കൊറോണ നാളെയോ നാലാന്നാളോ വിട്ടുപോകുന്ന മട്ടില്ല. ചില ശീലങ്ങളും ശീലുകളുമുണ്ടല്ലോ, കാലം ചെല്ലുമ്പോൾ നമ്മൾ അവയുമായി പൊരുത്തപ്പെടാൻ നോക്കും, ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും. കഴിഞ്ഞ നാലഞ്ചു മാസത്തിനകം, കൊറോണ എന്തെല്ലാമാണോ അതെല്ലാമായി നമ്മൾ നിത്യവും ഇടപഴകാൻ പഠിച്ചിരിക്കുന്നു. രോഗത്തിന്റെ വിവരഗണിതമായാലും മുഖാവരണമായാലും മുഖ്യമന്ത്രിയുടെ മാധ്യമ സമ്മേളനമായാലും, കൊറോണക്കിടയിൽ പ്രതിപക്ഷത്തിന്റെ വേവാത്ത പൂട്ടുകച്ചവടമായാലും എന്തായാലും അതൊക്കെയുമായി നമ്മൾ രസിച്ചും ത്രസിച്ചും കഴിയുന്നു.
അതിനിടെ എന്നെ ബാധിച്ച രണ്ടു ചിന്തകൾ ഇങ്ങനെ: ഒന്ന്, നമുക്ക് കൂടിയേ കഴിയൂ എന്നൊന്നില്ല. ഉണ്ടെങ്കിൽ കൊള്ളാം, ഇല്ലെങ്കിലും കഴിച്ചുകൂട്ടാം. രണ്ട്, ഇന്നതു ശരി, ഇന്നതു തെറ്റ് എന്നു ശഠിക്കാൻ വയ്യ. ഇന്നത്തെ ശാസ്ത്രം, നാളത്തെ ആചാരം എന്നൊക്കെ ധ്വനിപ്പിക്കുന്ന കവിതയില്ലേ, അതു പോലെ. പണ്ടാരോ പറഞ്ഞു, ഒന്നും ഒരിക്കലും ഉറപ്പിച്ചു പറയരുത്. അടുത്ത നിമിഷമോ വർഷമോ അതു മാറാം. കൊറോണയെപ്പറ്റിയുള്ള വിചാരവും വികാരവും നാളെ മാറാം. അല്ലെങ്കിൽ, 'മാറ്റുമതുകളീ നിങ്ങളെത്താൻ'
കൊറോണയും താഴ്ത്താഴും (ലോക്ഡൗൺ) വന്നപ്പോൾ ഞാൻ ആദ്യം ആലോചിച്ചുപോയത് എന്തില്ലാതെ കഴിയാമെന്നായിരുന്നു. ഔപനിഷദചിന്തയുമായി ബന്ധമുള്ളതാണ് ആ പ്രശ്‌നം. എന്തിനെ ഭയന്ന് സൂര്യൻ ഉദിക്കുന്നു, എന്തിനെ ഭയന്ന് തീ കത്തുന്നു, എന്തിനെ ഭയന്ന് കാറ്റ് വീശുന്നു എന്നിങ്ങനെ പോകുന്നു നാരായണീയ പ്രശ്‌നാവലി. അതുപോലെ എന്തില്ലാതെ ഉണ്മ അസാധ്യമോ അതെന്താണ് എന്നത് എന്റെ ഉള്ളിൽ ഉറക്കെ കേട്ട ഒരു ചോദ്യമായിരുന്നു.
എന്തെല്ലാമോ ഞാൻ അനുപേക്ഷണീയമായി, അനിവാര്യമായി കരുതിയിരുന്നു -കൊറോണ വരും വരെ. എന്റെ അയൽപക്കത്തുള്ള ഒരു കൊച്ചുദേവാലയത്തിലെ നിത്യസന്ദർശകയായിരുന്നു എന്റെ ഭാര്യ. നിഴൽ പോലെ ഞാൻ അവരെ അനുഗമിച്ചുപോന്നു.
