Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കണമെന്ന് കെ. മുരളീധരന്‍

കോഴിക്കോട് - മദ്യപരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യം ദൈവവിശ്വാസികളുടെ കാര്യത്തിലും കാണിക്കണമെന്ന് കെ. മുരളീധരന്‍ എം.പി. മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കണം. മദ്യം ലഭിക്കാത്തവര്‍ പരിഭ്രാന്തരാകുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരാധനാലയങ്ങളില്‍ പോകാത്തവര്‍ അനുഭവിക്കുന്ന മനഃപ്രയാസം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ലെന്ന്  മുരളീധരന്‍ ചോദിച്ചു. എല്ലാ മാസവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്ന താന്‍ മൂന്ന് മാസമായി പോകാറില്ല. അതിന്റെ വിഷമതകള്‍ തനിക്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
വേണ്ടത്ര സുരക്ഷയൊരുക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനുമൊക്കെ ആരാധനാലയ ഭാരവാഹികളും ബന്ധപ്പെട്ടവരുമൊക്കെ തയാറാണ്. വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനമൊക്കെ ഇവിടെയും നടപ്പാക്കാമെന്നും മുരളീധരന്‍ പറഞ്ഞു. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ആരാധനാലയങ്ങളില്‍ പോകാന്‍ വിശ്വാസികള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.ആരാധനാലയങ്ങള്‍ തുറക്കുന്നത് കൊണ്ട് ഒരു വ്യാപനവും ഉണ്ടാവില്ല.
സംസ്ഥാനത്ത് ഇപ്പോള്‍ കൊറോണയുടെ സമൂഹ വ്യാപനമല്ല മദ്യത്തിന്റെ സമൂഹ വ്യാപനമാന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്. ആപ്പ് സര്‍ക്കാരിനെ ആപ്പാക്കും. മന്ത്രി ടി.പി രാമകൃഷ്ണന്‍ ഭാവിയില്‍ ഒരു പാട് കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.
ലോക് ഡൗണ്‍ കാലത്ത് മദ്യശാലകള്‍ തുറന്ന നടപടിക്കെതിരെ ശക്തമായ സമരപരിപാടികളുമായി യു.ഡി.എഫ് ഇറങ്ങുമെന്നും കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനം റിയാലിറ്റി ഷോയില്‍ നിന്നും കള്ളം പറയുന്ന ഷോയായി മാറി. സര്‍ക്കാര്‍ ചെലവില്‍ എങ്ങനെ കള്ളം പറയാമെന്ന് കാര്യത്തില്‍ ഗവേഷണം നടത്തുകയാണ് മുഖ്യമന്ത്രി.
ഗള്‍ഫില്‍ നിന്ന് വരുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നത് സര്‍ക്കാര്‍ ചെലവിലാകണം. പറ്റില്ലെങ്കില്‍ പറയണം. അവരെ ഏറ്റെടുക്കാന്‍ യു.ഡി.എഫ് തയ്യാറാണ്. ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന തുക സര്‍ക്കാര്‍ എങ്ങനെയാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നതെന്ന് വ്യക്തമാക്കണം. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു പുറത്തുള്ളവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതൊക്കെ നിസ്സാരവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും മുരളീധരന്‍ പറഞ്ഞു.

 

Latest News