തിരുവനന്തപുരം- ലോക്ഡൗണിനെ തുടർന്ന് അടഞ്ഞുകിടന്നിരുന്ന വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ ഫിക്‌സഡ് ചാർജ് ആറുമാസത്തേക്ക് മാറ്റിവെക്കാനും ബില്ലിൽ ഇളവ് വരുത്താനും തീരുമാനം. ഈടാക്കുന്ന പലിശ 18 ശതമാനത്തിൽ നിന്ന് 12 ആയി കുറക്കുന്നതിനും കെ.എസ്.ഇ.ബി തീരുമാനിച്ചു.
വൈദ്യുതി ഉപഭോഗം കുറഞ്ഞ സമയത്തും ഇത്രയധികം തുക ഫിക്‌സഡ് ചാർജായി ഈടാക്കുന്നതിലുള്ള പരാതിയെ തുടർന്നാണ് തീരുമാനം. വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടേയും സ്വകാര്യ ആശുപത്രികളുടേയും ലോക്ഡൗൺ കാലയളവിലെ വൈദ്യുതി ബില്ലിലെ ഫിക്‌സഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകുന്നതിന് തീരുമാനിച്ചു. ഫിക്‌സഡ് ചാർജിലെ ബാക്കി തുക അടക്കുന്നതിന് 2020 ഡിസംബർ വരെ സാവകാശം നൽകുന്നതിനും ഈ കാലയളവിൽ പലിശ ഈടാക്കില്ല. ഗാർഹിക ഉപഭോക്താക്കൾക്ക് ബിൽ തുക ഒന്നിച്ച് അടക്കുന്നതിന് പ്രയാസമുള്ള ഉപഭോക്താക്കൾക്ക് ലോക്ഡൗൺ കാലയളവിലെ വൈദ്യുതി ബില്ലുകളിൽ പകുതി അടക്കുന്ന പക്ഷം ബാക്കി തുകക്ക് രണ്ടു തവണകളായി ഒടുക്കാം.