ദുബായ്- ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയതിന് അറസ്റ്റിലായ 12 ചൈനക്കാര്‍ക്കെതിരെ കുറ്റം ചുമത്തി. നായിഫ് പ്രദേശത്തെ ഫ്‌ളാറ്റ് ചൂതാട്ട കേന്ദ്രമാക്കിയതിന് അറസ്റ്റിലായവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. ഫ്‌ളാറ്റില്‍ ചൂതാട്ടം നടന്നിരുന്നുവെന്ന് മുഖ്യപ്രതിയായ 43 കാരി വീട്ടമ്മ സമ്മതിച്ചു. ചൂതാട്ടം നടക്കുന്നതിനിടയില്‍ ചതി നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയായിരുന്നു തങ്ങളുടെ ജോലിയെന്ന് അറസ്റ്റിലായ മറ്റു രണ്ട് സ്ത്രീകള്‍ സമ്മതിച്ചു. ജൂണ്‍ 15-നായിരുന്നു അറസ്റ്റ്. ഇവര്‍ക്കെതിരായ കുറ്റപത്രം ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതയില്‍ നല്‍കി.
ഫ്‌ളാറ്റില്‍ താമസിക്കുന്ന ഒരു പുരുഷന്റേയും സ്ത്രീയുടേയും പക്കല്‍ മയക്കുമരുന്നുണ്ടെന്ന വിവരമാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ നാലിന് ഫ്‌ളാറ്റ് റെയ്ഡ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷനില്‍നിന്ന് അനുമതി നേടി. ഇവരെ അറസ്റ്റ് ചെയ്ത് ഫ്‌ളാറ്റും കാറുകളും റെയ്ഡ് ചെയ്‌തെങ്കിലും നാര്‍കോട്ടിക്‌സ് പോലീസിന് ഒന്നും കണ്ടെത്താനായില്ല.
ജൂണ്‍ 15-ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തപ്പോഴാണ് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം ഒരു മുറിയില്‍ ചൂതുകളിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. 20,000 ദിര്‍ഹം, 850 ഡോളര്‍, 10 കുവൈത്തി ദിനാര്‍ ഇവിടെ ഒരു പഴ്‌സില്‍ കണ്ടെത്തി. ചൂതു കളിക്കാന്‍ ഉപയോഗിച്ച മേശക്കുമുകളിലും പണവും ചെക്കുകകളും കണ്ടെത്തിയെന്നും പോലീസ് കോടതിയില്‍ ബോധിപ്പിച്ചു.
മൂത്രം പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് പ്രതികളെ നാര്‍കോട്ടിക്‌സ് ജനറല്‍ ഡയരക്ടറേറ്റ് നായിഫ് പോലീസിന് കൈമാറിയത്.