തലയില്‍ ചക്ക വീണ് ചികിത്സ തേടിയ 43 കാരന് കോവിഡ്

കണ്ണൂര്‍- തലയില്‍ ചക്ക വീണ് പരിക്കേറ്റ് ചികിത്സക്കെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  പരിയാരം മെഡിക്കല്‍ കോളേജിലാണ് സംഭവം.  കാസര്‍കോട് ജില്ലയിലെ ബേളൂര്‍ സ്വദേശിയായ 43കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് രോഗ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. വിദേശത്ത് നിന്ന് എത്തിയവരുമായോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും പറയുന്നു.  
മറ്റു രോഗങ്ങള്‍ക്ക് പരിയാരത്ത് ചികിത്സ തേടി എത്തിയ രണ്ട് പേര്‍ക്ക് നേരത്തെ കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ മറ്റ് അസുഖങ്ങളുമായി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി  കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. മുന്‍കരുതലിന്റ ഭാഗമായാണ് ഇവരുടെ സ്രവം പരിശോധനക്കയച്ചതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

പേരാവൂരിനടുത്ത് വാഹനപകടത്തില്‍ പരിക്കേറ്റ് ് ചികിത്സ തേടിയ പുതുച്ചേരി സ്വദേശിക്കും പ്രസവ ചികിത്സക്കെത്തിയ അയ്യങ്കുന്നിലെ ആദിവാസി യുവതിക്കുമാണ് നേരത്തെ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

 

Latest News