻഡിന് കളിക്കുകയാണ് ബീർ ബഹാദുർ. പ്രശസ്തനായ പീറ്റർ തങ്കരാജ് കാവൽ നിന്ന കൊൽക്കത്ത ടീമിന്റെ വലയിൽ തുടരെത്തുടരെ മൂന്നു വട്ടം പന്തടിച്ചു കയറ്റി ബീർ; അതും ബോക്സിനു പുറത്ത് മിക്കവാറും ഒരേ ആംഗിളിൽ നിന്നുള്ള ബുള്ളറ്റ് ഷോട്ടുകളിലൂടെ. ഫീൽഡ് മാർഷൽ സാം മനേക് ഷാ ഉൾപ്പെടെയുള്ള കാണികൾ ഒന്നടങ്കം അന്തം വിട്ടു നോക്കിയിരുന്നു ആ പ്രകടനം.'' അധികം വൈകാതെ 1966 ലെ ബാങ്കോക്ക് ഏഷ്യാഡിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാമ്പിലേക്ക് ക്ഷണിക്കപ്പെട്ടെങ്കിലും ഭാഗ്യം ബീറിനെ അവിടേയും തുണച്ചില്ല; ഇന്ത്യൻ ഫുട്ബാളിൽ കൊൽക്കത്തയുടെ അധീശത്വം പൂർണ്ണമായിരുന്ന നാളുകളായിരുന്നല്ലോ അവ.

 

https://www.malayalamnewsdaily.com/sites/default/files/2020/06/01/virbahdur.jpg

 

ഗൂർഖ ബ്രിഗേഡിന്റെ ചരിത്ര പ്രസിദ്ധമായ ഡ്യൂറൻഡ് കപ്പ് വിജയത്തിൽ (1966) നിന്ന് തുടങ്ങുന്നു ഇന്ത്യൻ ഫുട്ബാളിൽ ബീർ ബഹാദൂറിന്റെ വീരഗാഥ. മീശ മുളക്കാത്ത പയ്യന്മാരുടെ ആ പടയെ നയിച്ചത് ഡെറാഡൂൺകാരനായ ബീർ. ഭൂപീന്ദർ റാവത്ത്, അമർ ബഹാദൂർ, രൺജിത് ഥാപ്പ, ടിക്കാറാം ഗുരുങ്, ഭോജ്‌ ബഹാദൂർ മല്ല തുടങ്ങി പിൽക്കാലത്ത് കൊലകൊമ്പന്മാരായി വളർന്ന പലരുമുണ്ടായിരുന്നു ആ ടീമിൽ. ഇന്ദർ സിംഗിന്റെ ജലന്ധർ ലീഡേഴ്‌സിനെ 4 - 1 നും, മഗൻ സിംഗിന്റെ ആർ എ സി ബിക്കാനീറിനെ 9 - 1 നും കശാപ്പു ചെയ്ത ഗൂർഖകൾ പ്രബലരായ മോഹൻ ബഗാനെയും വെറുതെ വിട്ടില്ല. ജർണയിൽ സിംഗും, ചന്ദേശ്വർ പ്രസാദും കണ്ണനും അരുമനായകവും കളിച്ച ബഗാനെ അട്ടിമറിച്ചത് എതിരില്ലാത്ത രണ്ടു ഗോളിന്. ഫൈനലിൽ സിഖ് റജിമെന്റൽ സെന്ററിനെയും അതേ മാർജിന് കീഴടക്കി ബീറിന്റെ ടീം. ഡ്യൂറാൻഡിലെ ആ ചരിത്രവിജയത്തിന് പിന്നാലെ ഭൂരിഭാഗം കളിക്കാരും മുംബൈ മഫത്ലാലിൽ ചേക്കേറിയപ്പോൾ ബീർ മാത്രം പട്ടാളത്തിൽ തുടർന്നു. 1974 വരെ തുടർച്ചയായി ഇ എം ഇ ക്കും സർവീസസിനും കളിച്ചു. ആ നാളുകളിലാണ് സേട്ട് നാഗ്‌ജി, ചാക്കോള, ജി വി രാജ, ശ്രീനാരായണ ടൂർണ്ണമെന്റുകളിലൂടെ ബീർ മലയാളികളുടെയും മനം കവർന്നത്.

