ജിദ്ദ- ജിദ്ദ ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർഥിയും ഒ ഐ സി സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റിക്കു കീഴിലെ ജവഹർ ബാലജനവേദി മുൻ പ്രസിഡന്റുമായ സയാൻ സാക്കിർ കാനഡയിൽ കോളേജ് യൂനിയൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒണ്ടാരിയോ പ്രവിശ്യയിലെ ലണ്ടൻ നഗരത്തിലെ ഫാൻഷോ കോളേജിലെ വിദ്യാർഥി യൂനിയൻ കാബിനറ്റിലെ മൂന്ന് സ്ഥാനങ്ങളിൽ ഒന്നായ സെക്രട്ടറിയായാണ് സയാൻ തെരഞ്ഞെടുക്കപ്പെട്ടത്.
കോളേജിന്റെ ചരിത്രത്തിൽ രണ്ടാമത്തെ പ്രാവശ്യമാണ് ഒരു കാനഡകാരനല്ലാത്ത വിദ്യാർഥി ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
കഴിഞ്ഞ മാസം നടന്ന കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് എട്ട് അംഗങ്ങളുള്ള വിദ്യാർഥി പ്രതിനിധി കൗൺസിലിലേക്ക് നേരിട്ട് സയാൻ വിജയിച്ചത്. ഇരുപതിനായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന കോളേജിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനാറു പേരാണ് ഡയറക്ടർ സ്ഥാനത്തേക്ക് മത്സരിച്ചത്.
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയായിരിക്കുമ്പോൾ അസിസ്റ്റന്റ് ഹെഡ് ബോയിയായിരുന്നു സയാൻ. ഒ ഐ സി സി ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണയുടെയും ആയിഷ ലൈലയുടെയും മകനാണ്. സയാൻ കഴിഞ്ഞ വർഷമാണ് ജിദ്ദയിൽനിന്ന് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു ഉപരിപഠനത്തിന് കാനഡയിലേക്കു പോയത്.