Sorry, you need to enable JavaScript to visit this website.

ബെറിയുടെ മാധുര്യത്തിലൊരു ചെറിയ പെരുന്നാൾ

ലേഖിക ബാക്കു ബോളിവാർഡിൽ

വ്യത്യസ്തമായൊരു ഈദുൽ ഫിത്വർ ആഘോഷമായിരുന്നു എനിക്ക് കഴിഞ്ഞ വർഷം. ചെറിയ പെരുന്നാൾ അവധി നാളുകളിൽ ഞങ്ങൾ കാസ്പിയൻ കടൽത്തീരത്തെ മനോഹര രാജ്യമായ അസർബൈജാനിൽ ആയിരുന്നു. എന്റെ ആദ്യത്തെ വിദേശരാജ്യത്തേക്കുള്ള വിനോദയാത്ര  കൂടിയായിരുന്നു അത്. മക്കളെല്ലാവരും കൂടെയില്ലാത്തൊരു യാത്ര എത്രത്തോളം ആസ്വാദ്യമാവുമെന്നോർത്തു വിഷമിച്ച ഞാൻ സ്വയം തന്നെ അതിനുള്ള പരിഹാരവും കണ്ടെത്തി. ജീവിതത്തിലെ 40 തുകൾ പിന്നിട്ട ഒരാളും ഇനിയുള്ള കാലം മറ്റാർക്കും വേണ്ടി മാറ്റിവെക്കേണ്ടതില്ല. മക്കൾക്ക് ഇനിയും എത്രയോ സമയം കിടക്കുന്നു. ഇത് ഞാൻ വാട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റിയിൽനിന്ന് പഠിച്ച ഒരു അറിവാണ് കേട്ടോ. ഈ യാത്ര പുറപ്പെടുന്നതിന് മുമ്പ് മറ്റൊരു വിഷമം കൂടിയുണ്ടായിരുന്നു. ഉംറക്ക് വന്ന, നാട്ടിൽ അധ്യാപകനായ എന്റെ അനിയൻ ഏറെ ആഗ്രഹിച്ച് റിയാദിലേക്ക് വന്ന ഒരു സമയം കൂടിയായിരുന്നു അപ്പോൾ. അവന്റെ കൂടെ ചിലവഴിക്കാൻ കിട്ടുന്ന ഓരോ നിമിഷവും എനിക്ക് അത്രയും വിലപ്പെട്ടതായിരുന്നു. 

 


   ഞങ്ങൾ നോമ്പ് 28 നാണ് യാത്ര പുറപ്പെടുന്നത്. നാല് കുടുംബം അടക്കം 24 മലയാളികളായിരുന്നു ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ തോന്നിയ ദിവസങ്ങൾ. യാത്രയിൽ കൂടെയുണ്ടായിരുന്ന ഇബ്രാഹിം സുബ്ഹാനും ഭാര്യ ഷാജ്‌നയും ഞാൻ റിയാദിൽ വന്ന കാലം തൊട്ടേ പരിചയമുള്ളവരാണെങ്കിലും ഇത്രയും ഹൃദ്യമായൊരു അടുപ്പം ഉണ്ടായത് ഈ യാത്രയിലാണ്. 


അസർബൈജാനിൽ എത്തിയ ആ ദിവസം കൂടി നോമ്പായിരുന്നു. കാസ്പിയൻ കടൽത്തീരത്തെ ബാക്കു നഗരമാണ് അസർബൈജാന്റെ തലസ്ഥാനം. അസർബൈജാന്റെ മുൻ പ്രസിഡന്റ് ഹൈദർ അലിയേവിന്റെ നാമത്തിലുള്ള അന്താരാഷ്ട്ര വിമാനത്താവളം മനോഹരമായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്നും നേരെ ഹോട്ടലിലേക്കാണ് പോയത്. ആദ്യ ദിവസത്തെ വിശ്രമത്തിനു ശേഷം പിറ്റേന്ന് രാവിലെ ഞങ്ങൾ പോയത് ബാക്കുവിൽ നിന്നും 215 കിലോമീറ്റർ അകലെയുള്ള ഗബാല എന്ന കോക്കേഷ്യൻ നഗരത്തിലേക്കാണ്. പഴയ അൽബേനിയയുടെ തലസ്ഥാനം കൂടി ആയിരുന്ന ഗബാല ചരിത്രമുറങ്ങിക്കിടക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഇവിടെയായിരുന്നു ഞങ്ങളുടെ പെരുന്നാൾ ആഘോഷം. മാസപ്പിറവി കണ്ടതും ഫിത്വർ സകാത് കൊടുത്തതെല്ലാം മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ അസർബൈജാനിൽ ഇതുവരെ അനുഭവിച്ചതിൽനിന്നും തീർത്തും വ്യത്യസ്തമായൊരു ഈദുൽ ഫിത്വർ ആയിരുന്നു ഞങ്ങൾക്ക് കാണാൻ സാധിച്ചത്. 


പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കാൻ അതിയായ ആഗ്രഹത്തോടെ ഞാനും കൂടെയുള്ള ഇളയ മകൾ റിയയും നേരത്തെ തന്നെ ഒരുങ്ങി നിന്നു. അസറികളുടെ പെരുന്നാൾ ആഘോഷം എങ്ങനെ ആയിരിക്കുമെന്നുള്ളത് അറിയാനുള്ള കൗതുകം. നമ്മുടെ പെരുന്നാൾ നമസ്‌കാരത്തിന് ഈദ്ഗാഹിൽ പോകാൻ കാണിക്കുന്ന ഉത്സാഹം നമസ്‌കാരത്തിന് വന്ന നാട്ടുകാരെയും കൂട്ടുകാരെയും കാണാനുള്ള ആഗ്രഹവും കൂടാതെ മൈലാഞ്ചി ചുവപ്പും, പുത്തനുടുപ്പുകളും, അലങ്കാരങ്ങളും എല്ലാം കാണാനും കാണിക്കാനുമൊക്കെ ആണല്ലോ. എന്നാലിവിടെ സ്ത്രീകളെ ആരെയും കാണാൻ സാധിച്ചില്ല. അസർബൈജാനി സ്ത്രീകളുടെ പെരുന്നാൾ നമസ്‌കാരവും  ആഘോഷങ്ങളും വീട്ടിലൊതുങ്ങുന്നതാണെന്നു മനസ്സിലായി. റിയയും അവളുടെ കൂട്ടുകാരിയും സഹയാത്രികയുമായ അഷ്‌നുറയും ഞാനും അല്ലാതെ സ്ത്രീകളായിട്ട് രണ്ട് ഇറാനികൾ മാത്രം. അങ്ങനെ ഞങ്ങൾ അഞ്ച് പേർ മനോഹരമായ ആ പള്ളിയുടെ പിൻഭാഗത്തെ കോറിഡോറിൽ നമസ്‌കരിക്കാനുള്ള ഇടം കണ്ടെത്തി. സ്ത്രീകൾക്കായി നമസ്‌കരിക്കാൻ പ്രത്യകം ഒരു സ്ഥലമൊന്നും ഉണ്ടായിരുന്നില്ല. 


നമസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഒരു കൂട്ടം ആളുകൾ നമസ്‌കരിക്കാനായി പുഞ്ചിരിമായാത്ത മുഖവുമായി ക്ഷമയോടെ കാത്തിരിക്കുന്നു. സുന്നികളുടെ നമസ്‌കാരമാണ് ആദ്യം കഴിഞ്ഞത്. പുറത്ത് കാത്തിരിക്കുന്നവർ ഷിയാക്കളാണെന്നും അപ്പോഴാണ് അറിയുന്നത്. നമസ്‌കാരം വെവ്വേറെയാണെങ്കിലും അവരെല്ലാം നല്ല കൂട്ടുകാരാണെന്നു അവരുടെ ഈദ് മുബാറക് ആശംസിച്ചുകൊണ്ടുള്ള പരസ്പര ആലിംഗനം കണ്ടപ്പോൾ ബോധ്യമായി. നമസ്‌കാരം കഴിഞ്ഞു പുറത്തുറങ്ങിയവർക്ക് പരമ്പരാഗത അസറി സമോവർ ചായയും കാരക്കയും നൽകാൻ അവർ മത്സരിക്കുന്ന കാഴ്ച നല്ലൊരു അനുഭവമായിരുന്നു. 

