റിയാദ് - ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങളിലും കോൺട്രാക്ടിംഗ് മേഖലാ സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും പാലിക്കേണ്ട പ്രതിരോധ, മുൻകരുതൽ നടപടികൾക്ക് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ അംഗീകാരം. സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ, സുരക്ഷ കാത്തുസൂക്ഷിക്കുന്നതിന് സഹായകമാകും വിധം കൊറോണ വ്യാപനം തടയാനുള്ള പ്രതിരോധ, മുൻകരുതൽ നടപടികൾ പുനഃപരിശോധിക്കാനും പതിവായി നവീകരിക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ അധ്യക്ഷതയിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ നേരത്തേ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങളിലും കോൺട്രാക്ടിംഗ് മേഖലാ സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും പാലിക്കേണ്ട പ്രതിരോധ, മുൻകരുതൽ നടപടികൾക്ക് ആഭ്യന്തര മന്ത്രി അംഗീകാരം നൽകിയത്. ഊർജ, ആരോഗ്യ, ധന, മാനവശേഷി-സാമൂഹിക വികസന, വ്യവസായ മന്ത്രാലയങ്ങൾ കമ്മിറ്റിയിൽ അംഗങ്ങളാണ്.
ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങളിലും ഷോപ്പിംഗ് മാളുകളിലും സെൻട്രൽ മാർക്കറ്റുകളിലും ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയും ഉൽപന്നങ്ങളുടെ സുരക്ഷയും പാലിക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ, പ്രതിരോധ നടപടികളും ബോധവൽക്കരണത്തിനും സംശയിക്കപ്പെടുന്ന കേസുകളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും പാലിക്കേണ്ട നടപടിക്രമങ്ങളും പ്രത്യേകം നിർണയിച്ചിട്ടുണ്ട്. കോൺട്രാക്ടിംഗ് മേഖലയിൽ തൊഴിലാളികളുടെ താമസ സ്ഥലം, വർക്ക് സൈറ്റുകൾ, ലിഫ്റ്റുകൾ, ഗോവണികൾ, മറ്റു ഉപകരണങ്ങൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട മുൻകരുതൽ, പ്രതിരോധ നടപടികളും പ്രത്യേകം നിർണയിച്ചിട്ടുണ്ട്. വ്യവസായ മേഖലയിൽ ഫാക്ടറികൾ, ഗോഡൗണുകൾ, ലോജിസ്റ്റിക് സേവനങ്ങൾ എന്നീ മേഖലകളിൽ കൊറോണ വ്യാപനം തടയാൻ സ്വീകരിക്കേണ്ട നടപടികളും നിർണയിച്ചിട്ടുണ്ട്.
ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങളുടെ വിസ്തീർണത്തിൽ പത്തു ചതുരക്ര മീറ്ററിന് ഒരാൾ എന്ന തോതിൽ ഉപയോക്താക്കളുടെ എണ്ണം നിർണയിച്ചിട്ടുണ്ട്. തുണി മാസ്‌കുകൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രത്യേകം ഉണർത്തണമെന്നും നിർദേശമുണ്ട്. മുൻകൂട്ടി ഓർഡർ ചെയ്ത ഉൽപന്നങ്ങൾ സ്വീകരിക്കുന്നതിന് ഉപയോക്താക്കൾക്ക് വേറിട്ട സ്ഥലങ്ങൾ നീക്കിവെക്കണം. സാധ്യമായത്ര പണമിടപാട് ഒഴിവാക്കുകയും ഡെലിവറി ജീവനക്കാരനും ഉപയോക്താവിനും ഇടയിൽ ശാരീരിക അകലം പാലിക്കുകയും വേണം.
പ്രവേശന കവാടങ്ങൾ, പുറത്തേക്കുള്ള വഴികൾ, പച്ചക്കറി വിഭാഗം പോലെ തിരക്കേറിയ സ്ഥലങ്ങളിൽ ഉപയോക്താക്കൾക്കിടയിൽ മതിയായ അകലം ഉറപ്പു വരുത്താൻ ക്യൂ ക്രമീകരിക്കുന്നതിന് നിലത്ത് സ്റ്റിക്കറുകൾ പതിക്കണം. ഷോപ്പിംഗ് ട്രോളികൾ ഉപയോഗിക്കുന്നതിനു മുമ്പും ഉപയോഗിച്ചു കഴിഞ്ഞ ശേഷവും കൈകൾ അണുവിമുക്തമാക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഒരു ഉപയോക്താവിനെ അനുഗമിച്ച് മറ്റൊരാളെ കൂടി മാത്രമേ അനുവദിക്കുകയുള്ളൂ. ഗ്രൂപ്പുകളായും കുടുംബ സമേതവും രണ്ടിൽ കൂടുതൽ പേരെ ഒരുമിച്ച് സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കരുത്.
കൊറോണബാധ ഏറ്റവുമധികം അപകടകരമായി മാറുന്ന വിഭാഗങ്ങളിൽ പെട്ടവർക്ക് ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ പ്രവേശം അനുവദിക്കാൻ പാടില്ല. വ്യാപാര സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളിൽ വെച്ച് ഉപയോക്താക്കളുടെ ശരീര ഊഷ്മാവ് പരിശോധിക്കണമെന്നും 38 ഡിഗ്രിയിൽ കൂടുതൽ ശരീര താപനിലയുള്ളവരെ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും നിർദേശമുണ്ട്.
ജീവനക്കാർ ജോലി സമയത്ത് മുഴുവൻ തുണി കൊണ്ടുള്ള മാസ്‌കുകൾ ധരിക്കൽ നിർബന്ധമാണ്. ഉപയോക്താക്കളുടെ ഉൽപന്നങ്ങൾ, എ.ടി.എം കാർഡുകൾ എന്നിവ സ്പർശിച്ച് ഓരോ ഉപയോക്താവിനെയും പിരിച്ചുവിട്ട ശേഷം ജീവനക്കാർ കൈകൾ അണുവിമുക്തമാക്കണം. ജീവനക്കാർക്കും ഉപയോക്താക്കൾക്കും ഉപയോഗിക്കുന്നതിന് ഓരോ സെയിൽസ് പോയന്റിലും കൈകൾ അണുവിമുക്തമാക്കാനുള്ള അണുനശീകരണികൾ ലഭ്യമാക്കണമെന്നും വ്യവസ്ഥയുണ്ട്.