തിരുവനന്തപുരം- വിദേശങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികളിൽ ക്വാറന്റൈനിന് പണം വാങ്ങാനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമർശനുവുമായി വി.ടി ബൽറാം എം.എൽഎ. പ്രവാസ ലോകത്തു നിന്ന് കഷ്ടപ്പാട് സഹിച്ച് നിൽക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും സ്വന്തം നാട്ടിൽ കൂടണയാൻ എത്തുന്ന സാധാരണ മലയാളികൾക്ക് ക്വാറന്റീൻ സൗകര്യം നൽകാൻ അഞ്ച് പൈസ ചെലവഴിക്കുകയില്ല എന്ന പിണറായി വിജയൻ സർക്കാറിന്റെ തീരുമാനം ക്രൂരതയാണ്.
എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരത കാണിക്കുന്നതെന്നും ബൽറാം ചോദിച്ചു. ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപ ചെലവഴിക്കുന്നതുമൊക്കെ അനാവശ്യ ധൂർത്തല്ലേ, പൊതുപണത്തിന്റെ വിനിയോഗത്തിൽ അൽപ്പം മിതത്വം ആയിക്കൂടെ എന്ന് ചോദിച്ചപ്പോൾ അതിന്റെ പേരിൽ വലിയ സൈബർ ആക്രമണമായിരുന്നു ഞങ്ങളൊക്കെ നേരിടേണ്ടി വന്നതെന്നും ബൽറാം പറഞ്ഞു.