 


      ഗബാലയിലെ കാഴ്ചകൾ കൺകുളിർപ്പിക്കുന്നതായിരുന്നു. ഒരു ഗ്രാമീണ അന്തരീക്ഷമായിരുന്നു എവിടെയും. ജനങ്ങളുടെ സ്‌നേഹമസൃണമായ പെരുമാറ്റം ഏറെ ഹൃദ്യമായിരുന്നു. പെരുന്നാളിന്റെ സ്‌പെഷ്യൽ പത്തിരിയും ഇറച്ചി വരട്ടിയതും ബിരിയാണിയും ഒക്കെ മറന്നു പുതുമയാർന്ന കാഴ്ചകളിൽ മതിമറന്നു. ബെറി പഴങ്ങളുടെ നാടാണല്ലോ അസർബൈജാൻ. പലതരം ബെറികൾ ആവോളം ആസ്വദിച്ചു കൊണ്ടൊരു യാത്ര. ഇത്രയും സ്വാദുള്ള ബെറികൾ കാണുന്നതും കഴിക്കുന്നതും ആദ്യമായിട്ടാണ്.


എന്റെ സ്വപ്‌നങ്ങളിലെവിടെയോ മറഞ്ഞിരുന്ന കാഴ്ചകൾ. വായിച്ചു മാത്രമറിഞ്ഞിട്ടുള്ള പലതും കൺമുമ്പിൽ യാഥാർഥ്യമായപ്പോൾ മതിമറന്നാസ്വദിച്ചു. ചുവപ്പും ഓറഞ്ചും മഞ്ഞയും നിറങ്ങളിൽ ഇലകൾ പൊഴിക്കാറുള്ള മേപ്പിൾ മരങ്ങൾ നേരിൽ കണ്ടപ്പോഴുണ്ടായ സന്തോഷം യാത്രയിലെ നിറം കൂട്ടി. എന്റെ മനസ്സുനിറഞ്ഞുള്ള ആസ്വാദനങ്ങളിൽ  പലപ്പോഴും എന്റെ പ്രിയപ്പെട്ടവരും അതിന്റെ ഭാഗമായിത്തീരാറുണ്ട്. ഇടക്കെവിടെയോ ബസ് നിർത്തി ഭക്ഷണം ഓർഡർ ചെയ്തു കാത്തിരിക്കുമ്പോഴാണ് തൊട്ടടുത്ത് ഒരു കൊച്ചു കട കണ്ടത്. ഒരു അസറി ഭാര്യയും ഭർത്താവും അവരുടെ പാരമ്പരാഗത റൊട്ടി (ഖുതബ്) തൊടിയിലെ പുല്ല് പോലത്തെ എന്തോ ഒന്ന് ചേർത്ത് ചുട്ടെടുക്കുന്നുണ്ടായിരുന്നു. സ്‌നേഹത്തോടെ അവർ ഞങ്ങളെ വിളിച്ചിരുത്തി. കലാപരമായി ചുട്ടെടുത്ത ആ റൊട്ടിയും പലതരം ബെറിജാമും ആവേശത്തോടെയാണ് ഞങ്ങൾക്ക് വിളമ്പി തന്നത്. റൊട്ടിക്ക് അത്രകണ്ട് സ്വാദില്ലെങ്കിലും അവരുണ്ടാക്കിയ ബെറികൾ കൊണ്ടുള്ള മെർമലൈഡ്  കൂട്ടികഴിക്കാൻ വൻ രുചിയായിരുന്നു. ആവേശത്തോടെതന്നെ ഞങ്ങളത് കഴിച്ചു. അന്നത്തെ പെരുന്നാളിന്റെ പ്രധാനഭക്ഷണം അതായിരുന്നു. പാൽച്ചായ അത്രകണ്ട് ഇഷ്ടമില്ലാത്ത അസറികൾക്ക് പരമ്പരാഗതമായ സമോവറിൽ ഉണ്ടാക്കുന്ന റോസ് വാട്ടർ ഒഴിച്ച കട്ടൻ ചായ ജീവിതത്തിന്റെ ഭാഗമാണ്. അർമുഡു എന്നറിയപ്പെടുന്ന പ്രത്യേക ആകൃതിയിലുള്ള ഗ്ലാസ്സിൽ പകർന്നു തരുന്ന ചായ ആരും താൽപര്യപൂർവം കുടിച്ചു പോകും.   


