ജിദ്ദ - സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും ലളിതവും ഹ്രസ്വവുമായ വിവാഹത്തിന് മക്ക പ്രവിശ്യയിൽ പെട്ട അദം പെരുന്നാൾ ദിവസം സാക്ഷ്യം വഹിച്ചു. പെരുന്നാൾ ദിവസം രാവിലെ നടന്ന വിവാഹത്തിൽ വരനും സഹോദരനും വധുവിന്റെ പിതാവും ഉൾപ്പെടെ ആകെ മൂന്നു പേർ മാത്രമാണ് പങ്കെടുത്തത്. കൊറോണ വ്യാപനം തടയുന്നതിന് സമ്പൂർണ കർഫ്യൂ ബാധകമാക്കുകയും ഒരേ കുടുബത്തിൽ പെട്ടവർ ഒഴികെ അഞ്ചിലധികം പേർ ഒത്തുചേരുന്നത് വിലക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സൗദി യുവാവ് ഇബ്രാഹിം അൽമുത്ആനിയുടെ വിവാഹം അദം ഗവർണറേറ്റിൽ പെട്ട റബൂഉൽഐനിൽ തീർത്തും ലളിതമായി നടത്തിയത്.
ശവ്വാൽ മൂന്നിന് ആണ് സഹോദരന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതെന്ന് വരന്റെ സഹോദരൻ അബ്ദുൽമജീദ് അൽമുത്ആനി പറഞ്ഞു. എന്നാൽ കൊറോണ വ്യാപനത്തിന്റ പശ്ചാത്തലത്തിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പെരുന്നാൾ ദിവസം രാവിലെ അതിലളിതമായി വിവാഹം നടത്തുന്നതിന് തങ്ങൾ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് പ്രത്യേക ചെലവുകളൊന്നുമുണ്ടായില്ല. അടുത്ത കുടുംബങ്ങളും ബന്ധുക്കളും പോലും ചടങ്ങിൽ പങ്കെടുത്തില്ല.
അമ്മാവൻ സ്വാലിഹ് അൽമുഅതാനിയുടെ വീട്ടിൽ വെച്ച് മുപ്പതു മിനിറ്റിനകം വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി. അമ്മാവൻ സ്വാലിഹിന്റെ മകളെ തന്നെയാണ് സഹോദരൻ വിവാഹം ചെയ്തത്. പുതിയ സാഹചര്യത്തിൽ വധൂഗൃഹത്തിൽ വെച്ച് വിവാഹം തീർത്തും ലളിതമായും ഹ്രസ്വമായും നടത്തുകയെന്ന ആശയം അമ്മാവൻ സ്വാഗതം ചെയ്യുകയായിരുന്നെന്നും അബ്ദുൽമജീദ് അൽമുത്ആനി പറഞ്ഞു.