എനിക്കറിയാം, ലോകത്തിന്റെ നാനാഭാഗങ്ങളിലും ചെറുതും വലുതുമായ ലക്ഷക്കണക്കിനു ദേവാലയങ്ങൾ നാൾതോറും ഭക്തരെ ആകർഷിച്ചുപോരുന്നു, വാദ്യഘോഷത്തോടെയോ കണ്ണഞ്ചിപ്പിക്കുന്ന എഴുന്നള്ളിപ്പോടെയോ മൗനമോ ശബ്ദായമാനമോ ആയ പ്രാർഥനയോടെയോ ദേവാലയത്തിലെ പ്രതിഷ്ഠയെ സ്വാധീനിക്കാനുള്ള ഉദ്യമം അനിവാര്യമായ അനുഷ്ഠാനമായി കരുതപ്പെട്ടിരുന്നു, പോയ നാളുകളിൽ.
ആ അനുഷ്ഠാനത്തിലെ പൊള്ളത്തരം തുറന്നുകാട്ടുമ്പോഴും ജീവിതത്തെ അടിമുടി ബന്ധിക്കുന്ന ഒരു ശാശ്വത വിശ്വാസമായി അത് ആചരിക്കപ്പെട്ടുപോന്നു. ലോകായതികന്മാർ എന്നറിയപ്പെട്ട പ്രാചീന ഭാരതത്തിലെ ചാർവാകന്മാരും ദൈവമെന്ന മിഥ്യയെപ്പറ്റി പ്രചാരവേല നടത്തുന്ന റിച്ചാർഡ് ഡോക്കിൻസുമാരും യുഗങ്ങളോളം ശ്രമിച്ചിട്ടും മൺമറയാതെ നില നിന്നതാണ് ദേവാലയങ്ങളും അവയിലെ ആരാധ്യ സാന്നിധ്യങ്ങളും. കോവിഡ്19 വന്ന്, അതിനെ മറികടക്കാൻ താഴ്ത്താഴ് ഏർപ്പെടുത്തിയ ദിവസം രാവിലെ ഞാൻ അയൽപക്കത്തെ കൊച്ചുദേവാലയത്തിൽ ഒരു നോട്ടീസ് പതിച്ചിരിക്കുന്നതു കണ്ടു: മാർച്ച് ഇരുപത്തിരണ്ടു മുതൽ മുപ്പത്തൊന്നു വരെ ഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല.
പിന്നെ സൃഷ്ടിവചനം പോലെ അതു മാറ്റി മാറ്റി എഴുതി. ഏപ്രിൽ 22 വരെ, മെയ് ഇരുപത്തിരണ്ടു വരെ, മെയ് മുപ്പത്തൊന്നു വരെ...അങ്ങനെ ദർശനം മുടങ്ങുന്ന കാലാവധി നീണ്ടുനീണ്ടുപോയി. ശ്വാസോഛ്വാസം പോലെ, സൂര്യോദയം പോലെ, പ്രകൃതിയുടെ സംഗീതം പോലെ അനവരതം തുടർന്നുപോന്ന ദർശനവും പ്രദക്ഷിണവും പ്രാർഥനയും നിത്യപ്രസക്തിയുള്ളതല്ലെന്ന് ഞാൻ പെട്ടെന്നു മനസ്സിലാക്കി. മലമുകളിലും കടൽക്കരയിലും ആറ്റിറമ്പിലും സ്ഥാനം പിടിച്ചിരുന്ന ആരാധനാലയങ്ങൾ ഒഴിഞ്ഞു കിടന്നു.
