ദമാം- കോവിഡ് മഹാമാരിയുടെ വ്യാപനം ഗൾഫ് നാടുകളിൽ ശക്തമായതോടെ നാട്ടിലേക്ക് മടങ്ങുന്നതിനായി പ്രവാസികൾ നെട്ടോട്ടമോടുന്നു. രോഗികളായവർ തുടർ ചികിത്സക്ക് വേണ്ടിയും ഗർഭിണികളും ജോലി മതിയാക്കി എക്‌സിറ്റ് അടിച്ചവരും, നീണ്ട അവധിയിലോ അവധി കിട്ടിയില്ലെങ്കിൽ പ്രവാസം മതിയാക്കിയോ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുമായ നിരവധി പേർ മടക്കയാത്രക്കുള്ള ശ്രമത്തിലാണ്. ഒരു സ്വകാര്യ വിമാനക്കമ്പനി കഴിഞ്ഞ ദിവസം വാർത്താ കുറിപ്പിലൂടെ അറിയിച്ചത് അവർക്ക് വിദേശങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചെന്നായിരുന്നു. കഴിഞ്ഞ ദിവസം ദുബായ് കോൺസുലേറ്റിൽ നിന്നും പുറത്തിറങ്ങിയ അറിയിപ്പിൽ ചാർട്ടേഡ് വിമാനങ്ങൾക്ക് ഇതുവരെ അനുമതിയായിട്ടില്ലെന്നും ഇതുമായി ചിലർ നടത്തുന്ന വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും പണപ്പിരിവുകളിൽ അകപ്പെടരുതെന്നുമുള്ള മുന്നറിയിപ്പായിരുന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികളാണ് ഈ വാർത്തകൾ പുറത്തു വന്നതോടെ വെട്ടിലായിരിക്കുന്നത്. ഇതിലെ യഥാർഥ വസ്തുത എന്താണെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണിവർ. സൗദിയിൽ നിരവധി സ്വകാര്യ വ്യക്തികളും, ട്രാവൽ ഏജൻസികളും, വിമാന കമ്പനികളും ഈ ഉദ്യമത്തിൽ മുൻനിരയിലുണ്ട്. കൂടാതെ, പ്രമുഖ സംഘടനകൾ അടക്കം നിരവധി പ്രാദേശിക സംഘടനകളും നാട്ടിലേക്ക് പോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പലരും മുൻകൂറായി പണം ശേഖരിക്കുന്നുണ്ടെന്ന വാർത്തകളും പുറത്തു വരുന്നു.
പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന അവരുടെ ആവശ്യം നിറവേറ്റാൻ ഏതു മാർഗവും സ്വീകരിക്കും. നിലവിലെ അവ്യക്തത നിലനിൽക്കുമ്പോൾ പല സ്വകാര്യ ഏജൻസികളും പറയുന്നത് കേന്ദ്ര സർക്കാരിൽ നിന്നും സൗദി അധികൃതരിൽ നിന്നും അനുമതി ലഭിച്ചെങ്കിലും കേരള സർക്കാരിൽ നിന്നും അനുമതി ലഭിച്ചില്ലെന്ന വ്യാജ പ്രചാരണങ്ങളും നിർലോഭം നടക്കുന്നു. യഥാർഥത്തിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് ആരംഭിക്കണമെങ്കിൽ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ പറയുന്നത്. മെയ് 28 മുതൽ വിദേശ രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നതിനായി ഇന്ത്യയിലെ രണ്ടു സ്വകാര്യ വിമാന കമ്പനികൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നത് ശരിയാണ്.
എന്നാൽ ഇത് സംബന്ധിച്ച് കരാർ നടത്താനുദ്ദേശിക്കുന്ന ഏജൻസികളോ വ്യക്തികളോ വിമാന കമ്പനികളുമായി ഇതുവരെ ഒപ്പ് വെച്ചിട്ടില്ല. നിലവിൽ ഓഫീസുകൾ പെരുന്നാൾ അവധിയായതിനാൽ ഇത് സംബന്ധിച്ച കരാർ വരും ദിവസങ്ങളിൽ ഒപ്പ് വെച്ചു കഴിഞ്ഞാൽ വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെയും ഏവിയേഷൻ വിഭാഗങ്ങളിൽ സമർപ്പിച്ച് അഗീകാരം തേടണം.
ഇരു രാജ്യങ്ങളിലെയും അംഗീകാരത്തിനു ശേഷം യാത്ര ചെയ്യുന്നവരുടെ വിശദ വിവരങ്ങൾ സമർപ്പിക്കുകയും വേണം. സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് അനുസരിച്ച് സീറ്റുകളുടെ ക്രമങ്ങളും യാത്രക്ക് മുൻപുള്ള തെർമൽ സ്‌കാനിങ്ങും വിമാനമിറങ്ങിയാൽ നിലവിലെ സാഹചര്യത്തിൽ ക്വാറൻന്റൈൻ സംവിധാനം ഒരുക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഇതെല്ലാം ക്രമപ്പെടുത്തേണ്ടതുണ്ട്. വിമാന കമ്പനികൾക്ക് നൽകേണ്ട യാത്രാ ചെലവ് ഏജൻസികൾ മുൻകൂറായി നൽകിയാൽ മാത്രമേ സർവീസ് നടത്തുന്ന തീയതിയും സമയവും നിശ്ചയിക്കാൻ കഴിയൂ. ഇത്രയും കാര്യങ്ങൾ ഒരുക്കുന്നതിനായി സാവകാശമെടുക്കുമെന്നതിനാൽ കൃത്യമായി ഒരു ദിവസം പ്രഖ്യാപിക്കാൻ കഴിയില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ഇതിനിടയിൽ പല വിദേശ വിമാനക്കമ്പനികളും ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നതിനായി ശ്രമം നടത്തിയെങ്കിലും കേന്ദ്ര സർക്കാരും ഏവിയേഷൻ വിഭാഗവും അനുമതി നൽകിയിരുന്നില്ല. അടുത്ത മാസം ആദ്യത്തോടെ നിരവധി വിമാന കമ്പനികൾ ഇത് സംബന്ധിച്ചുള്ള അറിയിപ്പുകളും ബുക്കിംഗും നടത്തിയെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ രണ്ടു സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയതിലൂടെ വൈകാതെ സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.