ഹൈദരാബാദ്- ആര്‍ എസ് എസ് വിദ്യാര്‍ഥി വിഭാഗമായ എബിവിപിക്കെതിരെ ഇടതു പക്ഷത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാസാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും കരസ്ഥമാക്കി. എസ് എഫ് ഐ, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍, എം എസ് എഫ്, ഡി എസ് യു, എസ് ഐ ഒ എന്നീ വിദ്യാര്‍ത്ഥി സംഘടകള്‍ ചേര്‍ന്ന് രൂപീകരിച്ച ഇടതുപക്ഷ, ദളിത്, ആദിവാസി, മുസ്ലിം ന്യൂനപക്ഷ കൂട്ടായ്മയാണ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് (എ എസ് ജെ).
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് അങ്കമാലി സ്വദേശി ശ്രീരാഗ് പൊയ്ക്കാടനാണ് യൂണിയന്‍ പ്രസിഡന്റ്. ലുനാവത് നരേഷ് വൈസ് പ്രസിഡന്റായും ആരിഫ് അഹമദ് ജനറല്‍ സെക്രട്ടറിയായും മലയാളിയായ മുഹമ്മദ് ആഷിഖ് എന്‍ പി ജോയിന്റ് സെക്രട്ടറിയായും ലോലം ശ്രാവണ്‍ കുമാര്‍ സ്‌പോര്‍ട് സെക്രട്ടറിയായും ഗുണ്ടേട്ടി അഭിഷേക് കള്‍ച്ചറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ദളിത്, ആദിവാസി, മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് എസ് എസ് ജെ എല്ലാ സീറ്റുകളിലും മത്സര രംഗത്തിറക്കിയത്.
ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണ ശേഷം ക്യാമ്പസില്‍ ശക്തമായ എബിവിപി വിരുദ്ധവികാരം ഈ തെരഞ്ഞെടുപ്പിലും നന്നായി പ്രതിഫലിച്ചു. വെമുലയുടെ മരണത്തില്‍ കുറ്റാരോപിതരാണ് എബിവിപി നേതാക്കള്‍. വെമുലയുടെ മരണ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ നേതൃത്വത്തിലുള്ള സഖ്യം തൂത്തുവാരിയിരുന്നു.