ഭക്തന്മാരുടെ നിത്യസന്ദർശനം അനിത്യമായി. ഇതു പോലൊരു ദിവ്യസന്ദർഭത്തിലോ ഒരു ഭക്തൻ ഇങ്ങനെ പാടി: 'രൂപമില്ലാത്ത നിന്റെ രൂപം ധ്യാനിച്ചും വാക്കിനപ്പുറം നിൽക്കുന്ന നിന്നെ വാഴ്ത്തിയക്കറ്റിയും എങ്ങുമുള്ള നിന്നെ തേടി തീർഥയാത്ര പോയും ഞാൻ ചെയ്തുകൂട്ടുന്ന പാപം മൂന്നും പൊറുക്കണേ.' ആ ക്ഷമായാചന പോലും അപ്രസക്തമാവുകയായിരുന്നു കൊറോണയുടെ അപ്രതിഹതമായ പ്രസരണത്തിൽ.
കേരളത്തിന്റെ ധനഹൃദയം സ്പന്ദിപ്പിക്കുന്നതാണ് ആഭരണ വ്യാപാരം എന്നു പറയാം. ഓണമുണ്ണാൻ കാണമില്ലാത്തവർ പോലും കൊച്ചിനെ കെട്ടിച്ചയക്കാൻ പൊന്ന് സമാഹരിക്കുന്ന തിരക്കിലായിരുന്നു എന്നും വധൂഗൃഹങ്ങൾ.
പൊന്നു വിറ്റ് പണമുണ്ടാക്കിയ ആഭരണ വ്യാപാരികൾ മാധ്യമങ്ങളുടെ അന്നദാതാക്കളായി. പരസ്യമില്ലെങ്കിൽ പത്രമില്ല, പൊന്നില്ലെങ്കിൽ പരസ്യമില്ല, സ്വർണ ഭ്രമമില്ലെങ്കിൽ വ്യാപാരമില്ല എന്ന പ്രമാണം വെച്ചുനോക്കുമ്പോൾ കൊറോണക്കാലം നിശ്ചലതയുടെ കാലമായി. സ്വർണമണിയാതെയും പൊന്നു വിൽക്കാതെയും ജീവിതം സാധ്യമാകുമെന്ന വെളിപാടുണ്ടായത് പെട്ടെന്നായിരുന്നു. ആൽഫ്രഡ് ഹിച്ച്‌കോക് പണ്ടു പൊട്ടിച്ച കറുത്ത ഫലിതം ഓർമ വരുന്നു: 'കൊല നടത്താതെയും മനുഷ്യനു കഴിഞ്ഞുകൂടാം.' പൊന്നില്ലാതെയും ലോകം മുന്നേറും. അനിവാര്യതയും അനുപേക്ഷണീയതയും ഒന്നിന്റെയും ആരുടെയും ജന്മാവകാശമല്ല.
നമുക്ക് വേണ്ടാത്തത് അനുഭവിച്ചുപോരുന്ന പ്രവണത ഒന്നു രണ്ടു കാര്യങ്ങളിൽ ഒതുങ്ങുന്നതല്ല. ഭീമാകാരമായ വ്യാപാര മന്ദിരങ്ങൾ ഒരുക്കിയാണ് നമ്മൾ പ്രൗഢിയും ദൗർബല്യവും തെളിയിക്കുന്നത്. മാൾ ആയിരിക്കുന്നു ഒരു നഗരത്തിന്റെ മാനബിന്ദു. ലക്ഷക്കണക്കിനു മീറ്റർ വിസ്തീർണമുള്ള മൂന്നോ നാലോ മാൾ ഇല്ലാതെ ഒരു നഗരത്തിന്റെ മാനം പോറ്റാൻ പറ്റില്ല. സന്ദർശകരുടെ പ്രളയം മാളിലേക്കു നീങ്ങിയാലേ അതിന്റെയും അവരുടെയും നിലനിൽപ് അന്തസ്സുള്ളതാകൂ. ആവശ്യമുള്ള സാധനങ്ങൾ തേടി കണ്ടെത്തുകയല്ല, മാളിൽ കാഴ്ചക്കു വെച്ചിട്ടുള്ള സാധനങ്ങൾക്ക് ഉപയോഗം കണ്ടെത്തുകയാണ് നമ്മൾ പതിവ്. അതു തടഞ്ഞ് അവശ്യ സാധനങ്ങളും സേവനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രം തുറന്നാൽ മതി എന്ന നിബന്ധന വന്നപ്പോൾ ആർക്കും എതിർപ്പുണ്ടായില്ല. മാൾ ഇല്ലാതെയും അസ്തിത്വം സാധ്യമാകും എന്നു തന്നെ അതിനർഥം.
