Sorry, you need to enable JavaScript to visit this website.

മരണം: അനിവാര്യമായ യാഥാർഥ്യം 


'മരണം വാതിൽക്കലൊരുനാൾ; മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ' എന്ന വയലാറിന്റെ പ്രസിദ്ധമായ വരികൾ ഈ കോവിഡ് കാലത്തെ നമ്മെ ഏറെ ചിന്തിപ്പിക്കുന്നു. മരണത്തെ കൊട്ടിയടക്കാൻ വേണ്ടി അടവുകൾ പലതും പയറ്റിയിട്ടും വിദ്യകൾ പലതും പരീക്ഷിച്ചിട്ടും മനുഷ്യന് മരണത്തിനു മുന്നിൽ പരാജയപ്പെടാനേ സാധിക്കുന്നുള്ളൂ. മരണത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മനുഷ്യർ ഓടിപ്പോകുന്ന വൻ രാജ്യങ്ങൾ മരണങ്ങൾക്ക് മുമ്പിൽ ഒന്നും ചെയ്യാനാവാതെ പകച്ചു നിൽക്കുകയാണ്. എല്ലാം തികഞ്ഞവരെന്നു പലരും കരുതുന്ന അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേരുടെ ജീവൻ അവിടെ പൊലിഞ്ഞിരിക്കുന്നു. മൃതശരീരങ്ങൾ തേടി മഞ്ചലുകൾ ഓരോരുത്തരുടെയും വാതിലുകൾക്ക് മുമ്പിൽ വന്നു നിൽക്കുകയാണവിടങ്ങളിൽ. ശവമഞ്ചങ്ങൾ പേറി ഓരോ ദിവസവും മഹാനഗരങ്ങളുടെ തെരുവീഥികളിലൂടെ നൂറുകണക്കിന് ആംബുലൻസുകൾ ചീറിപ്പായുന്നു. മരിച്ചുവീഴുന്ന ആയിരങ്ങളുടെ നേർക്ക് നിർവികാരരായി നോക്കിനിൽക്കാനല്ലാതെ മരണമെന്ന യാഥാർഥ്യത്തിൽ നിന്നും അവരെ രക്ഷപ്പെടുത്താൻ ഒരു ശാസ്ത്രത്തിനും സാങ്കേതികതയ്ക്കും ആവാതെ വരുമ്പോൾ മനുഷ്യന്റെ ദുർബലത എത്രമാത്രമാണെന്നു ബോധ്യമാകുന്നു.


മനുഷ്യൻ വളരെ ദുർബലനാണ് എന്നാണ് ഖുർആൻ (428) നമ്മോട് പറയുന്നത്. ലോകം കീഴടക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കാനും മനുഷ്യന് സാധിക്കുമെങ്കിലും സ്വന്തം ജീവൻ നിലനിർത്താൻ മനുഷ്യന് സാധിക്കുന്നില്ല എന്നത് മനുഷ്യന്റെ നിസ്സാരതയെ വിളിച്ചറിയിക്കുന്നു. വലിയ കണ്ടുപിടിത്തങ്ങൾ നടത്തുമ്പോഴും ചെറിയ കീടാണുക്കൾ ഉയർത്തുന്ന വെല്ലുവിളികൾക്ക് മുമ്പിൽ മനുഷ്യൻ നിസ്സഹായനാവുന്നു. സുന്ദരമായ ശരീരഘടനയും ഭംഗിയുള്ള അവയവങ്ങളും ദൃഢമായ എല്ലുകളും, മാംസളമായ ശരീരവും എല്ലാമുള്ള മനുഷ്യന് സ്വന്തം ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള കഴിവുകൾ വളരെ പരിമിതമാണ്. ശ്വാസോച്ഛ്വാസം, ഹൃദയത്തിന്റെ മിടിപ്പുകൾ, നാഡീവ്യൂഹങ്ങളുടെ വ്യവസ്ഥ, മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ നൈമിഷിക വിരാമം പോലും പാടില്ലാത്ത മനുഷ്യന്റെ ജീവൻ നിലനിൽക്കാൻ അനിവാര്യമായ പ്രവൃത്തികൾ നിയന്ത്രിക്കാൻ അവൻ അശക്തനാണ്. മനുഷ്യ ശരീരം പ്രവർത്തിക്കുന്നതാണ് അത്ഭുതം, സങ്കീർണ്ണതകൾ നിറഞ്ഞ അത് പ്രവർത്തിക്കാതിരിക്കുന്നതിലല്ല. സർവശക്തനായ സ്രഷ്ടാവിന്റെ സമ്പൂർണ്ണമായ നിയന്ത്രണത്തിൽ മാത്രമാണ് അവയുടെ പ്രവർത്തനങ്ങളെല്ലാം.  
'നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങൾക്ക് വന്നെത്തുക തന്നെ ചെയ്യും; നിങ്ങൾ ബലിഷ്ഠമായ കോട്ടകളിലാണെങ്കിലും' (4:78) എന്ന ഖുർആൻ വചനം മരണമെന്ന യാഥാർഥ്യത്തിൽ നിന്നും രക്ഷപ്പെടാൻ മനുഷ്യന് സാധ്യമല്ലെന്നു ഓർമ്മപ്പെടുത്തുന്നു. ജനിച്ചാൽ മരണം ഉറപ്പാണ്. 'കുല്ലു നഫ്‌സിൻ ദാഇഖത്തുൽ മൗത്ത്' എന്ന പ്രസിദ്ധമായ വചനത്തിലൂടെ എല്ലാ ആത്മാവും മരണം രുചിക്കുമെന്നും ഖുർആൻ (3:185) നമ്മെ അറിയിക്കുന്നു.


കോവിഡ് മരണവാർത്തകൾ കാതുകളിൽ മുഴങ്ങുമ്പോൾ അത് നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.  പ്രവാസ ലോകത്ത് നിന്നും കേൾക്കുന്ന വാർത്തകൾ നമ്മെ നൊമ്പരപ്പെടുത്തുന്നു. ഗർഭിണികൾ അടക്കമുള്ള ഒട്ടേറെ സഹോദരീ സഹോദരന്മാർ കഴിഞ്ഞ ദിവസങ്ങളിലായി നമ്മോട് വിടപറഞ്ഞു. പനി, ചുമ, ശ്വാസതടസ്സം, ഹൃദയസ്തംഭനം, ഹൃദയാഘാതം തുടങ്ങിയ വ്യത്യസ്ത കാരണങ്ങളാണ് ഡോക്ടർമാർ മരണത്തിനായി പറയുന്നത്. സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാൻ സാധിക്കാതെ, വർഷങ്ങളോളം കുടുംബാംഗങ്ങളെ കാണാൻ സാധിക്കാതെ, ഒരു യാത്രാമൊഴി പോലും പറയാൻ കഴിയാതെ ഉറ്റവരെയും ഉടയവരെയും ഓർത്തുകൊണ്ട് പ്രവാസ ലോകത്തിരുന്ന് കണ്ണീർ വാർത്ത് മരണത്തിന് കീഴടങ്ങിയ നമ്മുടെ സഹോദരങ്ങളിൽ മഹാഭൂരിപക്ഷവും ചെറുപ്പക്കാരായിരുന്നു. അവരുടെ ആരോഗ്യമോ ചുറുചുറുക്കോ അവരെ രക്ഷപ്പെടുത്തിയില്ല. എല്ലാവർക്കും ഒരു നിർണ്ണിതകാലം ഈ ലോകത്ത് സർവ്വശക്തൻ നിശ്ചയിച്ചിട്ടുണ്ട്.  അതുവന്നെത്തിയാൽ ഒരു നിമിഷം മരണം കാത്തുനിൽക്കില്ല. 