Sorry, you need to enable JavaScript to visit this website.

സൗദി സമ്പദ്‌വ്യവസ്ഥ സുദൃഢം -ധനമന്ത്രി 

റിയാദ് - സൗദി സമ്പദ്‌വ്യവസ്ഥ സുശക്തമാണെന്നും വരുമാനത്തിലെ ഇടിവും ബജറ്റ് കമ്മിയും സ്വാംശീകരിക്കാൻ സൗദി സമ്പദ്‌വ്യവസ്ഥക്ക് സാധിക്കുമെന്നും ധനമന്ത്രിയും ആക്ടിംഗ് സാമ്പത്തിക, ആസൂത്രണ മന്ത്രിയുമായ മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. കടുത്ത സമ്മർദത്തിനും പൊതുചെലവുകൾ കുറക്കേണ്ട ശക്തമായ ആവശ്യം നിലനിൽക്കുന്നതിനിടെയും കൊറോണ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ വഴക്കത്തോടെയും പ്രൊഫഷനിലസത്തോടെയും കൈകാര്യം ചെയ്യാൻ സൗദി സമ്പദ്‌വ്യവസ്ഥക്ക് കഴിയും. 


പരിധിയില്ലാത്ത പിന്തുണയാണ് ധനമന്ത്രാലയത്തിന് ഭരണാധികാരികൾ നൽകുന്നത്. കൊറോണ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് സർക്കാർ അടിയന്തര തീരുമാനങ്ങളെടുത്തിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥക്ക് സംരക്ഷണം നൽകുന്ന പദ്ധതികൾ സർക്കാർ അംഗീകരിക്കുകയും സ്വകാര്യ മേഖലക്കും സ്ഥാപനങ്ങൾക്കും സൗദി സമൂഹത്തിലെ കുറഞ്ഞ വരുമാനക്കാർക്കും നിക്ഷേപകർക്കുമൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. കൊറോണ വൈറസ് നേരിടുന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തോടുള്ള ഉത്തരവാദിത്തവും പ്രതിജ്ഞാബദ്ധതയും സൗദി അറേബ്യ പൂർണ തോതിൽ പ്രകടിപ്പിച്ചിട്ടുണ്ട്. 
സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടന്ന അസാധാരണ ജി-20 ഉച്ചകോടിയിൽ ഇക്കാര്യം പ്രകടമായി. മഹാമാരിയുടെ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ധനനയങ്ങളുടെ ഭാഗമായി ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഏഴു ട്രില്യൺ ഡോളറിലേറെ പമ്പ് ചെയ്യുന്നതിന് ഉച്ചകോടി ശുപാർശ ചെയ്തു. 

കൊറോണ രോഗനിർണയ ഉപകരണങ്ങളും ചികിത്സകളും പ്രതിരോധ മരുന്നുകളും വികസിപ്പിക്കുന്നതിന് ആവശ്യമായ ധനസഹായത്തിലെ വിടവ് ആയ 800 കോടി ഡോളർ നികത്തുന്നതിന് സൗദി അറേബ്യ ആഹ്വാനം ചെയ്യുകയും ഇതിലേക്ക് രാജ്യം 50 കോടി ഡോളർ സംഭാവന നൽകുകയും ചെയ്തു. 


സൗദി ഭരണകൂടം ഈ മഹാമാരിയെ നിശ്ചയദാർഢ്യത്തോടും ശക്തിയോടും കൂടി അഭിമുഖീകരിച്ചു. സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷക്ക് ഏറ്റവും വലിയ മുൻഗണന നൽകി. സൗദി പൗരന്മാരുടെയും വിദേശികളുടെയും അടിസ്ഥാന ആവശ്യങ്ങളും ആരോഗ്യ മേഖലക്ക് ആവശ്യമായ വിഭവങ്ങളും ലഭ്യമാക്കുന്നതിന് സർക്കാർ കഠിന പ്രയത്‌നം നടത്തുകയും ചെയ്തു. കൊറോണ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ഏറ്റവുമധികം ബാധിച്ച വിഭാഗങ്ങൾക്ക് സാമ്പത്തിക, ധന പിന്തുണകളും സഹായങ്ങളും നൽകി. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പൊതുധന വിനിയോഗത്തിന്റെ മുൻഗണനാക്രമം പുനഃക്രമീകരിച്ചതായും മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. 

 

Latest News