ഈ പോക്ക് എങ്ങോട്ടാകാം? നാലപ്പാട് പണ്ട് ചോദിച്ചില്ലേ, 'നരൻ ക്രമാൽ തന്റെ ശവം ചവിട്ടി പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?' അത്യന്തം ആവശ്യമായ സാധനങ്ങൾ കൊണ്ട് തൃപ്തിപ്പെടുക, തീർത്തും വേണ്ടാത്തതെല്ലാം വർജിക്കുക -ഇതായിരിക്കണം വികസന മന്ത്രം എന്നു വിശ്വസിക്കുന്ന ഒരു വിഭാഗത്തെ നമുക്കറിയാം. ഗാന്ധി അവരിൽ പെട്ടിരുന്നു.
പക്ഷേ ആ മന്ത്രവും തന്ത്രവും നമുക്ക് പഥ്യമായില്ല. വർധമാനമായ ഉൽപാദനവും ഉപഭോഗവുമാണ് വികസനത്തിന്റെയും ആഹഌദത്തിന്റെയും കാരണവും കാര്യവും എന്ന നിലപാടായി നമ്മുടെ ധർമസംഹിത. അതിൽ തൽക്കാലത്തേക്കാണെങ്കിലും ഒരു വിള്ളൽ വരുത്തിയിരിക്കുന്നു കൊറോണ. നിവൃത്തിയില്ലാതെയാണെങ്കിലും വേണ്ടാത്തതൊന്നും വാങ്ങാതെ ജീവിതം നയിക്കാമെന്ന വിശ്വാസം നമ്മളിൽ ഉദിച്ചിരിക്കുന്നോ? ചിലർ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയെങ്കിലും മദ്യമില്ലാതെയും ജീവിതം തുടരാമെന്ന് തെളിയിക്കാൻ കൊറോണക്കാലം സഹായകമായിരിക്കുന്നു.
രണ്ടു മൂന്നു മാസമായി ലോകചിന്തയെ വശപ്പെടുത്തിനിൽക്കുന്ന കൊറോണയുടെ ഉത്ഭവത്തെയും വ്യാപനത്തെയും പറ്റിയുള്ള നിഗമനങ്ങളും വൈരുധ്യഭംഗി നിറഞ്ഞതു തന്നെ. ആദ്യം കേട്ടു, മനുഷ്യ സംസ്‌കാരത്തെ കുഴിവെട്ടി മൂടാൻ പോന്നതാണ് കൊറോണ. രൂപമറിയാത്ത അജയ്യനായ ശത്രുവായി ഒരാൾ അതിനെ വിശേഷിപ്പിച്ചു. പിലാത്തോസിനെ അനുകരിച്ച് 'കൈ കഴുകിയാൽ' പരിഹരിക്കാവുന്നതേയുള്ളുവെന്ന് വേറൊരു കൊറോണ വിദഗ്ധൻ സമാശ്വസിപ്പിച്ചു. ഏതു മാരിക്കും മരുന്നു കണ്ടെത്തുന്ന തിരുവനന്തപുരത്തെ ഒരു ആയുർവേദ വിദ്വാനും രംഗത്തെത്തി.