'തീർച്ചയായും അല്ലാഹു നിശ്ചയിച്ച നിർണ്ണിത സമയം വന്നാൽ അത് നീട്ടി നൽകപ്പെടുകയില്ല'. (ഖുർആൻ 71-4). മരിച്ചവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അവരെയോർത്ത് കണ്ണീർ വാർക്കുന്ന സന്തപ്ത കുടുംബങ്ങൾക്ക് ശാന്തി ലഭിക്കാൻ അവരെ നമുക്കാശ്വസിപ്പിക്കാം. അവരുടെ ജീവിത പ്രയാസങ്ങളിൽ തണലായി മാറാൻ നമുക്കും അവരോടൊപ്പം കൂട്ടുകൂടാം. നമ്മുടെ സഹോദരങ്ങളിൽ പലരും വിവിധ ആശുപത്രികളിലും അത്യാഹിത വിഭാഗങ്ങളിലും ഐസൊലേഷൻ വാർഡുകളിലും മരണത്തോട് മല്ലിട്ട് കഴിയുകയാണ്. അവർക്ക് ആരോഗ്യസ്ഥിതി വീണ്ടെടുക്കാനും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരാനും സാധ്യമാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.


അല്ലാഹു നിശ്ചയിച്ച സമയം വന്നെത്തിയാൽ അതിലേക്ക് മനുഷ്യന് മടങ്ങിപ്പോവുകയല്ലാതെ നിവൃത്തിയില്ല. ചെറുപ്പക്കാരുടെ മരണ വാർത്ത കേൾക്കുമ്പോൾ ആകസ്മികം, അകാലം തുടങ്ങിയ പ്രയോഗങ്ങൾ നാം നടത്താറുണ്ട്. അപ്രതീക്ഷിതമായി കടന്നുവരുന്ന മരണങ്ങളെ അങ്ങനെ വിശേഷിപ്പിക്കുമ്പോൾ നാം മറന്നു പോകുന്ന ഒരു യാഥാർഥ്യമുണ്ട്. മരണത്തിനു ചെറുപ്പവലിപ്പങ്ങളില്ല. കാലവും സമയവുമില്ല.  നിശ്ചയിക്കപ്പെട്ട നിർണിത സമയത്തിലേക്കുള്ള യാത്രയിലാണ് നാമെല്ലാമുള്ളതെന്ന യാഥാർഥ്യത്തെ നാം ആലങ്കാരിക പ്രയോഗങ്ങളിലൂടെ വിസ്മരിക്കുന്നതിനു പകരം ഒരാളുടെ മരണം എപ്പോൾ സംഭവിക്കുന്നുവോ അതാണ് അയാൾക്ക് ഈ ഭൂമിയിൽ നിശ്ചയിക്കപ്പെട്ട നിർണിത സമയം എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. 'ചുമരിൽ ഒരു ഘടികാരം തൻ സൂചിയിളക്കി കൊണ്ട് പറഞ്ഞു, മനുഷ്യാ നിൻ ജീവിത സമയം ചെത്തിനുറുക്കുന്നു, നിന്നുടെ മരണത്തിൻ സമയമളന്നു കുറിക്കുകയല്ലോ ഞാൻ' എന്ന ഇ.കെ.എം പന്നൂരിന്റെ കാവ്യശകലങ്ങൾ മരണത്തിന്റെ ക്ലിപ്തതയെ സൗന്ദര്യാത്മകമായി വിവരിക്കുന്നത് സാന്ദർഭികമായി ഓർത്തുപോകുന്നു.  


