ദുബായ്- യു.എ.ഇയില്‍ കോവിഡ്–19 ബാധിച്ചു ചൊവ്വാഴ്ച മൂന്ന് മലയാളികള്‍ മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു ഗോപാലകൃഷ്ണന്‍ കുറുപ്പ്(31), കാസര്‍കോട് ബേക്കല്‍ പള്ളിപ്പുഴചട്ടഞ്ചാല്‍ വടക്കേപറമ്പ് അമ്പത്തി അഞ്ചാം മൈല്‍ സ്വദേശി ഇസ്ഹാഖ് അബ്ദുല്‍ റഹ്്മാന്‍ (44), അടൂര്‍ തെങ്ങമം സ്വദേശി ജെ. ജയചന്ദ്രന്‍ നായര്‍ (51) എന്നിവരാണ് അബുദാബിയില്‍ മരിച്ചത്.
ഷിബു രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പ് കോവിഡ് സ്ഥിരീകരിച്ച് റസീന്‍ ക്യാമ്പില്‍ ക്വാറന്റൈനില്‍ കഴിയവെയാണ് ഇസ്ഹാഖ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്ന ജയചന്ദ്രന്‍ നായര്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. ഇതോടെ യു.എ.ഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 73 ആയി. ഗള്‍ഫില്‍–121. ഇന്നലെ ഇരിങ്ങാലകുട മാള പുത്തന്‍ചിറ സ്വദേശി വെള്ളൂര്‍ കുമ്പളത്ത് നാരായണന്റെ മകന്‍ ബിനില്‍ (42) അജ്മാനില്‍ മരിച്ചിരുന്നു.
യു.എ.ഇയില്‍ കോവിഡ് ബാധിച്ച് ഇന്നലെയും മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ വരെ ആകെ മരണസംഖ്യ 248. ഏറ്റവും ഒടുവില്‍ 822 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 30,307 ആയി ഉയര്‍ന്നു. 601 പേര്‍ രോഗമുക്തി നേടി. ഇതുള്‍പ്പെടെ മൊത്തം 15,657 പേര്‍ രോഗം മാറി ആശുപത്രി വിട്ടു.