മഡഗാസ്്കറിലും സെനഗലിലും പ്രയോഗിച്ചു ഫലം കണ്ടതായി പറയുന്ന ആർടെമേഷ്യ ആനുവ എന്ന ചെടി കേരളത്തിലെ മരുന്നുകടകളിൽ എത്തിയിട്ടില്ലെന്നു തോന്നുന്നു. മലമ്പനിക്ക് കൊടുത്തിരുന്ന ഹൈഡ്രോക്‌സിക്ലോറോക്വിനും റെമെഡിസിവിർ എന്ന പുതിയൊരു രാസപരിഹാരവും കൊറോണയെ കീഴ്‌പ്പെടുത്താൻ സഹായിക്കുമെന്നൊരു വിശ്വാസം പുലർത്തുന്നവർ ഏറെ. ഒരു ഡോസിന് നാലായിരം ഡോളർ വില പറയുന്ന റെമെഡിസിവിന്റെ ഫലശ്രുതിയിൽ സംശയമുള്ളവരും ഇല്ലാതില്ല. പണമുണ്ടാക്കാൻ മരുന്നു കമ്പനികൾ കാട്ടിക്കൂട്ടുന്ന ക്രിയകളല്ലേ ഇതൊക്കെ എന്നു ശങ്കിക്കുന്നവരിൽ എന്നോളം പഴക്കമുള്ള പത്രപ്രവർത്തകനായ പി. രവീന്ദ്രൻ നായരും ഉൾപ്പെടും.
കൊറോണയുടെ വീര്യം വിലയിരുത്തുന്നതിലും അതിനോടുള്ള സമീപനം ക്രോഡീകരിക്കുന്നതിലും അഭിപ്രായ വ്യത്യാസം പടരുന്നു. ലോകാരോഗ്യ സംഘടനയുടെ വീക്ഷണത്തെയോ തന്റെ തന്നെ ഔദ്യോഗിക വൃന്ദം അവതരിപ്പിക്കുന്ന രോഗബാധയുടെയും മരണത്തിന്റെയും വിവരഗണിതം തള്ളിപ്പറയുന്നവരിൽ ഒരാളാണ് പ്രസിഡന്റ് ട്രംപ്.
കൊറോണ പോലുള്ള ഒരു രോഗം പടർന്നാൽ മനുഷ്യരാശി മലർന്നു കിടന്നു മോങ്ങുമെന്ന് അഞ്ചു കൊല്ലം മുമ്പ് ബിൽ ഗേറ്റ്‌സ് മുന്നറിയിപ്പു നൽകുകയുണ്ടായി. ഇപ്പോൾ മഹാമാരിയെ തുരത്താനുള്ള ഔഷധം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിനു വേണ്ട കോടികൾ അദ്ദേഹം അധ്യക്ഷനായുള്ള ഫൗണ്ടേഷൻ മുടക്കുന്നു.
സംശയം തോന്നുന്നുണ്ടോ? ഇല്ലെങ്കിൽ ഫ്േളാറിഡക്കാരനായ ആഡം ഫനിൻ എന്ന പുരോഹിതനോടു ചോദിക്കൂ. അന്തിക്രിസ്തു ആണ് ഗേറ്റ്‌സ് എന്നു വിശ്വസിക്കുന്നു ആഡം ഫനിൻ. അത്ര തന്നെ തീവ്രവാദിയല്ലെങ്കിലും ലോകത്തെ മുഴുവൻ ചിമിഴിലൊതുക്കിയിട്ടു വേണ്ട കൊറോണ തടയാൻ എന്നു യുക്തിയോടെ വാദിക്കുന്ന വൈദ്യ വിദഗ്ധരുമുണ്ട്, രവി പരിചയപ്പെടുത്തിയ ഡാരൻ ഷുൾട് എന്ന അമേരിക്കൻ ആരോഗ്യ ഗവേഷകനെപ്പോലെ.
ഒരു വിഷയം, ആയിരം വീക്ഷണം. പണ്ടാരോ പറഞ്ഞില്ലേ, സത്യമെന്നൊന്നില്ല. സത്യങ്ങളേയുള്ളൂ.