അസർബൈജാനിലെ ഗ്രാമീണ പ്രകൃതിഭംഗിയിൽ ആഘോഷിച്ച പെരുന്നാളിന്റെ മാധുര്യം ഒരിക്കലും മറക്കാനാവില്ല. ഇനിയും ഒരിക്കൽ കൂടി പോകാൻ തോന്നിക്കുന്ന സൗന്ദര്യം അസർബൈജാനിനും അവിടുത്തെ അസറികൾക്കുമുണ്ട്. സ്വർഗത്തെക്കുറിച്ച് വർണിക്കുമ്പോൾ അവിടുത്തെ പൂന്തോപ്പുകളും ഹൂറുലീങ്ങളെക്കുറിച്ചുള്ള വർണനയും പോലെ അസർബൈജാനിലെക്ക് സഞ്ചാരികളെ ആകർഷിക്കാൻ അവിടുത്തെ മനോഹര കാഴ്ചകളും പൂക്കളും ശാലീന സുന്ദരികളും ധാരാളം. രണ്ടു ദിവസത്തെ ഗബാല സന്ദർശന ശേഷമാണ് ഞങ്ങൾ ബാക്കുവിലേക്ക് തിരിച്ചെത്തുന്നത്. സഞ്ചാരികൾക്ക് ആവോളം ആസ്വദിക്കാനുള്ള കോക്കേഷ്യൻ ദുബായ് എന്ന് വിശേഷിപ്പിക്കുന്ന ബാക്കു ആരെയും മയക്കും. വാസ്തുശില്പകലയുടെ എല്ലാ സൗന്ദര്യവും ആവാഹിച്ച വിശ്വപ്രശസ്ത ആർക്കിടെക്റ്റ് സാഹ ഹദിദ് രൂപകൽപന ചെയ്ത ഹൈദർ അലിയേവ് സെന്റർ ഒരു പ്രധാന ആകർഷണമാണ്.

ലേഖിക ബാക്കു ബോളിവാർഡിൽ
 

 

ആർക്കിട്ടെക്ട് വിദ്യാർഥിനി കൂടിയായ എന്റെ മകൾ ദില്ലു ബാക്കു യാത്രയിൽ മറക്കാതെ പോകണം എന്ന് ഓർമിപ്പിച്ചതാണ് ഇത്. കാസ്പിയൻ തീരത്തെ ഫ്‌ളെയിം ടവറും, കാർപെറ്റ് മ്യൂസിയവും രക്തസാക്ഷി മണ്ഡപവും ഹൈലാൻഡ് പാർക്കും യനാർ ടാഗ്, ശിർവൻശാസ് കൊട്ടാരം, അതാഷ്ഗാഹ് ഫയർ ടെമ്പിൾ തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ബാക്കുവിൽ നമുക്ക് വിസ്മയക്കാഴ്ചയൊരുക്കുന്നു. 
ഒരുമിച്ചുള്ള യാത്രകൾ നമുക്കൊരു പാട് നല്ല സുഹൃത്തുക്കളെ തരുന്നതോടൊപ്പം പലരെയും അടുത്തറിയാനും അവസരമൊരുക്കുന്നു. കഴിഞ്ഞ ചെറിയ പെരുന്നാളിന് സൗഹൃദ വിരുന്നൊരുക്കിയ അസർബൈജാൻ യാത്ര കഴിഞ്ഞു മടങ്ങിയപ്പോൾ എല്ലാവരും ഒന്നിച്ചു പറഞ്ഞത് ഇനിയും ഇങ്ങനെയുള്ള ധാരാളം യാത്രകൾ വേണമെന്നായിരുന്നു.

 


 

Latest News