Sorry, you need to enable JavaScript to visit this website.

ഉദാരമതികളുടെ സഹായത്തോടെ 184 വിദേശി തടവുകാർക്ക് മോചനം

റിയാദ് - ഉദാരമതികളുടെ സഹായത്തോടെ 184 വിദേശി തടവുകാർക്ക് മോചനം സാധ്യമായതായി ജയിൽ വകുപ്പ് അറിയിച്ചു. സാമ്പത്തിക ബാധ്യതകളുടെ പേരിൽ ജയിലുകളിൽ കഴിയുന്ന സൗദികളുടെയും വിദേശികളുടെയും മോചനം ഉദാരമതികളുടെ സാമ്പത്തിക സഹായത്തോടെ സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജയിൽ വകുപ്പ് അടുത്തിടെ ആരംഭിച്ച 'ഫുരിജത്' സേവനം വഴി ഇതുവരെ 953 തടവുകാരുടെ സാമ്പത്തിക ബാധ്യതകളാണ് വീട്ടിയത്. ഇക്കൂട്ടത്തിൽ 769 പേർ സൗദികളാണ്. സൗദികളും വിദേശികളും അടക്കമുള്ള തടവുകാരുടെ 12,89,40,070 റിയാലിന്റെ ബാധ്യതകളാണ് പദ്ധതി വഴി തീർത്തത്. സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പുവരുത്തിയും സംഭാവനകൾ നൽകുന്നവരുടെയും ഉപയോക്താക്കളുടെയും സ്വകാര്യത സംരക്ഷിച്ചുമാണ് പദ്ധതി വഴി സംഭാവനകൾ സമാഹരിച്ച് തടവുകാരുടെ മോചനം സാധ്യമാക്കുന്നത്. 


സാമൂഹിക സഹവർത്തിത്വത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മഹിതമായ മൂല്യങ്ങളിൽ ഊന്നിയുള്ള ലക്ഷ്യങ്ങൾ 'ഫുരിജത്' സേവനം നേടിയതായി ജയിൽ വകുപ്പ് പറഞ്ഞു. 'ഫുരിജത്' സേവനത്തിന്റെ പരിഷ്‌കരിച്ച രണ്ടാമത് പതിപ്പ് പുറത്തിറക്കിയതോടനുബന്ധിച്ച് റമദാൻ 14 ന് ആരംഭിച്ച കാമ്പയിനിടെ തടവുകാരുടെ മോചനം സാധ്യമാക്കുന്നതിന് സംഭാവനകൾ നൽകി പൊതുസമൂഹം വലിയ തോതിൽ പ്രതികരിച്ചു. സൗദി സമൂഹത്തിൽ അന്തർലീനമായ ഔദാര്യവും ഉദാരതയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. 
സാമ്പത്തിക ബാധ്യതകളുടെ പേരിൽ ജയിലുകളിൽ കഴിയുന്നവരുടെ മോചനത്തിന് വർഷം മുഴുവൻ 'ഫുരിജത്' സേവനം വഴി സംഭാവനകൾ നൽകാൻ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി സൗദികൾക്കും വിദേശികൾക്കും 'ഫുരിജത്' സേവനത്തിലേക്ക് സംഭാവനകൾ നൽകാവുന്നതാണ്. 'ഫുരിജത്' സേവനത്തിന് ഓൺലൈൻ സ്റ്റോറുകളിൽ ആപ്പ് ഇല്ലെന്നും ജയിൽ വകുപ്പ് വ്യക്തമാക്കി. 


പദ്ധതി പ്രയോജനപ്പെടുത്താൻ അർഹരായ തടവുകാരുടെ വിവരങ്ങളും ഇവരുടെ പേരിലുള്ള സാമ്പത്തിക ബാധ്യതകളും 'ഫുരിജത്' സേവനത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽനിന്ന് തങ്ങൾ പ്രത്യേകം നിർണയിക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ പൂർണമായി തീർക്കുന്നതിന് ആവശ്യമായ സംഭാവനകൾ നൽകുന്നതിനും ഭാഗികമായി സംഭാവനകൾ നൽകുന്നതിനും തടവുകാരുടെ മോചനത്തിന് പൊതുവിൽ സംഭാവനകൾ നൽകുന്നതിനും 'ഫുരിജത്' സേവനം അവസരമൊരുക്കുന്നു. എത്ര നാമമാത്രമായ തുകയും എത്ര വലിയ തുകയും തടവുകാരുടെ മോചനത്തിനു വേണ്ടി 'ഫുരിജത്' സേവനം വഴി സംഭാവന ചെയ്യാവുന്നതാണ്. കൊള്ള, കവർച്ച, തട്ടിപ്പുകൾ അടക്കമുള്ള ക്രിമിനൽ കേസുകളുടെ പേരിലുള്ള തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ 'ഫുരിജത്' സേവനം വഴി തീർക്കില്ല. 
 

Latest News