Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രതിസന്ധികളിൽ തളരുന്നവർക്ക്  കരുത്തേകുക -ഹൈദരലി തങ്ങളുടെ ഈദ് സന്ദേശം

മലപ്പുറം - പ്രതിസന്ധികളിൽ തളരുന്നവർക്ക് കരുത്തേകാനുള്ള പ്രവർത്തനങ്ങളിൽ മുഴുകാൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഈദുൽ ഫിത്വർ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. കോവിഡ് രോഗ വ്യാപനം സാമൂഹികമായ അകലം പാലിക്കാൻ നമ്മേ നിർബന്ധിതമാക്കുമ്പോഴും സമൂഹത്തിൽ ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ പ്രയാസപ്പെടുന്നവരെയും ഒറ്റപ്പെട്ടു കഴിയുന്നവരെയും കണ്ടെത്തി ചേർത്തുപിടിക്കുക എന്ന മാനുഷികമായ ഉത്തരവാദിത്തം നിറവേറ്റാൻ ബദ്ധശ്രദ്ധരാകണം. മുസ്ലിങ്ങളെ സംബന്ധിച്ചു രണ്ടു ആഘോഷങ്ങളിലൊന്നാണ് ഈദുൽ ഫിത്വർ. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം ജീവിതത്തിൽ നൽകിയ പരിവർത്തനത്തിന്റെ സന്തോഷ പ്രകടനവും സ്രഷ്ടാവിനോടുള്ള കൃതജ്ഞതയുമാണ് പെരുന്നാൾ ആഘോഷം. പക്ഷേ, ലോകം ഒരു മഹാരോഗത്തിന്റെ ഭീതിയിൽ കഴിയവേ ഈ പെരുന്നാൾ ആഘോഷം, ആശ്വസിപ്പിക്കലിന്റെയും പ്രാർഥനയുടെയും സുദിനമായിരിക്കണം.


മാസങ്ങൾ നീണ്ട ലോക്ഡൗണിനിടയിലാണ് വിശുദ്ധ റംസാനും പെരുന്നാളും സമാഗതമായത്. സമൂഹത്തിന്റെ ജീവതഘടനയിൽ ഐക്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും ഒരുമിച്ചു ജീവിക്കലിന്റെയും പ്രാർഥനാധന്യമായ രാപകലുകളുടെയും വ്രതനിഷ്ഠമായ കാലമാണ് കടന്നുപോകുന്നത്. ഉപജീവന മാർഗം നഷ്ടപ്പെട്ടും ആരോഗ്യം ക്ഷയിച്ചും കുടുംബത്തെയും ഭാവിയെയും കുറിച്ച് ആശങ്കാകുലരായും കഴിയുന്നവരാണ് നമുക്കുചുറ്റിലും ഏറെയുമുള്ളത്. നാട്ടിലും പ്രവാസ ലോകത്തുമായി ലക്ഷക്കണക്കിനു പേർ ഭീതിയുടെ നിഴലിലാണ്. ആരോഗ്യ പ്രവർത്തകരും നിയമപാലകരുമുൾപ്പെടെ അധികൃതരും എണ്ണമറ്റ സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളുമെല്ലാം സമാശ്വാസവുമായി രംഗത്തുണ്ട്. എങ്കിലും മഹാമാരി അനിയന്ത്രിതമയി തുടരുകയാണ്. നാട് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഭാവി തലമുറയുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പോലും അനിശ്ചിതത്വം നിലനിൽക്കുന്നു.


സമൂഹത്തിന്റെ കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ ഇതിനെല്ലാം പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ. പരസ്പരം സ്നേഹിച്ചും  ഐക്യപ്പെട്ടും അഭിപ്രായഭിന്നതകൾ മാറ്റിവച്ചും ഒരുമിച്ചു മുന്നേറുക. വിശുദ്ധ റംസാൻ നൽകിയ ജീവിത പാഠങ്ങൾ മാതൃകയാക്കി ഭാവിയെ ചിട്ടപ്പെടുത്തുക. ഭക്ഷണത്തിലും വേഷത്തിലും ദൈനംദിന കാര്യങ്ങളിലും ധൂർത്തും ആഡംബരവും വെടിഞ്ഞ് ലളിത ജീവിതം ശീലമാക്കുക. മറ്റുള്ളവരെ അറിഞ്ഞു സഹായിക്കുക. റംസാൻ പകർന്നു തന്ന ആത്മസംസ്‌കരണത്തിന്റെ ഊർജം സമൂഹത്തിന്റെ സർവതോമുഖമായ പുരോഗതിക്കായി പ്രയോജനപ്പെടുത്തുക. പൗരത്വമുൾപ്പെടെ മനുഷ്യാവകാശങ്ങൾ ഹനിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെ പ്രബുദ്ധസമൂഹം ഒറ്റക്കെട്ടായി നിൽക്കുക. 


ലോക്ഡൗൺ നിർദേശങ്ങൾ മാനിച്ചു ആഘോഷത്തിൽ മിതത്വം പാലിച്ച്, സാമൂഹിക സേവനങ്ങളിൽ വ്യാപൃതരാവുക. പാവപ്പെട്ടവർക്കാശ്രയമായി നിലകൊള്ളുക. സ്നേഹവും കരുണയും ചേർന്ന കരങ്ങളിൽ സമൂഹത്തെ ചേർത്തുപിടിക്കുക. ക്ഷേമൈശ്വര്യങ്ങൾക്കുള്ള പ്രാർഥനകളുമായി ഏല്ലാർക്കും മനസ്സു നിറഞ്ഞ ഈദ് ആശംസകൾ നേരുന്നതായും ഹൈദരലി തങ്ങൾ പറഞ്ഞു. 

 

Latest News