ദേവസ്വം ഭൂമി കൈയേറ്റം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം

തിരുവനന്തപുരം- മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. കൈയ്യേറ്റം അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്ന് റവന്യു വകുപ്പ് ഉത്തരവിട്ടു. കുട്ടനാട്ടിലെ മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി തോമസ് ചാണ്ടി അനധികൃതമായി കൈവശപ്പെടുത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം അധികൃതരാണ് സര്‍ക്കാരിനെ സമീപിച്ചത്. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമയ്ക്ക് നല്‍കിയ 365 പേജുള്ള പരാതിക്കൊപ്പം തെളിവുകളായി 77 രേഖകളും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അമൃതകുമാര്‍ പറഞ്ഞു. 

 

മന്ത്രിയുടെ കുട്ടനാട്ടിലെ വീടിന്റെ തൊട്ടടുത്ത ദേവസ്വം ഭൂമി യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ചു കൊടുക്കാന്‍ ഇടപെടണമെന്നാണ് പരാതക്കാരുടെ ആവശ്യം. ഈ ഭൂമി സംബന്ധിച്ച് ലാന്‍ഡ് ട്രൈബ്യൂണലില്‍ നിലനില്‍ക്കുന്ന കേസ് നീട്ടികൊണ്ടു പോകുന്നത് അധികാരം ഉപയോഗിച്ചാണമെന്നും ദേവസ്വം ആരോപിക്കുന്നു.

 

പോള്‍ ഫ്രാന്‍സിസ് എന്നയാളാണ് വ്യാജ പട്ടയം ഉണ്ടാക്കി ദേവസ്വം ഭൂമി സ്വന്തമാക്കിയത്. പിന്നീട് വെറും ഏഴ് ലക്ഷത്തിന് ഇദ്ദേഹത്തില്‍ നിന്ന് തോമസ് ചാണ്ടി വാങ്ങി. ഈ ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണലിനെ സമീപിക്കുകയും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി ഇടപാട് റദ്ദാക്കുകയും ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയും ഈ നടപടി ശരിവച്ചു. നാലു മാസത്തിനകം യഥാര്‍ത്ഥ ഉടമയ്ക്ക് ഭൂമി തിരിച്ചു നല്‍കണമെന്ന് 2014 സെപ്തംബറില്‍ ഹൈക്കോടതി നിര്‍ദേശച്ചിരുന്നെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടികൊണ്ടു പോകുകയായിരുന്നെന്നും പരാതിക്കാര്‍ പറയുന്നു. 

Latest News