കോഴിക്കോട്- കൊച്ചി കാലടിയിലെ മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ചത് സംഘി ബുദ്ധികേന്ദ്രങ്ങളിൽനിന്നുള്ള ടെസ്റ്റ് ഡോസ് മാത്രമാണെന്ന് എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ചത് അഞ്ചുപത്ത് മണ്ടന്മാരാണ് എന്ന് ആരെങ്കിലും വിചാരിക്കുന്നെങ്കിൽ, തങ്ങൾ ഇപ്പോഴും അരമണ്ടന്മാരായിക്കഴിയുകയാണെന്ന യാഥാർത്ഥ്യം സ്വയം തിരിച്ചറിയുന്നില്ല എന്നേ അർത്ഥമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംഘി ബുദ്ധികേന്ദ്രങ്ങളിൽ നിന്നുള്ള ടെസ്റ്റ്‌ഡോസ് മാത്രമാണ്. ബസവണ്ണയുടെയും അക്ക മഹാദേവിയുടെയും അല്ലമ പ്രഭുവിന്റെയും അരളയ്യയുടെയും കർണാടകം എങ്ങനെയാണ് ഈ വിധം ആയിത്തീർന്നതെന്ന് പഠിക്കുന്നവർക്ക് ഇത് മനസ്സിലാവും. ഇന്ത്യ എന്ന രാജ്യത്തിന്റെ ഏറ്റവും മൂല്യവത്തായ മതേതര സങ്കല്പത്തെയും ജനാധിപത്യ സൗന്ദര്യത്തെയും തുരങ്കം വെക്കുന്ന ഈ രാജ്യവിരുദ്ധരെ ആർക്കാണ് നേരെയാക്കാൻ കഴിയുക എന്നതിന്റെ ഉത്തരത്തെ അപേക്ഷിച്ച് മാത്രമാണ്, ഇന്ത്യ എന്ന രാജ്യത്തിന്റെ ഭാവിയും വർത്തമാനവും കുടികൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.