മീനങ്ങാടി- വയനാടിന്റെ ഉറക്കം കെടുത്തി അടിവസ്ത്രം ധരിച്ച മോഷ്ടാവ്. ഇന്നലെ നടവയല്‍ മേഖലയില്‍ രാത്രിയില്‍ മോഷണം നടന്നു. നടവയല്‍ സ്‌ക്കൂള്‍ കവലയിലെ ജുമാ മസ്ജിദ്, സമീപത്തെ നാസര്‍ സ്‌റ്റോര്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ജുമാമസ്ജിദിന് മുന്നിലെ നേര്‍ച്ച പെട്ടി തകര്‍ത്തു. കടയുടെ പൂട്ട് പൊളിച്ചാണ് ഇവിടെ മോഷണം നടത്തിയത്. രണ്ടിടങ്ങളില്‍ നിന്നുമായി 50000 രൂപയോളം നഷ്ടമുണ്ടായി. രണ്ട് ദിവസം മുമ്പ് നടവയലിലെ വീട്ടില്‍ മോഷണം നടന്നിരുന്നു. ഉറങ്ങി കിടന്ന യുവതിയുടെ സ്വര്‍ണ്ണ പാദസരം അടക്കം മോഷണം പോയിരുന്നു. മൂന്ന് ദിവസം മുന്‍പ് പനമരത്തും മോഷണം നടന്നിരുന്നു. പനമരം വലിയ പാലത്തിന് സമീപത്തെ നിത്യസഹായമാതാ പള്ളിയിലും പള്ളി മുറിയിലും മോഷണം നടന്നിരുന്നു. ഇതിനും രണ്ട് ദിവസം മുന്‍പ് ടൗണിലെ സെന്റ് ജൂഡ് പള്ളിയിലെ നേര്‍ച്ചപെട്ടി പൊളിച്ച് മോഷണം നടത്തിയിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തുന്നയാളുടെ ദൃശ്യങ്ങള്‍ പള്ളിയുടെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ വാരങ്ങളില്‍ കോഴിക്കോട് നഗരത്തിലും ഇത് പോലെ സ്‌പൈഡര്‍മാന്‍ സ്റ്റൈലിലെ മോഷ്ടാവ് വിലസിയിരുന്നു. അത്യാവശ്യത്തിന് കവര്‍ച്ചയും എക്‌സിബിഷനുമായിരുന്നു കോഴിക്കോട് നഗരത്തിന്റെ ഉറക്കം കെടുത്തിയത്. ഈ മാസാദ്യം കസബ പോലീസ് പിടികൂടിയപ്പോള്‍ സ്ത്രീപീഡന കേസില്‍ കൊയിലാണ്ടി ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയ തലശേരിക്കാരന്‍ അജ്മലാണെന്ന് തെളിഞ്ഞു. വയനാട്ടിലെ തസ്‌കര വീരന്റെ ചിത്രം ചര്‍ച്ചിലെ സിസിടിവിയില്‍ പതിഞ്ഞത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.