റിയാദ് - ലോകത്തെയാകെ പിടിച്ചുകുലുക്കിയ കൊറോണ പെരുന്നാള്‍ ആഘോഷങ്ങളുടെ പൊലിമ കുറച്ചു. വിശ്വാസികളുടെ മനസ്സുകളില്‍ തീരാവേദനയും വിങ്ങലും ബാക്കിയാക്കിയാണ് ഇത്തവണ പുണ്യമാസം വിടപറഞ്ഞത്. കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കിയ സമ്പൂര്‍ണ കര്‍ഫ്യൂ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ കാരണം പെരുന്നാള്‍ ആഘോഷങ്ങളുടെ നിറംമങ്ങി.
സൗദിയില്‍ ബുധനാഴ്ച അര്‍ധരാത്രി വരെ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബ സംഗമങ്ങളും അല്ലാത്തതുമായ മുഴുവന്‍ ഒത്തുചേരലുകളും വിലക്കി. ഒരേ താമസസ്ഥലത്ത് കഴിയുന്നവര്‍ ഒഴികെ, അഞ്ചും അതില്‍ കൂടുതലും ആളുകള്‍ കൂട്ടംചേരുന്നതിന് വിലക്കുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് ഭീമമായ തുക പിഴയും തടവും അടക്കമുള്ള ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.
സൗദിയില്‍ വിശുദ്ധ ഹറമും മദീന മസ്ജിദുന്നബവിയും ഒഴികെ മറ്റു മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നില്ല. ശക്തമായ ആരോഗ്യ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ സ്വീകരിച്ച് ഹറമിലും മസ്ജിദുന്നബവിയിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിന് തിരുഗേങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കുകയായിരുന്നു. ഇരു ഹറമുകളിലെയും ജീവനക്കാര്‍ ഒഴികെ, പുറത്തു നിന്നുള്ളവര്‍ പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനും അനുമതിയുണ്ടായിരുന്നില്ല.
നൂറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കാത്ത ഈദുല്‍ ഫിത്‌റിന് ലോകം സാക്ഷ്യം വഹിക്കുന്നത്. വിശുദ്ധ റമാനുമായും പെരുന്നാളുമായും ബന്ധപ്പെട്ട നിരവധി പതിവുകളും ആചാരങ്ങളും പാരമ്പര്യങ്ങളും ഇത്തവണ ഉപേക്ഷിക്കുന്നതിന് വിശ്വാസികളഅ# നിര്‍ബന്ധിതരായി. പെരുന്നാള്‍ നമസ്‌കാരം, മസ്ജിദുകളിലും ഈദ് ഗാഹുകളിലും കൂട്ടംചേര്‍ന്നുള്ള തക്ബീര്‍ മുഴക്കല്‍, കുടുംബ ഒത്തുചേരലുകള്‍, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കല്‍, കുട്ടികള്‍ക്കുള്ള പെരുന്നാള്‍ മിഠായി വിതരണം, പെരുന്നാള്‍ സമ്മാനമെന്നോണുള്ള പൈസ വിതരണം എന്നിവ അടക്കം പെരുന്നാളിന്റെ മതപരവും സാമൂഹികവുമായ അടയാളങ്ങളെല്ലാം ഇത്തവണ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളെന്നോണം അപ്രത്യക്ഷമായി. ഈദ് ഗാഹുകളിലും മസ്ജിദുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ പരസ്പരം ആശ്ലേഷിച്ചും ആലിംഗനം ചെയ്തും സ്‌നേഹ പ്രകടനങ്ങള്‍ നടത്തുന്നതും പതിവാണെങ്കിലും ഇത്തവണ ഇത്തരം ചടങ്ങുകളൊന്നുമുണ്ടായില്ല.
പെരുന്നാള്‍ ദിവസവും വിശ്രമമില്ലാതെ കര്‍മനിരതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ക്കും മറ്റു സേവന മേഖലകളിലെ ജീവനക്കാര്‍ക്കും സന്നദ്ധസേവകര്‍ക്കും അല്‍ജൗഫ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ നവാഫ് രാജകുമാരന്റെ വക പ്രാതല്‍ വിതരണം. പെരുന്നാള്‍ ആഘോഷത്തില്‍ എല്ലാവരെയും പങ്കാളികളാക്കാന്‍ ശ്രമിച്ച് സകാക്കയിലും അല്‍ജൗഫ് പ്രവിശ്യയിലെ മറ്റു നഗരങ്ങളിലും ജോലി സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സന്നദ്ധസേവകര്‍ക്കും ഗവര്‍ണര്‍ മുന്‍കൈയെടുത്ത് പ്രാതല്‍ പേക്കറ്റുകള്‍ വിതരണം ചെയ്തത്.
കൊറോണ വ്യാപനം തടയുന്നതിന് കര്‍മനിരതരായി ഫീല്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാവര്‍ക്കും ഫൈസല്‍ ബിന്‍ നവാഫ് രാജകുമാരന്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. കൊറോണ വ്യാപനം തടയുന്നതിന് വ്യത്യസ്ത വകുപ്പുകള്‍ക്കു കീഴിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമങ്ങളെ ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു. രോഗവ്യാപനം തടയുകയും സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സംരക്ഷണം നല്‍കുകയും സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന യഥാര്‍ഥ നായകരാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം ഫീല്‍ഡ് സേവനം നടത്തുന്ന ഉദ്യോഗസ്ഥരെന്ന് ഫൈസല്‍ ബിന്‍ നവാഫ് രാജകുമാരന്‍ പറഞ്ഞു. കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്ന സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും അല്‍ജൗഫ് ഗവര്‍ണര്‍ നന്ദി പറഞ്ഞു.