കോഴിക്കോട്- ഗുജറാത്തിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ മലയാളികളുമായി ശ്രമിക് ട്രെയിൻ കേരളത്തിലെത്തി. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട്ട് ഇന്നലെ രാവിലെ 10 മണിയോടെയാണ് ട്രെയിൻ എത്തിയത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ള യാത്രക്കാർ കോഴിക്കോട് സ്റ്റേഷനിൽ ഇറങ്ങി. ഓരോരുത്തരുടെയും പാസും ആരോഗ്യ നിലയും പരിശോധിച്ച ശേഷമാണ് സ്റ്റേഷനിൽനിന്ന് പുറത്തു വിടുക. ഇതിനായി 10 കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. യാത്രക്കാർക്കായി വിവിധ ജില്ലകളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സൗകര്യവും ഏർപ്പെടുത്തി.
ചൊവ്വാഴ്ച പുലർച്ചെ 12.30ന് ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്നാണ് രാജ്‌കോട്ട്-തിരുവനന്തപുരം ശ്രമിക് എക്‌സ്പ്രസ് പുറപ്പെട്ടത്. പുലർച്ചെ 4.25ന് അഹമ്മദാബാദ്, രാവിലെ 6.30ന് വഡോദര, രാവിലെ 8.40ന് സൂറത്ത് എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റി. ഈ നാലു സ്റ്റോപ്പുകളിൽനിന്ന് മാത്രമാണ് യാത്രക്കാരെ കയറ്റിയത്. ഇവർ യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പരിശോധനക്കായി സ്റ്റേഷൻ പരിസരത്ത് എത്തിയിരുന്നു. പൂർണമായും സൗജന്യമായാണ് യാത്ര. കൂടാതെ വിവിധ സ്റ്റേഷനുകളിൽവെച്ച് എല്ലാവർക്കും സൗജന്യ ഭക്ഷണവും വെള്ളവും റെയിൽവേ ഏർപ്പാടാക്കിയിരുന്നു. ചൊവ്വാഴ്ച വാസായി റോഡ് സ്റ്റേഷനിൽ ഉച്ചഭക്ഷണം, രത്‌നഗിരി സ്റ്റേഷനിൽനിന്ന് രാത്രി ഭക്ഷണം, പുലർച്ചെ നാലുമണിക്ക് മംഗളൂരുവിൽ നിന്ന് പ്രാതൽ എന്നിവയാണ് നൽകിയത്. തുടർ യാത്രക്കാർക്ക് കോഴിക്കോട് സ്റ്റേഷനിൽ നിന്ന് ഉച്ചഭക്ഷണവും നൽകി.