കണ്ണൂര്‍- സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. പൊതുവിദ്യഭ്യാസ ഡയരക്ടര്‍ കെ.വി. മോഹന്‍ കുമാറാണ് പതാക ഉയര്‍ത്തിയത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സന്നിഹിതനായിരുന്നു. നദികളുടെ പേരിട്ട 20 വേദികളിലേക്കു കലാകേരളം ഒഴുകിയെത്തുകയായി. വൈകിട്ട് നാലിനു പ്രധാനവേദിയായ പോലീസ് മൈതാനത്തെ നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. 2.30നാണ് ഘോഷയാത്ര.
232 ഇനങ്ങളില്‍ 12,000 വിദ്യാര്‍ഥികള്‍ മത്സരിക്കും. സമാപന സമ്മേളനം 22നു വൈകിട്ട് നാലിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കലോല്‍സ നടത്തിപ്പിനായി സര്‍ക്കാര്‍ വകയിരുത്തിയത് 2.10 കോടിരൂപയാണ്. കറന്‍സിയായി വിദ്യാഭ്യാസവകുപ്പിന്റെ കൈവശമുള്ളത് 33 ലക്ഷംരൂപമാത്രം. 20 കമ്മറ്റികള്‍ക്കും വേണ്ട പണം ഡിഡിയുടെ അക്കൗണ്ടിലേക്ക് വിദ്യാഭ്യാസവകുപ്പ് കൈമാറിയിട്ടുണ്ട്. പക്ഷേ,വിതരണത്തിന് നോട്ടു കിട്ടാനില്ല എന്ന പ്രശ്‌നമുണ്ട്.
കലോല്‍സവത്തില്‍ ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് 2000 രൂപയാണ് സമ്മാനം. 1600 രൂപ രണ്ടാംസ്ഥാനക്കാരനും 1200 രൂപ മൂന്നാംസ്ഥാനക്കാരനും ലഭിക്കും. 232 മത്സര ഇനങ്ങളുള്ളതില്‍ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള 4,64,000 രൂപയുള്‍പ്പെടെ 11 ലക്ഷം രൂപ സമ്മാനത്തിനായി മാത്രം കണ്ടെത്തണം.
പങ്കെടുക്കുന്ന കുട്ടികളോടെല്ലാം ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് അക്കൗണ്ടില്ലെങ്കില്‍ രക്ഷകര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് സമ്മാനത്തുക കൈമാറും. ഇതിനു മാത്രമായി ഒരു പ്രത്യേക വിഭാഗവും രൂപീകരിച്ചിട്ടുണ്ട്.