തിരുവനന്തപുരം- കേരള തീരത്തിനടുത്തായി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസം ഇത് ചുഴലിക്കാറ്റിന് വഴിമാറിയേക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
ഇന്നും നാളെയും ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗത്തിലും ചില ഘട്ടങ്ങളില്‍ 65 കിമീ വരെ വേഗത്തിലും കേരള തീരത്ത് ശക്തമായ കാറ്റ് വീശാനും സാധ്യത കാണുന്നു. അറബിക്കടല്‍ അതിപ്രക്ഷുബ്ധമായതിനാല്‍ കേരളത്തില്‍നിന്ന് യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകള്‍ക്കാണ് ഇത് ബാധകമാവുക. തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോഡ് എന്നി ജില്ലകളില്‍ ചൊവ്വാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ചയും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.