തിരുവനന്തപുരം- കോവിഡ് ലോക് ഡൗണിന്റെ ഭാഗമായി നിർത്തിവെച്ച പത്താം ക്ലാസ് പരീക്ഷക്ക് തുടക്കമായി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷാ നടത്തിപ്പ്. പരീക്ഷാ സെന്ററിൽ എത്തുന്ന വിദ്യാർഥികളെ തെർമൽ സ്‌ക്രീനിംഗിന് വിധേയമാക്കിയാണ് ഹാളിലേക്ക് കടത്തുന്നത്. മാസ്‌ക് നിർബ്ബന്ധമാക്കി. ഒരു ക്ലാസിൽ പരമാവധി 20 കുട്ടികളാണുള്ളത്. തെർമൽ സ്‌ക്രീനിംഗിന് വിധേയമാക്കുമ്പോൾ എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്ന വിദ്യാർഥികളെ പ്രത്യേകം ഇരുത്തി പരീക്ഷ എഴുതിക്കും.പ്ലസ് ടു പരീക്ഷ ഉച്ചക്ക് ശേഷം നടക്കും.
13 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷകൾക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയിരുന്നു. ഇത്തരം വാഹനങ്ങൾ ഒരിടത്തും തടയാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ സൗകര്യാർത്ഥം പരമാവധി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവർഗ്ഗ മേഖലകളിൽ പരീക്ഷയ്ക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജനമൈത്രി പോലീസിൻറെ സാന്നിധ്യം ഉറപ്പാക്കി. കുട്ടികൾ ധാരാളമുളള പരീക്ഷാകേന്ദ്രങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പോലീസിനെ നിയോഗിച്ചിട്ടുണ്ട്.