കൊല്ലം- ഭാര്യയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊല്ലാമെന്ന ആശയം അടൂര്‍ സ്വദേശി സൂരജിന് കിട്ടിയത് എങ്ങനെയാണ്? റൂറല്‍ എസ്.പി ഹരിശങ്കര്‍ പറയുന്നത് പാമ്പുകളുടെ മേഖല സൂരജിന് ഏറെ ഇഷ്ടമായിരുന്നു എന്നതാണ്.
പാമ്പുപിടിത്തക്കാരനായ സുരേഷ് ചങ്ങാതിയാണ്. ഇയാളില്‍നിന്നാണ് രണ്ടുതവണയും പാമ്പിനെ വാങ്ങിയത്. സുരേഷ് കൈകാര്യം ചെയ്യുന്നതുപോലെ തന്നെ സൂരജിന് പാമ്പിനെ കൈകാര്യം ചെയ്യാന്‍ കഴിയും. ആര്‍ക്കും സംശയം തോന്നാത്ത മരണമാക്കാന്‍ ഇത് നല്ലതാണെന്ന് സൂരജിന് തോന്നി.
എന്നാല്‍ രണ്ടാം തവണയും ഇതേശ്രമം വിജയിച്ചതാണ് സൂരജിന് വിനയായത്.
ആദ്യം കടിപ്പിച്ചത് അണലിയെക്കൊണ്ടായിരുന്നു. കഷ്ടിച്ചാണ് ഉത്ര ഇതില്‍നിന്ന് രക്ഷപ്പെട്ടത്. പിന്നീട് വിഷം കൂടിയ ഇനമായ കരിമൂര്‍ഖനെ ഉപയോഗിച്ചു.
ആദ്യതവണ ഉത്രയെ പാമ്പു കടിച്ച കാര്യം സുരേഷിന് അറിയാം. രണ്ടാം തവണ പാമ്പിനെ വാങ്ങുന്നതു ഇതിനാണെന്നും അറിയാമായിരുന്നു. അതിനാല്‍ കൊലപാതകം സുരേഷിന്റെ അറിവോടെയാണെന്ന് എസ്.പി പറഞ്ഞു.
കുടുംബാംഗങ്ങള്‍ അടക്കം മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം തുടര്‍ അന്വേഷണത്തില്‍ വ്യക്തമാകും. പാമ്പിനെ അനധികൃതമായി കൈകാര്യം ചെയ്തതിനും വിറ്റതിനും വന്യജീവി നിയമപ്രകാരവും കേസെടുക്കും. ഇക്കാര്യം വനം അധികൃതര്‍ക്ക് കൈമാറും.
സങ്കീര്‍ണമായ കേസാണിത്. കോടതിയില്‍ തെളിയിക്കാന്‍ പോലീസ് ഏറെ നന്നായി അധ്വാനിക്കേണ്ടി വരും. പരമാവധി തെളിവ് ശേഖരിക്കാനും അവ പരസ്പരം ബന്ധിപ്പിക്കാനുമാണ് ശ്രമം.