ഈ ലോകത്ത് മരണങ്ങൾ സംഭവിക്കുന്നത് ചില കാരണങ്ങളിലൂടെയാണ്. മരണത്തിലേക്കെത്തിപ്പെടാൻ ഒരു രോഗം, അല്ലെങ്കിൽ ഒരു അത്യാഹിതം, അതുമല്ലെങ്കിൽ മറ്റെന്തെങ്കിലുമൊരു കാരണം. ഈ കാരണങ്ങളിൽ പലതും നമുക്ക് സ്രഷ്ടാവ് നേരത്തെ കാണിച്ചു തരുന്നു. അത്തരം കാരണങ്ങളുടെ ഓരങ്ങളിലൂടെ സഞ്ചരിക്കാതിരിക്കാൻ അവൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. അതിൽ നിന്നും മുക്തി നേടാനുള്ള ചികിത്സ തേടാനും അവൻ നമ്മോട് പറയുന്നു. പ്രവാചകൻ പറഞ്ഞു: 'ഒരാളും മരണത്തെ ആഗ്രഹിക്കരുത്, നല്ലവനാണെങ്കിൽ അയാൾക്ക് നന്മ ഇനിയും വർദ്ധിപ്പിക്കാം; ദുഷിച്ചവനാണെങ്കിൽ അയാൾക്ക് മാനസാന്തരപ്പെടാം' (ബുഖാരി). മരണ കാരണങ്ങളാവുന്ന എന്തിൽ നിന്നും, രോഗമാവട്ടെ, അത്യാഹിതമാവട്ടെ, രക്ഷ നേടാനാണ് ഒരു വിശ്വാസി ശ്രമിക്കേണ്ടത്. കോവിഡ് കാലത്ത് പരമാവധി അകലം പാലിക്കാനും സമ്പർക്കം ഇല്ലാതിരിക്കാനുമാണ് മതവും ശാസ്ത്രവും നമ്മോട് പറയുന്നത്. രോഗം പിടിപെടാനും രോഗം വർധിക്കാനും സമ്പർക്കങ്ങളും ശുചിത്വമില്ലായ്മയും കാരണമാകുന്നു. അവ ഗൗനിക്കാതെ മരണത്തിനു കാരണമായേക്കാവുന്ന അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത്  കുറ്റകരമായിത്തീരുന്നു. രോഗം സംക്രമിക്കാനും പടരാനും നാം കാരണമായാൽ അതും അല്ലാഹുവിങ്കൽ ചോദ്യം ചെയ്യപ്പെടുമെന്ന കാര്യം മനസ്സിലാക്കുക. ആരാധന നിർവഹിക്കേണ്ടത് രോഗം പരത്തിക്കൊണ്ടാവാൻ പാടില്ല എന്നതുകൊണ്ടാണ് പള്ളികൾ പോലും അടച്ചിടേണ്ടി വന്നത്. പള്ളികൾ തുറക്കുമ്പോൾ സൂക്ഷിക്കേണ്ട മര്യാദകളും നിയമങ്ങളുമെല്ലാം പണ്ഡിതന്മാരും അധികാരികളും പറഞ്ഞുകഴിഞ്ഞു.  സാധാണഗതിയിൽ സ്വഫുകളിൽ വിടവില്ലാതെ സൂക്ഷിക്കണമെന്ന് ഉപദേശിക്കുന്ന പണ്ഡിതന്മാർ ഇപ്പോൾ രണ്ടു മീറ്റർ വിടവ് നിർബന്ധമാണെന്ന് പറയുന്നു. മറ്റനേകം 'ശർത്വുകളും' അവർ പറഞ്ഞുകഴിഞ്ഞു. മതനിയമങ്ങൾ മാറുന്നതുകൊണ്ടല്ല, മറിച്ച് അടിസ്ഥാന നിയമം മനുഷ്യന്റെ സുരക്ഷയിൽ അധിഷ്ഠിതമാണ് എന്നതുകൊണ്ടാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നിശ്ചയിക്കപ്പെട്ട അകലത്തിൽ നിന്നും കുറവുവരുത്തുന്നത് ആയിരിക്കും കുറ്റകരമായിത്തീരുക. മതവും മതനിയമങ്ങളും സന്ദർഭവും സാഹചര്യവും അനുസരിച്ച് മനുഷ്യന്റെ ഇഹപര നന്മയിൽ അധിഷ്ഠിതമാണ് എന്നതാണ് അതിനെ കാലാതിവർത്തിയാക്കിത്തീർക്കുന്നത്.  
