കോഴിക്കോട്- നരിക്കുനി കാവുംപൊയിലില്‍ വച്ച് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മാധ്യമം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ സി.പി. ബിനീഷിനെതിരെ പ്രമേയം പാസാക്കുകയും അഞ്ചു പ്രതികൾക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത നരിക്കുനി പഞ്ചായത്ത് ഭരണസമിതിയുടെ നടപടി പ്രതിഷേധാർഹവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
മേയ് 20ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സി.പി. ബിനീഷിനെ കാവുംപൊയിലില്‍ വച്ച് ഒരുസംഘം പേര്‍ തടഞ്ഞുവെക്കുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണു ബിനീഷിനെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
സംഭവത്തില്‍ പ്രതികളായ അഞ്ചുപേരെ പിറ്റേന്ന് കൊടുവള്ളി പോലീസ് അറസ്റ്റും ചെയ്തു. കേസില്‍ അന്വേഷണം തുടര്‍ന്നുവരികയാണ്. വസ്തുതകള്‍ ഇതായിരിക്കെ പരാതിക്കാരനായ ബിനീഷിനെതിരെ പ്രമേയം പാസാക്കിയ പഞ്ചായത്ത് നടപടി അക്രമത്തെ ന്യായീകരിക്കലും പ്രതികളെ സംരക്ഷിക്കലുമാണ്. അക്രമത്തെ അപലപിക്കുന്നതിന് പകരം പരാതിക്കാരനെ ക്രൂശിക്കാൻ കൂട്ടുനില്‍ക്കുന്ന പഞ്ചായത്ത് നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയായി മാത്രമേ പൊതുസമൂഹം കാണൂ. നിയമം കൈയിലെടുക്കാനുള്ള ഒരു സംഘം ആളുകളുടെ നീക്കത്തെ തടയേണ്ട ഉത്തരവാദിത്തമുളളവർ തന്നെ അവര്‍ക്കൊപ്പം ചേര്‍ന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയുമുയർത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബിനീഷിനെതിരെ പ്രമേയം പിന്‍വലിക്കാനും അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാട് തിരുത്താനും നരിക്കുനി പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും ആവശ്യപ്പെട്ടു.