മക്ക - വിശുദ്ധ റമദാനിൽ പകൽ സമയത്ത് മക്കയിൽ ബഖാല കൊള്ളയടിച്ച മൂന്നംഗ സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ബർമക്കാരാണ് അറസ്റ്റിലായത്. റോഡിൽ ആളില്ലാത്ത നേരം നോക്കി കാറിൽ എത്തിയ സംഘത്തിൽ രണ്ടു പേർ ബഖാലയിൽ പ്രവേശിക്കുകയും മൂന്നാമൻ സ്ഥാപനം പുറത്തുനിന്ന് പൂട്ടി കാറിൽ കാത്തിരിക്കുകയുമായിരുന്നു.
ബഖാലക്കകത്ത് പ്രവേശിച്ച പ്രതികൾ തൊഴിലാളിയെ കെട്ടിയിട്ട് കൗണ്ടറിലുണ്ടായിരുന്ന പണവും മൊബൈൽ ഫോൺ റീചാർജ് കൂപ്പണുകളും തൊഴിലാളിയുടെ പഴ്‌സും മൊബൈൽ ഫോണും തട്ടിയെടുത്തു. ഇതിനു ശേഷം പുറത്ത് കാറിൽ കാത്തിരിക്കുകയായിരുന്ന കൂട്ടാളിയുമായി ഏകോപനം നടത്തി വാതിൽ തുറന്ന് ഇരുവരും പുറത്തിറങ്ങുകയും മൂവരും കൂടി കാറിൽ രക്ഷപ്പെടുകയുമായിരുന്നു.
ഉപയോക്താക്കളിൽ ഒരാൾ ബഖാലയിലെത്തിയപ്പോഴാണ് കെട്ടിയിട്ട നിലയിൽ തൊഴിലാളിയെ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ വകുപ്പുകളെ വിവരം അറിയിക്കുകയായിരുന്നു. ക്രിമിനൽ എവിഡെൻസ് ഡിപ്പാർട്ട്‌മെന്റും പട്രോൾ പോലീസും കഅ്കിയ പോലീസും എത്തി മേൽനടപടികൾ സ്വീകരിക്കുകയും കുറ്റാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥരെയും കഅ്കിയ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു.
ഊർജിതമായ അന്വേഷണത്തിലൂടെ സംഘത്തിൽ ഒരാളെയാണ് ആദ്യം തിരിച്ചറിഞ്ഞത്. നിരവധി കേസുകളിൽ മുമ്പ് പ്രതിയായ ഈ യുവാവ് കൊലക്കേസിലും ഉൾപ്പെട്ടിരുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയതിനെ തുടർന്ന് സമീപ കാലത്താണ് പ്രതിയെ ജയിലിൽ നിന്ന് വിട്ടയച്ചത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയും കൂട്ടാളികളെ കുറിച്ച് വിവരം നൽകുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു രണ്ടു പ്രതികളെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. കോടതിയിൽ എത്തിച്ച് കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ശേഷം നിയമ നടപടികൾക്ക് മൂവരെയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതികളെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തുവരികയാണ്.