'സകല ആസ്വാദനങ്ങളുടെയും അന്തകനായ മരണത്തെ സദാ ഓർത്തുകൊള്ളുക' എന്ന പ്രവാചക നിർദ്ദേശം നാം ജീവിതത്തിൽ പാലിക്കുക.

മരണത്തിൽ നിന്നും രക്ഷപ്പെടാനോ ഒരൽപം കാലതാമസം ചോദിക്കുവാനോ നമുക്ക് സാധിക്കില്ല. ഖുർആൻ പറയുന്നു: 'എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കിൽ ഞാൻ ദാനം നൽകുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്. ഒരാൾക്കും അയാളുടെ അവധി വന്നെത്തിയാൽ അല്ലാഹു നീട്ടിക്കൊടുക്കുകയേ ഇല്ല'. (63:10,11). ഈ വചനങ്ങളെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത് എപ്പോൾ മരിച്ചാലും ഉത്തരവാദിത്തങ്ങളും ബാധ്യതകളും നിർവഹിച്ചു കൊണ്ട് മരിക്കാൻ സാധിക്കണമെന്ന ദൈവിക കൽപനയാണ്. 'വിശ്വാസികളെ, നിങ്ങൾ മുസ്ലിംകളായിട്ടല്ലാതെ മരണപ്പെടരുത്' എന്ന ഖുർആൻ വചനം നാം ആഴത്തിൽ മനസ്സിലാക്കണം.  കേവലം മുസ്ലിം പേര് കൊണ്ട് രക്ഷപ്പെടാൻ സാധിക്കുമെന്നല്ല ഈ വചനം പഠിപ്പിക്കുന്നത്. മറിച്ച് സർവശക്തനായ സ്രഷ്ടാവിന്റെ നിയമങ്ങൾക്ക് പൂർണ്ണമായും കീഴ്‌പ്പെട്ടും അവനെ അനുസരിച്ചും മരണപ്പെടുക എന്നതാണ്. അവസാന വാചകം അവന്റെ ഏകത്വത്തെ പ്രഖ്യാപിക്കുന്ന 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നായിരിക്കണം. ആ കലിമയുടെ പൊരുൾ മനസ്സിലാക്കി അത് പ്രസരിപ്പിക്കുന്ന ഉന്നതമായ ആശയങ്ങളുടെയും സാമൂഹ്യബോധത്തിന്റെയും വാഹകരായിത്തീരുകയാണ് വേണ്ടത്. അല്ലാഹുവിനോടുള്ള ബാധ്യതകൾ നിർവഹിച്ചുവെന്ന സംതൃപ്തമായ മരണം സാധ്യമാവണം. 'സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. എന്റെ അടിയാൻമാരുടെ കൂട്ടത്തിൽ പ്രവേശിച്ചു കൊള്ളുക; എന്റെ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക' (89:27-30) എന്ന സന്ദേശം ലഭിക്കുന്നവരാണ് മരണത്തിലൂടെ ഭാഗ്യം സിദ്ധിക്കുന്നവർ.  നാം സ്‌നേഹിക്കുന്ന നമ്മെ സ്‌നേഹിക്കുന്നവരുടെ മുഴുവൻ ഉത്തരവാദിത്തവും പൂർണ്ണമായും നിർവഹിച്ചുവെന്ന പൂർണ്ണമായ ബോധ്യത്തോടെ അന്തസ്സാർന്ന മരണം വരിക്കാൻ സർവശക്തൻ നമ്മെ തുണക്കട്ടെ.

Latest News