Sorry, you need to enable JavaScript to visit this website.

ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു, സംസ്ഥാനത്തെ ആദ്യ സംഭവം

കൊല്ലം- ഉത്രയെ പാമ്പു കടിയേല്‍പ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയന്റെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേസിനെ സഹായിക്കുന്ന വിധത്തിലുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് പോസ്റ്റുമോര്‍ട്ടം നടപടികളിലേക്ക് കടന്നിരുന്നത്.
ഉത്രയുടെ ഇടതുകൈത്തണ്ടയിലെ കടിയേറ്റ മുറിവും പാമ്പിന്റെ പല്ലുകളും താരതമ്യം ചെയ്ത് പരിശോധിച്ചു. പാമ്പിന്റെ മാംസം അഴുകി തുടങ്ങിയിരുന്നു. എങ്കിലും വിഷപ്പല്ലും മറ്റും ലഭിച്ചിട്ടുണ്ട്. മൂര്‍ഖന്‍ പാമ്പാണ് ഉത്രയെ കടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഉത്രയെ കടിച്ച മൂര്‍ഖനെ സഹോദരന്‍ തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നു. ഈ പാമ്പിനെ പുറത്തെടുത്താണ് രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കൊലപാതകക്കേസില്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സംസ്ഥാനത്തെ ആദ്യകേസാണ് ഇത്. 152 സെന്റീമീറ്റര്‍ നീളം പാമ്പിനുണ്ടായിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം കേരളത്തിലെ ചാനലുകള്‍ തല്‍സമയം നല്‍കുകയും ചെയ്തിരുന്നു. ഉത്രയെ കടിച്ചത് ഈ പാമ്പാണെന്ന് തെളിയിക്കാന്‍ കൂടിയാണ് പോസ്റ്റ്‌മോര്‍ട്ടം. പാമ്പിന്റെ വിഷപല്ലിന്റെ അളവ് മനസ്സിലാക്കാനാണ് ഇത്.
ശാസ്ത്രീയ തെളിവു ശേഖരണത്്തിന്റെ ഭാഗമായി കൂടുതല്‍ വിശദ പരിശോധനക്കും പൊലീസ് ഒരുങ്ങുന്നുണ്ട്. ഉത്ര പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഉത്രയെ കടിച്ച മൂര്‍ഖന്റെ ഡി.എന്‍.എ പരിശോധിക്കുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ അറിയിച്ചു. ഈ പാമ്പ് കടിച്ച് തന്നെയാണോ ഉത്ര മരിച്ചതെന്നറിയാനാണ് പാമ്പിന്റെ ഡി.എന്‍.എ പരിശോധിക്കുന്നതെന്ന് ഡി.ജി.പി അറിയിച്ചു. ഹൈദരാബാദിലോ പൂനെയിലോ ആയിരിക്കും പരിശോധന. 90 ദിവസത്തിനുള്ളില്‍ എല്ലാ ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
അതേസമയം ഉത്രയുടെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പാമ്പാട്ടിക്കാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ ഇന്ന് സൂരജിന്റെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ആറ് പേജുള്ള റിമാന്റ് റിപ്പോര്‍ട്ടില്‍ രണ്ടാം പ്രതി പാമ്പാട്ടി സുരേഷിന് വ്യക്തമായ പങ്ക് ഉണ്ടന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടര്‍ന്ന് പാമ്പിനെ പിടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വീഡിയോ നോക്കി പഠിച്ചു. 17000 രൂപ കൈപറ്റി രണ്ട് പാമ്പുകളെ സുരേഷ് സൂരജിന് വിറ്റു.
പാമ്പുമായി സുരേഷ്, സൂരജിന്റെ വീട്ടില്‍ എത്തിയെന്നും ഉത്ര ഉള്‍പ്പടെയുള്ളവരുടെ മുന്‍പില്‍ വിഷപാമ്പിനെ തുറന്ന് കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗൂഢാലോചനയെക്കുറിച്ച് റിമാന്റ് റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്ന സാഹചര്യത്തില്‍ സൂരജിന്റെ അമ്മ, അച്ഛന്‍, സഹോദരി എന്നിവരെ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യും. ഗൂഢാലോചനയില്‍ പങ്കാളികളാണന്ന് സംശയിക്കുന്ന സുഹൃത്തുകളുടെ പട്ടികയും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്.

 

Latest News