റിയാദ് - മാസ്‌കുകൾ ധരിക്കാത്ത യാത്രക്കാരെ എയർപോർട്ടുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവ് ഇബ്രാഹിം അൽറുഅസാ അറിയിച്ചു. ഇ-ടിക്കറ്റ് കൈവശമില്ലാത്തവരെയും വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. അത്യാവശ്യമല്ലെങ്കിൽ നിലവിലെ സാഹചര്യത്തിൽ ആരും യാത്ര ചെയ്യരുത്.
എയർപോർട്ടുകളിൽ പ്രവേശിക്കുന്നതു മുതൽ യാത്ര അവസാനിക്കുന്നതു വരെയുള്ള സമയത്ത് യാത്രക്കാരും വിമാന ജീവനക്കാരും എയർപോർട്ട് ഉദ്യോഗസ്ഥരും പാലിക്കേണ്ട മുൻകരുതൽ, പ്രതിരോധ നടപടികളും വിമാനത്താവളങ്ങളിലും വിമാനങ്ങൾക്കകത്തും മറ്റു പശ്ചാത്തല സൗകര്യങ്ങളിലും നടപ്പാക്കേണ്ട മുൻകരുതൽ, പ്രതിരോധ നടപടികളും അടങ്ങിയ മാർഗനിർദേശ ഗൈഡ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയിട്ടുണ്ട്.
വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ശരീര താപനില പരിശോധിക്കും. ശരീര താപനില ഉയർന്നവരെയും കൊറോണബാധ സംശയിക്കുന്ന മറ്റു ലക്ഷണങ്ങളുള്ളവരെയും വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നും ഇബ്രാഹിം അൽറുഅസാ പറഞ്ഞു.