Sorry, you need to enable JavaScript to visit this website.

ശശി തരൂരിനെ മുന്നില്‍ നിര്‍ത്തി കേരളം പിടിക്കാന്‍ കോണ്‍ഗ്രസ് 

ന്യൂദല്‍ഹി-സിപിഎം നേതൃത്വത്തിലുള്ള ഇടത് പക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ ഇരിക്കുന്ന കേരളത്തില്‍ അധികാരം പിടിക്കുകയാണ് കോണ്‍ഗ്രസിന്റെ  മുന്നിലെ വെല്ലുവിളി.കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20ല്‍ 19 സീറ്റുകളിലും വിജയം നേടിയ കോണ്‍ഗ്രസ്  നേതൃത്വത്തിലുള്ള യുഡിഎഫ് പക്ഷേ ഒരുവര്‍ഷം പോലും തികച്ചില്ലാത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ എളുപ്പമാകില്ല എന്ന കണക്ക്കൂട്ടലിലാണ്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലടക്കം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് കെപിസിസിക്ക് നല്‍കും. ഗ്രൂപ്പ് പ്രവര്‍ത്തനവും അധികാരമോഹവും ആകരുത് സംഘടനാ പ്രവര്‍ത്തനം എന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് കെപിസിസിക്ക് നല്‍കിയത്.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗ്രൂപ്പിനതീതമായി പ്രവര്‍ത്തിക്കുന്നവര്‍ കെപിസിസി ഭാരവാഹികള്‍ ആകണം എന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പും തങ്ങളുടെ വിശ്വാസ്തര്‍ക്ക് വേണ്ടി നിലകൊള്ളുകയും 
ചെയ്തു. അതേസമയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുക എന്ന് കോണ്‍ഗ്രസ് നേതൃത്വവും തിരിച്ചറിയുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ കൂട്ടായ നേതൃത്വം പാര്‍ട്ടി ബൂത്ത് തലം മുതല്‍ ചലിപ്പിക്കും എന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിയുന്നു. എന്നാല്‍ യുവാക്കള്‍,സ്ത്രീകള്‍ എന്നിങ്ങനെ പാര്‍ട്ടി സംവിധാനത്തിന് പുറത്തുള്ള നല്ലൊരു വിഭാഗത്തിന്റെ പിന്തുണ നേടുന്നതിനായുള്ള ശ്രമങ്ങളും പാര്‍ട്ടി നടത്തും. വിദ്യാസമ്പന്നരും യുവാക്കളും മോഡി പ്രഭാവത്തില്‍ ബിജെപിയ്ക്ക് വോട്ടുചെയ്യുന്ന 
സാഹചര്യം നിലവിലുണ്ട്. അത് മാറണം എന്നും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം എംപി ശശി തരൂര്‍ പ്രസക്തനാകുന്നത്.ബിജെപി ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് തിരുവനന്തപുരത്ത് വിജയിച്ച തരൂര്‍ കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും സ്വീകാര്യനാണ്.
അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ താര പ്രചാരകനായി ശശി തരൂര്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.സ്ഥാനാര്‍ഥി നിര്‍ണയത്തിലും ശശി തരൂരിന്റെ നിലപാട് നിര്‍ണായകമാകും.കൂടുതല്‍ യുവാക്കള്‍ മത്സരരംഗത്തേക്ക് കടന്ന് വരുന്നതിനെ തരൂര്‍ അനുകൂലിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ പല തീരുമാനങ്ങളും ഹൈക്കമാന്‍ഡ് ശശി തരൂരിന്റെ അഭിപ്രായം കൂടി കണക്കിലെടുത്തേ പ്രഖ്യാപിക്കൂ.എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനും കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്നതിന് നല്ല പ്രചരണ തന്ത്രത്തിന് രൂപം നല്‍കണം എന്ന അഭിപ്രായമാണ് ഉള്ളത്. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് പ്രവര്‍ത്തനത്തെ പൂര്‍ണമായും അവഗണിച്ച് മുന്നോട്ട് പോകുന്നതിന് കഴിയില്ലെന്നും കെസി വേണുഗോപാലിന് അറിയാം.മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി തര്‍ക്കം ഉണ്ടായാല്‍ പോലും അത് പാര്‍ട്ടിയുടെ 
വിജയം തകര്‍ക്കുമെന്ന് ഹൈക്കമാന്‍ഡിനും അറിയാം. മാത്രമല്ല സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം ഉണ്ടായാല്‍ തന്നെ അത് വലിയ ഗ്രൂപ്പ് പോരായി മാറുമെന്നും നേതാക്കള്‍ തിരിച്ചറിയുന്നു. ഇങ്ങനെയുള്ള അവസരം അനുവദിക്കാതിരിക്കാനും നേതൃത്വം ശ്രമിക്കും. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ പാര്‍ട്ടിയില്‍ സ്വീകാര്യനായ ശശി തരൂരിന് നിര്‍ണ്ണായക റോള്‍ ഉണ്ടാകും.തര്‍ക്കം ഒഴിവാക്കുക എന്നതാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്ന കാര്യം. ശശി തരൂരിന് പൊതു സമൂഹത്തില്‍ ഉള്ള സ്വീകാര്യത അദേഹത്തെ പ്രചാരണ രംഗത്ത് സജീവമായി ഇറക്കുന്നതിലൂടെ പാര്‍ട്ടിക്ക് നേട്ടമാക്കി മാറ്റാന്‍ കഴിയുമെന്നും 
നേതൃത്വം വിലയിരുത്തുന്നു.എന്നാല്‍ പാര്‍ട്ടിയുടെ താര പ്രചാരകരുടെയടക്കം കാര്യത്തില്‍ ഇപ്പോള്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല,എന്നാല്‍ ഇത് സംബന്ധിച്ച ചില ചര്‍ച്ചകള്‍ ഏറെ വൈകാതെ തന്നെ നടന്നേക്കും.സിപിഎം തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ ബൂത്ത് കമ്മറ്റികള്‍,മണ്ഡലം,ബ്ലോക്ക് കമ്മറ്റികള്‍ എന്നിവയൊക്കെ സജീവമാക്കുന്നതിനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്.
 

Latest News