കൊച്ചി- കാലടി മണപ്പുറത്ത് ടൊവിനോ തോമസ് അഭിനയിക്കുന്ന മിന്നൽ മുരളി എന്ന സിനിമക്ക് വേണ്ടിയിട്ട സെറ്റ് സംഘ് പരിവാർ സംഘടന പൊളിച്ചുനീക്കി. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് പ്രവർത്തകരാണ് സെറ്റ് പൊളിച്ചത്. കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ ,ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ തന്നെ പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും യാചിച്ച് ശീലമില്ലാത്തതുകൊണ്ടാണ് പൊളിച്ച് കളഞ്ഞതന്നും ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഹരിപാലോട് പറഞ്ഞു.
ക്ഷേത്രത്തിന് മുന്നിൽ സെറ്റിട്ടതാണ് പൊളിക്കാൻ കാരണമെന്നും ഇവർ പറയുന്നു. സ്വാഭിമാനം സംരക്ഷിക്കണമെന്നും സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗദൾ പ്രവർത്തകർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും ഹരി പാലോട് ഫെയ്‌സ്ബുക്കിൽ പറഞ്ഞു. രാഷ്ട്രീയ ബജ്‌റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിന്റെ നേതൃത്വത്തിലായിരുന്നു പൊളിച്ചുമാറ്റൽ.
അക്രമണത്തിനെതിരെ നടൻ അജുവർഗീസ് രംഗത്തെത്തി. മിന്നൽ മുരളി എന്നചിത്രത്തിനു വേണ്ടി ലക്ഷങ്ങൾ മുടക്കി ഒരു നിർമാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കിയ ഒരു സെറ്റ് പൊളിച്ചുമാറ്റിയത് ഞെട്ടലുണ്ടാക്കിയെന്ന് അജു വർഗീസ് പറഞ്ഞു.