Sorry, you need to enable JavaScript to visit this website.

നികുതി പരിശോധന കർശനമാക്കുമെന്ന് വാണിജ്യ മന്ത്രാലയം

റിയാദിലെ വ്യാപാര സ്ഥാപനത്തിൽ സകാത്ത്, നികുതി അതോറിറ്റി ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്നു. 

റിയാദ്- പത്തു ദിവസത്തിനിടെ സകാത്ത്, നികുതി അതോറിറ്റി ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്കിടെ 421 സ്ഥാപനങ്ങളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. നികുതി രേഖകളും ഇൻവോയ്‌സുകളും സൂക്ഷിക്കാതിരിക്കൽ, മൂല്യവർധിത നികുതി ഈടാക്കാതിരിക്കൽ അടക്കമുള്ള നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളിൽ കണ്ടെത്തിയത്. 
മൂല്യവർധിത നികുതി അഞ്ചു ശതമാനത്തിൽനിന്ന് പതിനഞ്ചു ശതമാനമായി ഉയർത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതു മുതൽ കഴിഞ്ഞ ദിവസം വരെ വിവിധ പ്രവിശ്യകളിലെ 1,335 സ്ഥാപനങ്ങളിലാണ് വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് സകാത്ത്, നികുതി അതോറിറ്റി പരിശോധനകൾ നടത്തിയത്. മെയ് 11 നാണ് മൂല്യവർധിത നികുതി ഉയർത്താനുള്ള തീരുമാനം സൗദി അറേബ്യ പ്രഖ്യാപിച്ചത്. 


ജൂലൈ ഒന്നു മുതലാണ് 15 ശതമാനം വാറ്റ് നടപ്പാക്കുക. ഇത് കൃത്യമായും കണിശമായും പാലിക്കണമെന്ന് വ്യാപാര സ്ഥാപന ഉടമകളോട് അതോറിറ്റി ആവശ്യപ്പെട്ടു. നികുതി നിയമ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരുമെന്നും സകാത്ത്, നികുതി അതോറിറ്റി പറഞ്ഞു. ജൂലൈ ഒന്നിനു മുമ്പായി 15 ശതമാനം വാറ്റ് ഈടാക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് സകാത്ത്, നികുതി അതോറിറ്റി വെബ്‌സൈറ്റ് വഴിയോ ഏകീകൃത കോൾ സെന്ററായ 19993 ൽ ബന്ധപ്പെട്ടോ വാറ്റ് ആപ്പ് വഴിയോ ഉപയോക്താക്കൾ അറിയിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. 

 

 

Latest News