Sorry, you need to enable JavaScript to visit this website.

വൈറസ് നല്‍കുന്നത് വലിയ പാഠങ്ങളെന്ന് ഉണര്‍ത്തി ഇരു ഹറമുകളിലും ഈദ് നമസ്‌കാരം

മക്ക - സൗദിയില്‍ വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടന്നു. ജീവനക്കാരും ഇമാമുമാരും മുഅദ്ദിനുകളും അടക്കം വളരെ കുറച്ചാളുകള്‍ മാത്രമാണ് ഇരു ഹറമുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്തത്.
റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ ഹുമൈദ് വിശുദ്ധ ഹറമില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എക്കാലവും നിലനില്‍ക്കില്ല എന്നത് അല്ലാഹുവിന്റെ വിശ്വാസികളോടുള്ള കാരുണ്യവും അനുകമ്പയും ദൈവീക യുക്തിയുമാണ്. രാത്രിക്ക് പിന്നാലെ പ്രഭാതം പൊട്ടിവിടരുക തന്നെ ചെയ്യും. ക്ഷമയും സഹനവും ആരാധനാ കര്‍മമാണ്. അല്ലാഹുവിന്റെ വിധികളിലുള്ള തൃപ്തി വിശ്വാസവുമാണ്. പ്രാര്‍ഥനകള്‍ പ്രയാസങ്ങള്‍ നീക്കും.
മനുഷ്യന്‍ എത്രമാത്രം ദുര്‍ബലനാണെന്ന് കൊറോണ മഹാമാരി തുറന്നുകാട്ടി. സമ്പത്ത് കൊറോണബാധ തടയില്ല. ദുര്‍ബലമായ ഒരു വൈറസ് ലക്ഷക്കണക്കിനാളുകളുടെ മരണത്തിന് ഇടയാക്കി. ആളുകളെ ബന്ദികളാക്കാനും അതിര്‍ത്തികള്‍ അടക്കാനും സര്‍വീസുകള്‍ നിര്‍ത്തിവെക്കാനും ഇത് ഇടയാക്കി. വന്‍ ശക്തികള്‍ക്കുപോലും ഈ ദുര്‍ബല വൈറസിനെ തോല്‍പിക്കാന്‍ സാധിച്ചില്ല.
ആളുകളെ അശ്രദ്ധയില്‍ നിന്ന് ഉണര്‍ത്തുകയും തങ്ങളുടെ അശക്തിയും ദുര്‍ബലതയും ബോധ്യപ്പെടുത്തുകയും ഏകനും സര്‍വശക്തനുമായ അല്ലാഹുവിനെ കുറിച്ച് സൂചിപ്പിക്കുകയുമാണ് വൈറസ് ചെയ്തത്. പരീക്ഷണങ്ങള്‍ക്കിടെ തന്റെ രക്ഷിതാവുമായുള്ള ബന്ധം പുനഃപരിശോധിക്കുകയും അല്ലാഹുവില്‍ ഭരമേല്‍പിക്കുകയുമാണ് അടിമ വേണ്ടത്. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകാനും സാമൂഹിക, സാമ്പത്തിക അച്ചടക്ക മേഖലകളിലും മറ്റും നിരവധി നേട്ടങ്ങള്‍ക്കും കൊറോണ മൂലമുള്ള നിയന്ത്രണങ്ങള്‍ സഹായിച്ചതായും ഡോ. സ്വാലിഹ് ബിന്‍ ഹുമൈദ് പറഞ്ഞു. മസ്ജിദുന്നബവിയില്‍ ഇമാമും ഖതീബുമായ ശൈഖ് അബ്ദുല്ല അല്‍ബഈജാന്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
സൗദിയില്‍ വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് നടത്തിയ പെരുന്നാള്‍ നമസ്‌കാരത്തിന്റെ ദൃശ്യങ്ങള്‍ ആളുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പെരുന്നാള്‍ ആഘോഷവും സന്തോഷവും ആളുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. സൗദിയിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ വിലക്കിയിരുന്നെങ്കിലും പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ തക്ബീര്‍ മുഴക്കുന്നതിന് ഇസ്‌ലാമികകാര്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

ക്യാപ്.
വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും നടന്ന പെരുന്നാള്‍ നമസ്‌കാരങ്ങള്‍.

 

Latest News