കൊച്ചി- കാലടിയിൽ ടൊവിനോ തോമസ് അഭിനയിക്കുന്ന മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ക്രിസ്ത്യൻ ദേവാലയത്തിന്റെ മാതൃകയിൽ നിർമ്മിച്ച സെറ്റ് പൊളിച്ച അഖില ഹിന്ദു പരിഷത്തിന്റെ അഞ്ച് പ്രവർത്തകർക്കെതിരെയാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്.
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സെറ്റാണ് തകർത്തത്. കോവിഡ് കാരണം ഷൂട്ടിംഗ് മുടങ്ങിയതോടെയാണ് ഷൂട്ടിംഗ് നീണ്ടുപോയത്. സർക്കാറിന്റെ അനുമതിയോടെയാണ് സെറ്റ് നിർമ്മിച്ചിരുന്നത്. അതിനിടെ, മിന്നൽ മുരളി സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ് ദൾ പൊളിച്ചുകളഞ്ഞതിനെതിരെ കാലടി ശിവരാത്രി സമിതിയും പരാതി നൽകിയിരുന്നു. തങ്ങളുടെ അനുമതി വാങ്ങിയ ശേഷമാണ് സെറ്റ് നിർമ്മിച്ചതെന്നും വർഗീയവൽക്കരിക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്നും കാലടി ശിവരാത്രി സമിതി പറഞ്ഞു.