കളിക്കളത്തിൽ നിന്ന് വിടവാങ്ങിയ ശേഷം പട്ടാളത്തിൽ നിന്ന് കിട്ടുന്ന പെൻഷൻ കൊണ്ടായിരുന്നു ജീവിതം. പ്രാരബ്ദങ്ങൾ വിടാതെ പിന്തുടർന്നു തുടങ്ങിയപ്പോൾ ജീവിക്കാൻ വേണ്ടി പല വേഷങ്ങളും കെട്ടേണ്ടിവന്നു ബീറിന്. അവയിലൊന്നായിരുന്നു പാനിപൂരി വില്പനക്കാരന്റെ റോൾ. ``1974 ൽ പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം ജോലിക്ക് വേണ്ടി ഞാൻ മുട്ടാത്ത വാതിലുകളില്ല. പത്തിരുപതു കൊല്ലം പന്തു കളിച്ചു നടന്നത് വെറുതെയായോ എന്ന് തോന്നിപ്പോയ ഘട്ടം. ഒടുവിൽ തുച്ഛമായ ശമ്പളമുള്ള ഒരു സെക്യൂരിറ്റി ഗാർഡിനെ ജോലി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു എനിക്ക്.'' -- ബീറിന്റെ വാക്കുകൾ.

ഒരു റോഡപകടം വരുത്തിവെച്ച ശാരീരിക അവശതകൾ, മകളുടെ വിവാഹം ബാക്കിയാക്കിയ ഋണബാധ്യതകൾ, തലചായ്ക്കാൻ ഒരു തുണ്ട് മണ്ണിനു വേണ്ടിയുള്ള അടങ്ങാത്ത മോഹം.. എല്ലാം ചേർന്ന് വേട്ടയാടിത്തുടങ്ങിയപ്പോഴാണ് പാനിപൂരി കച്ചവടത്തെ കുറിച്ച് ആലോചിക്കുന്നത്. അവിടെയും ബീറിനെ വിധി പരീക്ഷിച്ചുകൊണ്ടിരുന്നു. കൈക്കൂലിക്കാരായ പോലീസുകാരുടെയും കോർപ്പറേഷൻ അധികൃതരുടെയും രൂപത്തിൽ. ഇടയ്ക്ക് റോഡരികിൽ ഒരു കടയിട്ടെങ്കിലും, നഗര വികസനത്തിന്റെ പേരു പറഞ്ഞ് കോർപ്പറേഷൻകാർ അതും ``തുടച്ചുനീക്കി.'' ശരിക്കും പെരുവഴിയിലായി അതോടെ ബീറും ഭാര്യയും തൊഴിൽരഹിതരായ മക്കളും.

``എല്ലാം എന്റെ പിഴ. പ്രശസ്തിയുടെ പാരമ്യത്തിൽ നിന്നപ്പോൾ ഞാൻ ഭാവിയെ കുറിച്ചോർത്തില്ല. ഫുട്ബോൾ ഒരിക്കലും എന്നെ കൈവെടിയില്ല എന്നായിരുന്നു പ്രതീക്ഷ. എല്ലാം തകർന്നു. ഇന്ന് ഞാൻ ഫുട്ബോളിനെ വെറുക്കുന്നു.''-- ഒരു പരാജിതന്റെ വാക്കുകൾ. അവസാന നാളുകളിൽ ബീറിന്റെ രക്ഷക്കെത്തിയത് ഇ എം ഇ സെന്റർ തന്നെ. പഴയ ഫുട്ബോൾ മാന്ത്രികന് ജീവിക്കാൻ വേണ്ടി ഒരു കാന്റീൻ ഇട്ടുകൊടുക്കാൻ സന്മനസ്സ് കാണിച്ചു ഇ എം എയിലെ പുതിയ തലമുറ. അത്യാവശ്യം ജീവിതം നടത്തിക്കൊണ്ട് പോന്നിരുന്നത് ആ കാന്റീനിൽ നിന്നുള്ള ചുരുങ്ങിയ വരുമാനത്തിൽ നിന്നാണ്....

ബീർ ബഹാദൂറിന്റെ കഥ ഇന്ത്യൻ ഫുട്ബാളിന്റെ സുവർണ്ണകാലത്തിന്റെ കൂടി കഥയാണെന്നോർക്കുക; പന്തുകളിക്ക് വേണ്ടി ജീവിച്ച് ഒടുവിൽ ജീവിക്കാൻ തന്നെ മറന്നുപോയ ഒരു തലമുറയുടെ കഥ.

(ഫെയ്സ്ബുക്കില്‍ എഴുതിയത്)

Latest News